ADVERTISEMENT

ചങ്ങനാശേരി, തൃക്കൊടിത്താനം കോട്ടമുറി പുതുജീവൻ സൈക്യാട്രിക് ആശുപത്രി ലക്ഷ്യമാക്കി യാത്ര തിരിക്കുമ്പോൾ വല്ലാത്ത ഒരു അസ്വസ്ഥതയായിരുന്നു മനസിൽ. സൈക്യാട്രിക് ആശുപത്രിയിലേക്കുള്ള ദിശാഫലകത്തിൽ നാട്ടിയ കറുത്ത തുണി അത് ഇരട്ടിപ്പിച്ചു,  ഇവിടെയുണ്ടായ ഒടുവിലത്തെ മരണത്തിന്റെ സൂചകം. 

ഫെബ്രുവരി 29 ശനിയാഴ്ച. ഏറ്റവുമടുത്ത്  ഇവിടെ മരണം പടികടന്നെത്തിയ ദിവസം. ഏബ്രഹാം യൂഹാനോൻ (21) എന്ന മനോദൗർബല്യമുള്ള ചെറുപ്പക്കാരന്റെ മരണമായിരുന്നു അന്ന്. കാലിൽ നീര്, ശ്വാസംമുട്ടൽ, രക്തസമ്മർദക്കുറവ് എന്നീ ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യൂഹാനോന്റെ മരണം അതിദാരുണമായിരുന്നുവെന്നു ചികിത്സിച്ച ഡോക്ടർമാരുടെ സാക്ഷ്യപ്പെടുത്തൽ.

kottayam-adm
അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് അനിൽ ഉമ്മൻ

എട്ടു വർഷം,  33 മരണം, അഞ്ച് ആത്മഹത്യ!

യൂഹാനോന്റെ മരണത്തോടെയാണ് പുതുജീവൻ സൈക്യാട്രിക് ആശുപത്രിയിൽ അടുത്തിടെ ഉണ്ടായ 33 മരണങ്ങൾ ചർച്ചാവിഷയമായത്. ഈ ചികിത്സാകേന്ദ്രത്തിൽ എട്ടു വർഷത്തിനിടെ 33 പേർ മരിച്ചതായി അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് അനിൽ ഉമ്മൻ നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായത്. കോട്ടമുറി പുതുജീവൻ ട്രസ്റ്റിനു കീഴിലെ സൈക്യാട്രിക് ആശുപത്രിയെക്കുറിച്ചുളള കഥകളും ഇതോടെ ഒന്നൊന്നായി പുറത്തു വന്നു.

എന്നാൽ ഈ കണക്കുകളിൽ പോലും നാട്ടുകാരും ജനപ്രതിനിധികളും സംശയം പറയുന്നുണ്ട്. 2014 ൽ മാത്രമാണ് ഇവിടെ മനോദൗർബല്യമുള്ളവരെ പ്രവേശിപ്പിക്കാൻ തുടങ്ങിയതെന്നും അതിനു മുൻപ് ‘അമ്മവീട്’ എന്ന പേരിൽ പ്രായമായ സ്ത്രീകളെ ചികിത്സിക്കുന്ന അഗതി കേന്ദ്രമായിരുന്നുവെന്നും പ്രദേശത്തുകാർ പറയുന്നു. 2014 മുതലാണ് ഇവിടെ അസാധാരണ മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. ഇതിൽ അഞ്ചോളം ആത്മഹത്യകളും ഉൾപ്പെടുന്നു. പലമരണങ്ങളിലും അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തതായും പല രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നും തൃക്കൊടിത്താനം സിഐ സാജു വർഗീസ് മനോരമ ഓൺലൈനോട് പറഞ്ഞു. 

നിയമവിരുദ്ധമായി പ്രവർത്തനം നടത്തിവന്ന ഈ സ്ഥാപനത്തിനു അധികാരികൾ കുടപിടിക്കുകയായിരുന്നു എന്നാണ് ഇപ്പോൾ പരാതി ഉയരുന്നത്. മുൻ പൊലീസ് ഉദ്യോഗസ്ഥൻ വി.സി.ജോസഫിന്റെ നേതൃത്വത്തിൽ ഏഴംഗ ട്രസ്റ്റാണ് സ്ഥാപനം നടത്തുന്നത്. ചുറ്റുപാടുമുള്ള വീടുകളുമായി നിശ്ചിത അകലം സൂക്ഷിക്കാതെയാണ് കെട്ടിട സമുച്ചയം പണികഴിച്ചിരിക്കുന്നതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ ബോധ്യമാകും. മലിനജലവും ശുചിമുറി മാലിന്യവും തുറന്നു വീടുന്നത് തൊട്ടടുത്തുള്ള ജനവാസമേഖലയിലേക്ക്. ചുറ്റുപാടുള്ളമുള്ളവർ എന്നും പരാതിപ്പെട്ടിരുന്ന സ്ഥാപനം കൂടിയാണ് വിവാദനിഴലിൽപ്പെട്ട സൈക്യാട്രിക് ആശുപത്രിയെന്നതാണ് വാസ്തവം.

