ADVERTISEMENT

ബെംഗളൂരുവിലേക്ക് യാത്രപറഞ്ഞിറങ്ങിയ സഹപ്രവർത്തകർക്കുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിൽനിന്ന് എറണാകുളം കെഎസ്ആർടിസി ഡിപ്പോ ഇപ്പോഴും മോചിതമായിട്ടില്ല. പലരിലും ഒരു ഭീതി പടർന്നപോലെ. എന്നിട്ടും ആരും ജോലിക്കു മുടക്കമൊന്നും വരുത്തിയിട്ടില്ല. സഹപ്രവർത്തകർ മാത്രമല്ല, ഒരു കുടുംബം എന്ന പോലെ ജോലി ചെയ്യുന്നവർ. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വന്നിട്ടുള്ളവർക്കറിയാം അവിടുത്തെ തിരക്ക്. പലപ്പോഴും പരസ്പരം സംസാരിക്കാൻ പോലും സാധിക്കാത്തവർ. എന്നിരുന്നാലും മനസാഴത്തിൽ പരസ്പരബന്ധം സൂക്ഷിക്കുന്നവരാണു ഞങ്ങളുടെ ഡിപ്പോയിലുള്ളത്.

ഫെബ്രുവരി 20, ജീവിതത്തിൽ ഒരിക്കലും ആവർത്തിക്കരുതെന്ന് ആഗ്രഹിക്കുന്ന ദിവസം! മനസു പതറാതെ രണ്ടു ദിവസം എല്ലാത്തിനും എല്ലാവർക്കും ഒപ്പം നിൽക്കാൻ കഴിഞ്ഞത് പടച്ചവൻ തന്ന ബലത്തിലായിരുന്നു. എറണാകുളം കെഎസ്ആർടിസി ഡിടിഒ വി.എം. താജുദീൻ ദുരന്ത ദിവസത്തെക്കുറിച്ചു പറയുന്നത് ഇങ്ങനെ:

രാവിലെ നാലരയ്ക്കാണ് അപകടവിവരം അറിയുന്നത്. പാലക്കാട് ഡിപ്പോയിൽനിന്നായിരുന്നു വിളി. സംശയമെന്ന രീതിയിലായിരുന്നു അറിയിപ്പ്. ഗൗരവമാണു സംഗതിയെന്ന് ഒരിക്കലും കരുതിയില്ല. പക്ഷെ, രാവിലെ ആറുമണിക്കു വന്ന ഫോൺ വിളിയിൽ കാര്യങ്ങൾ ഏതാണ്ടു വ്യക്തമായിരുന്നു. ഉടനെ എംഡി എം.പി. ദിനേശിനെ വിളിച്ചു സ്ഥലത്തേക്കു പുറപ്പെടുകയാണെന്ന് അറിയിച്ചു. അപകടം ഗുരുതരമാണെന്ന വിവരം അദ്ദേഹത്തിനും ഇതിനകം ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ എത്രയും പെട്ടെന്നു പുറപ്പെട്ടോളാൻ അനുമതിയും നൽകി. ഈ സമയം തന്നെ ചാനലുകളും വാർത്ത ബ്രേക്ക് ചെയ്ത് തുടങ്ങിയിരുന്നു. എക്സിക്യൂട്ടീവ് ഡയറക്ടർ എം.ടി. സുകുമാരൻ, അസിസ്റ്റന്റ് വർക്സ് മാനേജർ ഹരികുമാർ എന്നിവർക്കൊപ്പം ജീപ്പിലായിരുന്നു യാത്ര.

