ADVERTISEMENT

ചൂടൊഴിയാതെ വാർത്തകളിൽ ഇടംപിടിച്ച ചങ്ങനാശേരി  കോട്ടമുറിയിലെ പുതുജീവൻ സൈക്യാട്രിക് ആശുപത്രിയിൽ വീണ്ടുമെത്തുമ്പോൾ ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു. ആശുപത്രിക്കു മുന്നിൽ ഒരു ചെറുകൂടാരം. തദ്ദേശവാസികളായ എതാനും സ്ത്രീകളും പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഇവിടെ സമരവുമായി ഇരുപ്പുറപ്പിച്ചിട്ട് ദിവസം ഒന്നുരണ്ടായി. ഏതാനും ചില ദൃശ്യമാധ്യമപ്രവർത്തകർ തുടർച്ചയായി വാർത്തകൾ നൽകുന്നുണ്ട്. കുറച്ചകലെ ഒരു മരത്തിന്റെ ചുവട്ടിൽ വിങ്ങിപ്പൊട്ടി നിൽക്കുന്ന 28 വയസ്സോളം പ്രായം വരുന്ന യുവതി, തിരുവനന്തപുരം സ്വദേശിനി. ആശുപത്രിയിലുള്ള രോഗിയായ സഹോദരനെ അധികൃതർ പറഞ്ഞതനുസരിച്ച് ഒപ്പം കൂട്ടാൻ വന്നവൾ. 

ആശുപത്രിയിൽ 1,30,000 രൂപ ഉടൻ അടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്ന ഭീഷണിയിൽ മുലകുടി മാറാത്ത കുഞ്ഞിനെയും വാരിയെടുത്ത് ഓടിയെത്തുകയായിരുന്നു. വായ്‌പയെടുത്ത പണം കെട്ടിപ്പൊതിഞ്ഞാണ് അവർ ഇവിടെ എത്തിയത്. പണം ശരിയാകാൻ സമയമെടുത്തു. അതിനാലാണ് വൈകിയതെന്ന് അവർ ആശുപത്രി അധികൃതരോട് ക്ഷമാപണം നടത്തുന്നുണ്ടായിരുന്നു. അടുത്തെത്തി വിശേഷങ്ങൾ തിരക്കുന്നതിനിടെ ആശുപത്രി അധികൃതർ അവരെ അകത്തേക്ക് വിളിച്ചു കൊണ്ടു പോയി. മാധ്യമപ്രവർത്തകരും അവർക്കൊപ്പം കൂടിയപ്പോൾ പണം അടച്ചില്ലെങ്കിലും കുഴപ്പമില്ലെന്നായി. കണ്ണീർ തുടച്ച് നന്ദിപറഞ്ഞ് അവർ നടന്നു നീങ്ങി.

puthujeevan-protest-mob
ചങ്ങനാശേരി കോട്ടമുറിയിലെ പുതുജീവൻ സൈക്യാട്രിക് ആശുപത്രിക്കു മുൻപിലെ സമര പന്തൽ

പണം തിരികെ തവണകളായി അടച്ചു കൊള്ളാമെന്ന് അവരുടെ കയ്യിൽ നിന്ന് എഴുതി വാങ്ങിയതായി പിന്നീട് അറിഞ്ഞു. തുടർമരണങ്ങളുടെ വാർത്ത പരന്നതോടെ ഇവിടുത്തെ അന്തേവാസികളിൽ കുറച്ചധികം പേരെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ബന്ധുക്കൾ എത്തിത്തുടങ്ങിയിട്ടുണ്ട്. പഞ്ചായത്ത് അധികൃതരുടെ കണക്കനുസരിച്ച് ഇനിയും ആശുപത്രിയിലുള്ളത് അൻപതോളം പേർ. ഇവരിൽ പലരുടെയും ബന്ധുക്കൾ വിദേശത്ത്. നാട്ടിലുള്ളവരും ഒരു പക്ഷേ പലരുടെയും മടങ്ങിവരവ് ആഗ്രഹിക്കുന്നില്ലെന്നും സത്യം. മാസ്ക് അണിഞ്ഞ് വിദൂരത്തേക്ക് നോക്കിനിൽക്കുന്ന രോഗികൾ, മനസ്സിൽ വിങ്ങൽ പരത്തുന്ന കാഴ്ചകൾ.

വില്ലൻ ഈയം അടങ്ങിയ മരുന്നോ? 