ശുചിത്വമില്ലാത്ത പരിസരങ്ങളും അശാസ്ത്രീയ നിർമാണങ്ങളും ഉള്ള ആശുപത്രിയുടെ ജനാലകൾ തുറക്കുന്നത് സമീപത്തെ വീടുകളുടെ സിറ്റൗട്ടിലേക്ക്! ഇവിടെ നിന്ന് ഒഴുകുന്ന മലിനജലം പതിക്കുന്നത് സമീപവീടുകളുടെ പറമ്പിലേക്കും. വർഷങ്ങൾക്കു മുൻപ് ഇവിടെ നിന്ന് പുറംതള്ളിയ ഉറക്കഗുളിക കഴിച്ച് സമീപവാസിയായ വീട്ടമ്മയുടെ ഒന്നര വയസ്സുള്ള കുട്ടി അപകടത്തിൽപെട്ടിരുന്നു. പകർച്ചവ്യാധികളും രോഗങ്ങളും ഈ മേഖലയിൽ സാധാരണം. പലരും കരഞ്ഞു കൊണ്ടാണു ചോദ്യങ്ങൾക്കു മറുപടി നൽകുന്നത്. ഇവരുമായി സംസാരിക്കുമ്പോഴാണ് അസാധാരണമായ മറ്റൊരു കാഴ്ച കണ്ടത്.

ഒരു മാസം പാർപ്പിക്കാൻ ചെലവ് കാൽ ലക്ഷം രൂപ!

27 വയസ്സുള്ള മനോദൗർബല്യമുള്ള മകന്റെ കൈ പിടിച്ച 60 വയസ്സിനോട് പ്രായമുള്ള ഒരമ്മ. പത്രവാർത്തകൾ കേട്ടറിഞ്ഞ് ഏകമകനെ കൊണ്ടു പോകാൻ വന്നതാണവർ. അഗതി മന്ദിരമെന്നു പേരിട്ടു വിളിക്കുന്ന ഈ സ്ഥാപനത്തിൽ 25,000 രൂപയാണ് ഒരു മാസം കഴിയുന്നതിനു നൽകേണ്ടി വരുന്ന തുക. കറുകച്ചാൽ സ്വദേശിയാണിവർ, ഭർത്താവ് വർഷങ്ങൾക്കു മുൻപ് മരിച്ചു. അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്ന മനോദൗർബല്യമുള്ള മകനെ നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെയാണ് ഇവിടെ കൊണ്ടു വന്നാക്കിയത്. ‘‘എനിക്ക് എന്റെ മകനെ ജീവനോടെ കാണണം.. സാറെ.. ഞാൻ കൂട്ടിക്കൊണ്ടു പോകാൻ വന്നതാണ്.’’ – എങ്ങിക്കരയുകയാണ് അവർ. 

