ADVERTISEMENT

ന്യൂഡൽഹി∙ ആനന്ദത്തിന്റെ പാഠ്യപദ്ധതി നേരിട്ടു മനസിലാക്കാൻ ഡൽഹിയിലെ സർക്കാർ സ്കൂൾ സന്ദർശിച്ച് യുഎസ് പ്രഥമവനിത മെലനിയ ട്രംപ്. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ നടപ്പാക്കുന്ന ഹാപ്പിനസ് കരിക്കുലത്തെക്കുറിച്ചു അറിയുന്നതിന്റെ ഭാഗമായാണു മെലനിയ ചൊവ്വാഴ്ച നാനക്പുരയിലെ സർവോദയ സീനിയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചത്.

നെറ്റിയിൽ ചുവന്ന തിലകം ചാർത്തിയാണു വിദ്യാർഥി മെലനിയയെ സ്വീകരിച്ചത്. തുടർന്ന് ക്ലാസ് സന്ദർശിച്ച മെലനിയ വിദ്യാർഥികളുമായി സംവദിച്ചു. കൊച്ചുകൂട്ടുകാർക്കൊപ്പം സമയം ചെലവഴിച്ച മെലനിയ, അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ക്ലാസിൽനിന്നു പുറത്തിറങ്ങിയ മെലനിയയെ പൂമാല അണിയിച്ച് വിദ്യാർഥി സ്വീകരിച്ചു. തുടർന്ന് വിദ്യാർഥികൾ നൃത്തം ചെയ്യുന്നതും യോഗം ചെയ്യുന്നതുമെല്ലാം മെലനിയ ആസ്വദിച്ചു.

Melania-Trump-3
ഹാപ്പിനസ് കരിക്കുലത്തെക്കുറിച്ചു അറിയുന്നതിന്റെ ഭാഗമായി നാനക്പുരയിലെ സർവോദയ സീനിയർ സെക്കൻഡറി സ്കൂളിലെത്തിയ മെലനിയ ട്രംപ് വിദ്യാർഥികൾക്കൊപ്പം.

‘ഇതു സുന്ദരമായ വിദ്യാലയമാണ്. പരമ്പരാഗത നൃത്തം അവതരിപ്പിച്ച് എന്നെ സ്വീകരിച്ചതിനു നന്ദി. എന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. നല്ല മനസുള്ളവരാണ് ഇവിടുത്തെ ആളുകൾ. ശാന്തമായ മനസോടെ ഇവിടുത്തെ കുട്ടികൾ ഓരോ ദിവസവും ആരംഭിക്കുന്നു എന്നതു പ്രചോദനം പകരുന്നതാണ്. ഒരു ദിവസം ആരംഭിക്കുന്നതിന് ഇതിലും മെച്ചപ്പെട്ടൊരു രീതി ചിന്തിക്കാനാവുന്നില്ല. യുഎസിൽ നിങ്ങളെപ്പോലുള്ള കുട്ടികൾക്കൊപ്പമാണ് ഞാൻ പ്രവർത്തിക്കുന്നത്. ബി ബെസ്റ്റ് എന്ന സംരംഭത്തിലൂടെ സമാനമായ ആശയങ്ങൾ പങ്കുവയ്ക്കാനാണു ശ്രമിക്കുന്നത്. ലഹരി ഉപയോഗത്തിന്റെ അപകടങ്ങൾ, ഓൺലൈൻ സുരക്ഷ, കുട്ടികളുടെ മൊത്തത്തിലുള്ള ക്ഷേമം എന്നിവയിലാണ് ബി ബെസ്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.’ – മെലനിയ വ്യക്തമാക്കി. വിദ്യാർഥികൾ, അവർ വരച്ച മധുബാനി ചിത്രങ്ങൾ മെലനിയയ്ക്കു സമ്മാനിച്ചു. വിദ്യാർഥികൾക്കു നന്ദി അറിയിച്ചാണ് മെലനിയ മടങ്ങിയത്.

Melania-Trump-2
ഹാപ്പിനസ് കരിക്കുലത്തെക്കുറിച്ചു അറിയുന്നതിന്റെ ഭാഗമായി നാനക്പുരയിലെ സർവോദയ സീനിയർ സെക്കൻഡറി സ്കൂളിലെത്തിയ മെലനിയ ട്രംപ് വിദ്യാർഥികളുടെ നൃത്തം ആസ്വദിക്കുന്നു.

‘യുഎസ് പ്രഥമ വനിത ഇന്നു ഞങ്ങളുടെ സ്കൂളിലെ ഹാപ്പിനസ് ക്ലാസിൽ പങ്കുചേരും. നൂറ്റാണ്ടുകളോളം ഇന്ത്യ ലോകത്തിന് ആത്മീയത പഠിപ്പിച്ചു. മെലനിയ തിരികെ പോകുമ്പോൾ ഞങ്ങളുടെ സ്കൂളിൽനിന്ന് ആനന്ദത്തിന്റെ സന്ദേശവും കൊണ്ടുപോകുമെന്നതിൽ ഏറെ സന്തോഷമുണ്ട്.’ – സർവോദയ സീനിയർ സെക്കൻഡറി സ്കൂൾ സന്ദർശിക്കുന്ന മെലനിയയ്ക്ക് ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ട്വീറ്റ് ചെയ്തു.

English Summary: Melania Trump visits Sarvodaya Co-Ed Senior Secondary School in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com