കിളിരൂർ പീഡനക്കേസിലെ ശാരിയുടെ രക്‌ത  പരിശോധനാഫലത്തിൽ ചെമ്പിന്റെ അംശം കണ്ടെത്തിയെന്ന സ്‌റ്റേറ്റ് കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറിയുടെ ഫലം പുറത്തു വന്നതോടെയാണ് ഇത്തരത്തിലുള്ള ചർച്ചകൾ കേരളത്തിൽ സജീവമായത്. ശാരിയെ ഈയം(ലെഡ്) കുത്തിവച്ച് കൊല്ലാൻ ശ്രമിച്ചതായി വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. തൃക്കൊടിത്താനം കോട്ടമുറി പുതുജീവൻ സൈക്യാട്രിക് ആശുപത്രിയിലെ അന്തേവാസികളായ ഷെറിൻ (44), ഗിരീഷ് (41), ഏബ്രഹാം യൂഹാനോൻ (21) എന്നിവർ കഴിഞ്ഞ ഫെബ്രുവരി 25, 27, 29 തീയതികളിലായായി മരിച്ചതോടെയാണ് സൈക്യാട്രിക് ആശുപത്രിയിലെ തുടർമരണങ്ങൾ ചർച്ചയാകുന്നത്. രക്തത്തിൽ ഈയം അടങ്ങിയ മരുന്നിന്റെ സാന്നിധ്യമാണ് നിരവധി ചർച്ചകൾക്കു വഴിതെളിയിച്ചത്. 

മരിച്ചവർക്കു ഗുരുതര വൈറസ് രോഗങ്ങളോ മറ്റു സാംക്രമിക രോഗങ്ങളോ ഇല്ലെന്നു കലക്ടർ പി.കെ. സുധീർ ബാബു വ്യക്തമാക്കിയിരുന്നു. 2012 മുതലുള്ള റജിസ്റ്റർ പരിശോധിച്ചതിൽ നിന്നാണ് ഇതുവരെ മുപ്പതിലേറെ മരണങ്ങൾ നടന്നതായി കണ്ടെത്തിയതെന്നും അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് അനിൽ ഉമ്മൻ വ്യക്തമാക്കിയിരുന്നു. ഇവിടെ നടന്ന ഭൂരിഭാഗം മരണങ്ങൾക്കും പൊതുസ്വഭാവം ഉണ്ടായിരുന്നു. ഉയർന്ന രക്ത സമ്മർദവും കാലിൽ നീരും ശ്വാസംമുട്ടലും അനുഭവപ്പെടുകയും തുടർന്നാണ് മിക്ക മരണങ്ങളും സംഭവിച്ചത്. 

മരിച്ച മൂന്നു പേർക്കും അമിതമായി ഈയം കലർന്ന മരുന്നു നൽകിയിട്ടുണ്ടോയെന്ന സാധ്യത പൊലീസ് പരിശോധിച്ചതോടെയാണ് ഈ മരണങ്ങൾ സ്വഭാവികമോ, ആസൂത്രിതമോ എന്ന തലത്തിലേക്കു ചർച്ച വഴിമാറിയത്. മനുഷ്യ ശരീരത്തിൽ ഈയത്തിന്റെ നേരിയ അംശം പോലും ആശങ്ക ഉളവാക്കേണ്ടതാണ്. ആയുര്‍വേദ മരുന്നുകള്‍ ഉള്‍പ്പെടെ ഉള്ള പലവിധ പരമ്പരാഗത മരുന്നുകളിലും  ഈയത്തിന്റെ സാന്നിധ്യം കാണാറുണ്ടെങ്കിലും മനോദൗർബല്യമുള്ളവർക്കുള്ള മരുന്നുകളിൽ ഒരു തരത്തിലും ഈയത്തിന്റെ സാന്നിധ്യം ഉണ്ടാകാറില്ലെന്നു ചെത്തിപ്പുഴ സെന്റ തോമസ് ആശുപത്രിയിലെ ഡോ. പി.സി ഷാഹുൽ അമീൻ മനോരമ ഓൺലൈനോട് പറഞ്ഞു.

puthujeevan-protest
പുതുജീവൻ സൈക്യാട്രിക് ആശുപത്രിക്കു മുൻപിൽ പ്രദേശവാസികൾ പ്രതിഷേധിക്കുന്നു.