puthujeevan-sign-board
കോട്ടമുറി പുതുജീവൻ സൈക്യാട്രിക് ആശുപത്രിയിലേക്കുള്ള വഴി

മകനെ ആജീവാനന്തം നോക്കികൊള്ളാമെന്നും നിശ്ചിത തുക നൽകിയാൽ മതിയെന്നും സ്ഥാപന അധികൃതർ ദിവസങ്ങൾക്കു മുൻപാണ് അറിയിച്ചതെന്ന് ഇവർ പറയുന്നു. പണം ഇല്ലായെന്നു പറഞ്ഞപ്പോൾ കറുകച്ചാലിലുള്ള 10 സെന്റ് വസ്തു എഴുതി നൽകാൻ ആവശ്യപ്പെട്ടു. സ്ഥലത്തിനു മാത്രം 30 ലക്ഷം വിലവരും. ഇതുസംബന്ധിച്ച കരാറിൽ ഒപ്പിടാൻ തയാറെടുക്കുമ്പോഴാണ് മരണപരമ്പരകൾ സംബന്ധിച്ച വാർത്ത വരുന്നത്. ഇവിടെ നിന്ന് മനോദൗർബല്യമുള്ള ഉറ്റവരെ തിരിച്ചു വിളിച്ചു കൊണ്ടു പോകുന്ന 28–ാമത്തെ ആളാണ് ഈ കറുകച്ചാൽ സ്വദേശി. 27 വയസ്സുണ്ടെങ്കിലും 12 കാരനെ പോലെ പെരുമാറുന്ന ആ യുവാവിനോട് സംസാരിക്കുവാൻ ശ്രമിക്കുമ്പോഴാണ് കയ്യിൽ അടികൊണ്ടതരത്തിലുളള പാടുകൾ കണ്ടത്. പലപ്പോഴും അവർ എന്റെ കുഞ്ഞിനെ ഉപദ്രവിക്കാറുണ്ടെന്നും ആ അമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. തിങ്കളാഴ്ച മാത്രം നാല് അന്തേവാസികളെയാണ് ബന്ധുക്കൾ ഒപ്പം കൊണ്ടുപോയത്.

ആദ്യം കേട്ടത് പകർച്ചവ്യാധി, ദുരൂഹത പടർത്തി തുടർമരണം

സൈക്യാട്രിക് ആശുപത്രിക്കു തൊട്ടടുത്തായി ഒരു കോളനിയുണ്ട് – പുതുജീവൻ കോളനി. സൈക്യാട്രിക് ആശുപത്രിയിലെ പത്തിലേറെ അന്തേവാസികൾക്ക് പകർച്ചവ്യാധി പോലെ എന്തോ പിടിപെട്ടിട്ടുണ്ടെന്നു സംശയം ആദ്യം പറഞ്ഞത് ഈ കോളനിയിലെ താമസക്കാരാണ്. ഒന്നിനു പിറകെ ഒന്നായി മൂന്നു മരണങ്ങൾ, ആശുപത്രിയിലെ അന്തേവാസികളായിരുന്ന ഷെറിൻ (44), ഗിരീഷ് (41), ഏബ്രഹാം യൂഹാനോൻ (21) എന്നിവർ കഴിഞ്ഞ ഫെബ്രുവരി 25, 27, 29 തീയതികളിലായായി മരിച്ചതോടെ ‘കൊറോണ’യാണെന്ന ഭീതിയാണ് ആദ്യം എങ്ങും പരന്നത്.

sherin-puthujeevan
ഏബ്രഹാം യൂഹാനോൻ, ഷെറിൻ ജോർജ്

തിരുവനന്തപുരം പേട്ട പാൽക്കുളങ്ങര ശിവ അരവിന്ദത്തിൽ ഗിരീഷ്(41), തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഗിരീഷിന്റെ മൃതദേഹം, പകർച്ചവ്യാധികൾക്കെതിരെ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണു സംസ്കരിച്ചതും. ഷെറീൻ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ആശുപത്രിയിലേക്കും പോകും വഴിയായിരുന്നു മരണം. കോട്ടയം മെഡിക്കൽ കോളജിൽ വാകത്താനം  തോട്ടയ്ക്കാട് ഇരവുചിറ താന്നിക്കുന്നേൽ ഏബ്രഹാം യൂഹാനോൻ മരിച്ചതോടെ ജനപ്രതിനിധികളും നാട്ടുകാരും ആശുപത്രി വളഞ്ഞു. പിന്നാലെ നടന്ന അന്വേഷണത്തിലാണ് ദുരൂഹതയിലേക്കു വിരൽചൂണ്ടുന്ന വിവരങ്ങൾ പുറത്തായത്. 

എല്ലാ മരണങ്ങളുടെയും കാരണങ്ങൾ ഒന്നും തന്നെയാണെന്നും മനോദൗർബല്യത്തിനും ലഹരിമുക്തിക്കും ചികിത്സ നൽകുന്ന കേന്ദ്രത്തിൽ നടന്ന ദുരൂഹമരണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും തൃക്കൊടിത്താനം വാർഡ് അംഗവും ആക്‌ഷൻ കൗൺസിൽ രക്ഷാധികാരിയുമായ നിതിൻ ജെ ആലംമൂട്ടിൽ മനോരമ ഓൺലൈനോട് പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനു കുമാർ, കണ്ണൻ പി.എസ്. എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകിയതോടെയാണ് സംഭവത്തിൽ അന്വേഷണമുണ്ടായത്. 

puthujeevan-trust-hosp
ആശുപത്രി വളപ്പിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം

ഒരു ഗ്രാമത്തിൽ പോലും ആറു വർഷത്തിനിടയിൽ 33 മരണം ഉണ്ടായാൽ സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നിരിക്കെ ഒരു സ്ഥാപനത്തിൽ തുടർച്ചയായി 33 മരണങ്ങൾ ഉണ്ടായിട്ടും അന്വേഷണം ഉണ്ടായില്ലെന്ന എന്നതിൽ അസ്വാഭാവികത ഉണ്ടെന്നു പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനു പറഞ്ഞു. പഞ്ചായത്തിൽ നിന്ന് സ്ഥാപനത്തിന് ലൈസൻസ് അനുവദിച്ചിട്ടില്ലെന്നും ഇന്ന് പായിപ്പാട് ഭരണസമിതി യോഗം ചേരുമെന്നും സ്വപ്ന ബിനു പറഞ്ഞു.

മെന്റൽ ആക്ട് പ്രകാരം 2023 വരെ ട്രസ്റ്റിനു പ്രവർത്തിക്കാൻ അനുമതിയുണ്ടെന്നാണ് സ്ഥാപനത്തിന്റെ ചുമതലയുള്ള വി.സി.ജോസഫിന്റെ വാദമെങ്കിലും ഡേറ്റാ ബാങ്കിൽ പെട്ട പ്രദേശത്താണ് ആശുപത്രി പ്രവർത്തിക്കുന്നതെന്നും പഞ്ചായത്ത് ലൈസൻസ് അനുവദിച്ചിട്ടില്ലെന്നും പായിപ്പാട് പഞ്ചായത്ത് സെക്രട്ടറി ലത എസ് മനോരമ ഓൺലൈനോട് സ്ഥിരീകരിച്ചു. ‘‘ഈ കെട്ടിടം പൊളിച്ചു മാറ്റാൻ ഞങ്ങൾ നോട്ടിസ് നൽകിയിരുന്നു. ഹൈക്കോടതിയിൽ നിലവിൽ കേസ് നടക്കുന്നു. ഹൈക്കോടതി ഉത്തരവിന്റെ ബലത്തിലാണ് പ്രവർത്തനം. ഗാർഹികാവശ്യത്തിനായി ഒറ്റമുറി പണിയാൻ മാത്രമാണ് അനുമതി നൽകിയിരുന്നത്.’’ –  ലത വിശദീകരിച്ചു. 

waste-puthujeevan
ആശുപത്രിയിൽ നിന്നുള്ള ശുചിമുറി മാലിന്യവും മറ്റ് അവശിഷ്ടങ്ങളും സമീപത്തേക്കുള്ള പറമ്പിലേക്ക് ഒഴുക്കിയ നിലയിൽ

സംശയം നീളുന്നത് ഈയം അടങ്ങിയ മരുന്നിൽ

തുടർമരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാന  രോഗ ലക്ഷണങ്ങളുള്ള 10 ഓളം പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പൊലീസും മറ്റ് ഏജൻസികളുടെയും സമാന്തര അന്വേഷണവും പുരോഗമിക്കുന്നു. റിപ്പോർട്ട് ലഭിക്കുന്ന വേണ്ടവിധം നടപടി കൈക്കൊള്ളുമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ജേക്കബ് വർഗീസ് വ്യക്തമാക്കി.

63 പേരാണു സ്ഥാപനത്തിലെ അന്തേവാസികൾ. 10 പേരെയാണു കാലിൽ നീരും ശ്വാസംമുട്ടലും കാരണം ആശുപത്രിയിൽ പ്രവേശിച്ചിച്ചത്. മരിച്ചവർക്കു ഗുരുതര വൈറസ് രോഗങ്ങളോ മറ്റു സാംക്രമിക രോഗങ്ങളോ ഇല്ലെന്നു കലക്ടർ പി.കെ. സുധീർ ബാബു വ്യക്തമാക്കിയിരുന്നു.അന്വേഷണത്തിന് അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് അനിൽ ഉമ്മനെ കലക്ടറാണ് ചുമതലപ്പെടുത്തിയത്.