avinashi-accident-n
അവിനാശിയിലെ അപകടത്തിൽ നിന്ന്

11 മണിക്കാണ് അപകട സ്ഥലത്ത് എത്തുന്നത്. പക്ഷേ ഇതിനകം പാലക്കാട് ഡിടിഒ ഉബൈദ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായി. ഒപ്പം പാലക്കാട്ടെ ഇൻസ്പെക്ടർമാരും. പിന്നാലെ മന്ത്രി സുനിൽകുമാർ, ഷാഫി പറമ്പിൽ എംഎൽഎ, പാലക്കാട് ജില്ലാ കലക്ടർ, എസ്പി, മന്ത്രി ശശീന്ദ്രൻ, കെഎസ്ആർടിസി എംഡി തുടങ്ങി തമിഴ്നാട് കലട്കറും പൊലീസുമെല്ലാം സ്ഥലത്തെത്തി. യൂണിയൻ നേതാക്കളും അവിടുത്തെ പാർട്ടി പ്രവർത്തകരുമായി കൊഓർഡിനേറ്റ് ചെയ്ത് രംഗത്തിറങ്ങിയതും കാര്യങ്ങൾ സുഗമമാക്കി.

അവിടെ എത്തുമ്പോൾ രക്ഷാ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായിരുന്നു. യുദ്ധഭൂമിയിലെന്നപോലെ രക്തവും മാംസക്കഷണങ്ങളും മനസിൽനിന്നു മായാത്ത കാഴ്ചയായി. സഹപ്രവർത്തകർക്കെന്ന പോലെ യാത്ര ചെയ്തവർക്കും സംഭവിച്ച ദുരന്തം ചില്ലറയൊന്നുമല്ല മനസിനെ അലട്ടിയത്. മരിച്ചവരെ തിരിച്ചറിയാൻ എത്തിയവരോട് എന്തു പറയുമെന്നറിയാതെ പലപ്പോഴും കുഴങ്ങി. പ്രിയപ്പെട്ടവർക്ക് ഒന്നും സംഭവിച്ചിട്ടുണ്ടാകരുതേ എന്ന പ്രാർഥനയോടെയാണു യാത്രക്കാരുടെ ബന്ധുക്കൾ സ്ഥലത്തേക്കു വരുന്നത്. കണ്ണുകളിൽ ബന്ധുക്കളെ തിരഞ്ഞു പെട്ടെന്ന് ഒരു നിമിഷം അരുതാത്തതു സംഭവിച്ചു എന്നു തിരിച്ചറിയുമ്പോൾ പൊട്ടിക്കരയുന്ന ബന്ധുക്കൾ. ആരോഗ്യത്തോടെയിരിക്കുന്നവരെ കാണുന്നവരുടെ ആഹ്ലാദം.

19 പേരുടെ മൃതദേഹം ഓരോന്നായി കണ്ടതാണ്. ഇതൊക്കെ ജീവിതത്തിലെ വലിയൊരു അനുഭവമാണെന്നാണു തിരിച്ചറിവ്. കെഎസ്ആർടിസി ജീവനക്കാരുടെ മാത്രമല്ല, ബസിൽ യാത്ര ചെയ്തിരുന്ന ഓരോ യാത്രക്കാരന്റെയും മൃതദേഹം കൊണ്ടു പോകുമ്പോൾ അവിടെയുണ്ടായിരുന്ന ഞങ്ങൾ ഓരോരുത്തരുടെ നെഞ്ചിൽനിന്നു വലിയ നിലവിളി ഉയരുന്നുണ്ടായിരുന്നു. അവസാന മൃതദേഹവും പോസ്റ്റ്മോർട്ടം കഴിഞ്ഞാണ് അവിടെനിന്നു മടങ്ങിയത്. ബസിൽ യാത്ര ചെയ്ത യാത്രക്കാരെയൊക്കെയും ഞങ്ങൾ സ്വന്തക്കാരായാണു കണ്ടത്. ഉന്നത ഉദ്യോഗസ്ഥർക്കൊപ്പംനിന്ന് പരമാവധി കുറ്റങ്ങളില്ലാതെ സാഹചര്യം കൈകാര്യം ചെയ്യാൻ സാധിച്ചു.

