ADVERTISEMENT

തിരുവനന്തപുരം∙ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ അപേക്ഷ സമർപ്പിച്ചവരുടെ യോഗ്യതാ മാനദണ്ഡങ്ങളില്‍ ഭേദഗതി. ഇത് സംബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സ്‌റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സിയുടെ മൂന്നാമത് ഗവേണിങ് ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. കുട്ടികളെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ കുറഞ്ഞ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍നിന്ന് രണ്ടര ലക്ഷം രൂപയാക്കി.

അപേക്ഷകരുടെ  കുറഞ്ഞ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയാക്കിയിരുന്നതാണ് ഭൂരിഭാഗം പേരെയും അയോഗ്യരാക്കിയതെന്ന് കണ്ടെത്തലിനെ തുടർന്നാണ് മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താൻ തീരുമാനിച്ചത്. രണ്ടര ലക്ഷം രൂപയുടെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്ത അപേക്ഷകര്‍ 50 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബാധ്യതാ രഹിത ആസ്തി തെളിയിക്കുന്നതിനുള്ള രേഖകളും ആവശ്യമായ സോള്‍വന്‍സി ഉണ്ടെന്നുള്ള ഓഡിറ്റേഴ്‌സ് സ്‌റ്റേറ്റ്‌മെന്റും ഹാജരാക്കണം. 

നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളില്‍ വരുമാന പരിധിയുടെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജില്ല ശിശു സംരക്ഷണ ഓഫീസില്‍ ഹാജരാകേണ്ടതാണ്. ജില്ല അഡോപ്ഷന്‍ കമ്മിറ്റി സൂക്ഷ്മ പരിശോധന നടത്തി കുട്ടിയുടെ ഉത്തമ താത്പര്യം സംരക്ഷിക്കുന്നതിന് സാമ്പത്തികവും വൈകാരികവുമായ കഴിവുണ്ടെന്ന് ഉറപ്പ് വരുത്തും. ജില്ല അഡോപ്ഷന്‍ കമ്മിറ്റിയുടെ തീരുമാനങ്ങളിലുള്ള പരാതികള്‍ സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സിയുടെ മെമ്പര്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കണം.

നിരസിച്ച അപേക്ഷകരുടെ കൈയില്‍നിന്നും ഈടാക്കിയ അഡോപ്ഷന്‍ ഫീസ് അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സി വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ അക്കൗണ്ടിലേക്ക് മാറ്റേണ്ടതും നിരസിച്ച അപേക്ഷകര്‍ക്ക് ഫീസ് തിരിച്ചു നല്‍കുന്നതുമാണ്. ദത്തെടുക്കല്‍ താത്പര്യമുള്ള അപേക്ഷകര്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: Relaxation in Child Adoption rules in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com