കോട്ടയം അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് (എഡിഎം) നടത്തിയ പ്രാഥമിക തെളിവെടുപ്പിലാണ് ഇവിടെ 33 പേർ മരിച്ചതായി പുറംലോകം അറിഞ്ഞത്. 2012 മുതലുള്ള റജിസ്റ്റർ പരിശോധിച്ചതിൽ നിന്നാണ് ഇതുവരെ മുപ്പതിലേറെ മരണങ്ങൾ നടന്നതായി കണ്ടെത്തിയതെന്നും അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് അനിൽ ഉമ്മൻ വ്യക്തമാക്കി. ട്രസ്റ്റിന്റെ ലൈസൻസ് സംബന്ധിച്ചും തർക്കമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരിൽ 16 പേർ 60 വയസ്സിൽ താഴെയുള്ളവരും ബാക്കിയുള്ളവർ 60നു മുകളിലുള്ളവരുമാണ്. 33 മരണങ്ങൾ സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച മൂന്നു പേർക്കും അമിതമായി ഈയം കലർന്ന മരുന്നു നൽകിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അന്തേവാസികളെ ആജീവനാന്തം നോക്കാനെന്ന പേരിൽ 10 ലക്ഷം മുതൽ 25 ലക്ഷം വരെ ഇവിടെ വാങ്ങാറുണ്ടെന്നും ഈ തുക നൽകാനില്ലാത്തവരിൽ നിന്ന് വസ്തു എഴുതി വാങ്ങാറുണ്ടെന്നും ജനപ്രതിനിധികൾ അടക്കം പരാതി ഉന്നയിച്ചിരുന്നു. ഇവിടെ നടന്ന മരണങ്ങളിൽ അസ്വാഭാവികതയുണ്ടെന്നു വ്യാപക പരാതി ഉയർന്നതോടെയാണ് അമിതമായി ഈയം കലർന്ന മരുന്നു നൽകിയിട്ടുണ്ടോയെന്ന സാധ്യത പൊലീസ് പരിശോധിക്കുന്നത്. 

puthujeevan-hospital

ഏബ്രഹാം യൂഹാനോന്റെ മരണം ന്യൂമോണിയ മൂലമാണെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. ശരീരത്തിലോ ആന്തരിക അവയവങ്ങൾക്കോ ക്ഷതമില്ല. യൂഹനോന്റെ  ആന്തരിക അവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരുന്നു. മരിച്ച ഗിരീഷിനും ന്യൂമോണിയ ബാധിച്ചിരുന്നു. മാസങ്ങൾക്ക് മുൻപും ഇവിടെ ദുരൂഹമരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്തേവാസി ആത്മഹത്യ ചെയ്തുവെന്ന വാർത്തയെ തുടർന്ന് ഇവിടെ ഓടിയെത്തുമ്പോൾ മരിച്ചയാളെ ജനലിൽ ചാരിയിരുത്തിയ കാഴ്ചയാണ് കണ്ടതെന്നും ഇവിടെ ഉണ്ടായ എല്ലാ മരണങ്ങളിലും സമഗ്രമായ അന്വേഷണം വേണമെന്നും തൃക്കൊടിത്താനം ആറാം വാർഡ് അംഗം ജോസഫ് തോമസും മനോരമ ഓൺലൈനോട് പറഞ്ഞു. 

മാസം ഇരുന്നൂറോളം പേർ ചികിൽസ തേടിയെത്തുന്ന ചികിൽസാകേന്ദ്രമാണിത്. മാനസിക ചികിൽസയ്ക്കു നൽകുന്ന മരുന്നുകളിലെ  ഈയത്തിലൂടെ വിഷബാധയുണ്ടായോ എന്നതാണ്  പരിശോധിക്കുന്നത്. ഇവിടെ മരിച്ച ഭൂരിഭാഗം പേരിലും കാലിൽ നീര്, ശ്വാസംമുട്ടൽ, രക്തസമ്മർദക്കുറവ് എന്നീ ലക്ഷണങ്ങൾ കണ്ടിരുന്നു. ഈയം കലർന്ന മരുന്നു ശരീരത്തിൽ ചെന്നിട്ടുണ്ടെങ്കിൽ നാഡിവ്യവസ്ഥകളെയും തലച്ചോറിനെയും നേരിട്ടു ബാധിക്കുമെന്നും തുടർച്ചയായ ഉപയോഗം ഇഞ്ചിഞ്ചായി മരണത്തിൽ കലാശിക്കുമെന്നും ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. ഈ മരണങ്ങൾ സ്വഭാവികമാണോ, ആസൂത്രിതമാണെങ്കിൽ അതിനു പിന്നിൽ ആര് എന്ന ചോദ്യങ്ങൾക്കാണ് ഉത്തരം വേണ്ടെതെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി കെ.കെ.ശൈലജ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു നിർദേശം നൽകിയിട്ടുണ്ട്. 

English Summary: 33 deaths in the last eight years, detailed inquiry on Puthujeevan hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com