Tirupur Accident
അവിനാശിയിലെ അപകടത്തിൽ നിന്ന്

അവിടെ ചെന്നു കണ്ടതു വച്ചു നോക്കുമ്പോൾ രണ്ടു സർക്കാരുകളും തമ്മിൽ നല്ല േകാ–ഓർഡിനേഷനാണ് ഉണ്ടായത്. അവിടെ നിന്നുള്ള മന്ത്രിമാരും എംപിമാരും എല്ലാം വൈകുന്നേരം വരെ സ്ഥലത്തെത്തി കാര്യങ്ങൾ ചെയ്തു. ആശുപത്രിയോ ആംബുലൻസോ പണം വാങ്ങരുതെന്ന് അവിടുത്തെ സർക്കാരിന്റെ പ്രത്യേക നിർദേശമുണ്ടായിരുന്നു. അപകടവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളിൽ എത്തിയവർക്കും ചികിത്സ സൗജന്യമായി നൽകണമെന്ന് ഉത്തരവു കൊടുത്തിരുന്നു. അതും ഏറെ ഗുണകരമായി. എല്ലാവരും മികച്ച രീതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ് അന്നുതന്നെ മൃതദേഹങ്ങളെല്ലാം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി നാട്ടിൽ എത്തിക്കാൻ സാധിച്ചത്. ആർക്കും ഒരു പരാതിയില്ലാതെ എല്ലാം കൈകാര്യം ചെയ്യാനായതും രണ്ടു സർക്കാരുകളുടെയും കോ–ഓർഡിനേഷന്റെ മികവായി.

accident-tirupur
അവിനാശിയിലെ അപകടത്തിൽ നിന്ന്

പകരം വയ്ക്കാനാവാത്ത രണ്ടു പേർ

കെഎസ്ആർടിസിക്കു പകരം വയ്ക്കാനാവാത്ത രണ്ടു പേരെയാണു നഷ്ടമായത്. ജോലിയോടും പ്രസ്ഥാനത്തോടും ഇത്രയേറെ കൂറു കാണിച്ചിട്ടുള്ള ജോലിക്കാർ വളരെ കുറവാണ്. ഓരോ ഷെഡ്യൂളുകളും അത്ര നന്നായിട്ടാണ് ഇവർ കൈകാര്യം ചെയ്തിരുന്നത്. ഡ്യൂട്ടി സമയമല്ലെങ്കിലും ഡ്യൂട്ടി കഴിഞ്ഞും ജോലി ചെയ്യാൻ തയാറാകുന്നവരായിരുന്നു രണ്ടു പേരും. ഒരു തവണ വൈകിട്ട് വരാൻ ബാംഗ്ലൂരിൽ നിന്നു ബസില്ലാത്തതിനാൽ രാവിലെ ഇവിടെ നിന്നു പുറപ്പെട്ട് അവിടെ എത്തി അപ്പോൾ തന്നെ തിരികെ പുറപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരു യാത്ര പാടില്ലാത്തതാണെങ്കിലും യാത്രക്കാരോടും സ്ഥാപനത്തോടുമുള്ള ആത്മാർഥത അവർക്ക് അത്രയേറെയായിരുന്നു. ബസിലെ യാത്രക്കാരോടും അവർക്കുള്ള സൗഹൃദവും ആത്മാർഥതയും ഇതിനകം പലപ്പോഴും വാർത്തയായിട്ടുണ്ട്.

മൾട്ടി ആക്സിൽ ബസുകൾ ഓടിക്കുന്നവർ കുറവാണ്. അതുകൊണ്ടു തന്നെ ഇവരെ ട്രാൻസ്ഫറിൽനിന്ന് ഒഴിവാക്കി നിർത്തുന്നതായിരുന്നു പതിവ്. ഇതേ സർവീസും ബസും യാത്രക്കാരും സ്വന്തമെന്ന നിലയിലായിരുന്നു അവരും കൈകാര്യം ചെയ്തിരുന്നത്. ലീവുകളുടെ കാര്യത്തിൽ അവർ തന്നെ അഡ്ജസ്റ്റ് ചെയ്ത് എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകിയിരുന്നു. ബുക്കിങ് കാര്യവും മിക്കപ്പോഴും കൈകാര്യം ചെയ്തിരുന്നത് ഇരുവരുമായിരുന്നു. ആളുകൾ കൂടുതലുള്ള ദിവസവും കുറവുള്ള ദിവസവും നോക്കി യാത്രക്കാരെ അഡ്ജസ്റ്റ് ചെയ്ത് മറ്റൊരു ബസിൽ കയറ്റി വിടുകയും കൂടുതലുള്ള ദിവസം സർവീസ് മുടങ്ങാതെ നടത്തുന്നതിനു ശ്രദ്ധിക്കുകയും ചെയ്തിരുന്നതാണു പതിവ്. മരിച്ച രണ്ടു പേരിൽ ബൈജു ഐഎൻടിയുസി നേതാവും ഗിരീഷ് സിഐടിയു നേതാവുമായിരുന്നു. എന്നാൽ ഇതൊന്നും ജോലിയെയോ അവരുടെ സൗഹൃദത്തെയോ ബാധിച്ചിരുന്നില്ല. ജീവനക്കാരോടും രാഷ്ട്രീയ ഭേദമില്ലാതെ ഇടപഴകുന്നവരായിരുന്നു.

tirupur-accident
അവിനാശിയിലെ അപകടത്തിൽ നിന്ന്

സർവീസിനെ ബാധിക്കാതിരിക്കാൻ ശ്രദ്ധ

അവിനാശിയിൽ സംഭവിച്ച ദുരന്തം ജോലിക്കാരിൽ പലരിലും വലിയൊരു ഭീതി നിഴലിടുന്നതിന് ഇടയാക്കിയിട്ടുണ്ട്. എന്നിട്ടും പതിവു സർവീസ് മുടങ്ങാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപകടമുണ്ടായ ഉടൻ കൂടെ ജോലി ചെയ്യുന്നവരും സംഘടനാ പ്രതിനിധികളും ഓടിപ്പിടിച്ചു സ്ഥലത്തെത്തി. കുടുംബങ്ങളെ ആശ്വസിപ്പിക്കാനും അവർ മുന്നിൽ നിന്നു. എന്നാൽ കൂട്ടമായി ലീവെടുത്ത് അവിടെ പോകാതിരിക്കാനും എല്ലാവരും ശ്രദ്ധിച്ചു. വളരെ കുറച്ച് സർവീസ് മാത്രമാണ് മുടങ്ങിയിട്ടുള്ളത്. ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടും സർവീസിനെ ബാധിക്കാതിരിക്കാനും എല്ലാവരും ശ്രദ്ധിച്ചു. മൃതദേഹങ്ങൾ അടക്കിയ ദിവസം ഒരു ട്രിപ്പ് അവിടേക്ക് ഷെഡ്യൂൾ ചെയ്ത് ജീവനക്കാരുമായി പോകുകയായിരുന്നു.

കൂടെ ജോലി ചെയ്ത ജീവനക്കാരിൽ ഒരാളെ നഷ്ടപ്പെടുമ്പോൾ പ്രത്യേകിച്ചും ദാരുണമായ സാഹചര്യത്തിൽ വേർപെടുമ്പോൾ കുടുംബത്തിൽ ഒരാൾ നഷ്ടപ്പെട്ട വേദനയാണുള്ളത്. സ്ഥാപനവുമായി, ജോലിയുമായി ഇഴകി ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന വേർപാടുകൾ വലിയ മാനസിക സമ്മർദമാണുണ്ടാക്കിയിട്ടുള്ളത്. എന്നിട്ടും സാഹചര്യം മനസിലാക്കി കാര്യങ്ങൾ ചെയ്യാനായി എന്നതാണ് വലിയ നേട്ടം – താജുദീൻ പറഞ്ഞു.

English Summary: Ernakulam DTO VM Thajudheen on Avinashi Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com