ഈയം അമിതമായാൽ മരണം

എളുപ്പം ലഭ്യമാകുന്ന ഈ മൂലകം  ദ്രവിച്ചു പോകാത്തതും എളുപ്പത്തിൽ ഉപയോഗിക്കാമെന്നതുമാണ് സംശയങ്ങൾക്കു പിന്നിൽ.  ഈയം ശരീരത്തിൽ എത്തിയാൽ വിഘടിച്ചു പോകുന്നതിനു പകരം ശരീരത്തിന്റെ പലഭാഗങ്ങളിലായി ശേഖരിക്കപ്പെടുകയാണ് ചെയ്യുന്നത്. എല്ലുകള്‍,നഖങ്ങള്‍, പല്ലുകള്‍,മുടികള്‍ എന്നിവിടങ്ങളില്ലെല്ലാം അടിഞ്ഞ് കൂടുന്ന ഈയം അപകടകാരിയാണെന്നു വിദഗ്ധർ പറയുന്നു. ഈയം വഴിയുണ്ടാകുന്ന വിഷബാധയിൽ 1,43,000 പേര്‍ പ്രതിവര്‍ഷം മരിക്കുകയും, പ്രതിവര്‍ഷം 6,00,000 കുട്ടികളില്‍ ബുദ്ധിവൈകല്യം ഉണ്ടാവുകയും ചെയ്യുന്നുവെന്നാണു ലോകാരോഗ്യ സംഘടനയുടെ കണക്ക്. 

ഈയം അമിത അളവിൽ ബോധപൂർവ്വമോ അല്ലാതെയോ ചെന്നാൽ ഇത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കില്ല. ഉയർന്ന രക്ത സമ്മർദം, സന്ധിവേദന, ഓർമക്കുറവ്, ശ്രദ്ധയില്ലായ്മ, വിട്ടുമാറാത്ത തലവേദന, അടിവയറ്റിൽ വേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. നിത്യേന കഴിക്കുന്ന ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, കുടിവെള്ളം തുടങ്ങിയവയിലെല്ലാം ഈയത്തിനറെ അളവ് കൂടിയും കുറഞ്ഞുമിരിക്കും. അന്തരീക്ഷ വായുവില്‍ ഉള്ള ഈയം പൊടിപടലങ്ങളോടൊപ്പം അടിഞ്ഞു മണ്ണില്‍ കലരാം. മണ്ണിലെ ഈയം ജലസ്രോതസ്സുകളിലേക്കും കലരാം. 

puthujeevan-m-trust
പുതുജീവൻ സൈക്യാട്രിക് ആശുപത്രി

ചെറിയ അളവിൽ തന്നെ ശരീരത്തിൽ ഈയത്തിന്റെ സാന്നിധ്യം ആശങ്കയുണ്ടാക്കുന്നതാണെങ്കിൽ ഉയർന്ന തോതിൽ ഈയം ശരീരത്തിൽ എത്തിയാൽ വൃക്ക, നാഡിവ്യൂഹം ഇവയെ സാരമായി ബാധിക്കും. ഇവ അപസ്മാരത്തിനും ബോധക്ഷയത്തിനും കാരണമാകുകയും തുടർന്ന് മരണം സംഭവിക്കുകയും ചെയ്യുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

തെളിവുകൾ നശിപ്പിക്കാൻ ആസൂത്രിത നീക്കം: ആക്‌ഷൻ കൗൺസിൽ കൺവീനർ വിനോദ് മാത്യു

സംസ്ഥാന മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരമില്ലാതെയെന്ന് ആശുപത്രി പ്രവർത്തിക്കുന്നതെന്നാണ് അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് അനിൽ ഉമ്മന്റെ അന്വേഷണ റിപ്പോർട്ട്. ഇതു പുറത്തു വന്നിട്ടും ആശുപത്രി അടച്ചു പൂട്ടില്ലെന്ന കലക്ടർ പി.കെ. സുധീർ ബാബുവിന്റെ നിലപാട് തികച്ചും നിരാശാജനകമാണെന്നു വിനോദ് മാത്യു മനോരമ ഓൺലൈനോട് പറഞ്ഞു.ആശുപത്രി ഉടമകൾക്ക് ആൾബലവും സ്വാധീനവുമുണ്ട്.  തെളിവുകൾ പരമാവധി നശിപ്പിക്കാനാണ് ശ്രമം. സംഭവത്തിൽ ഹൈക്കോടതി നേരിട്ട് കലക്ടറുടെ നടപടി റിപ്പോർട്ട് തേടിയതാണ് ആകെയുള്ള ആശ്വാസം. 

നിർമാണ പ്രവർത്തനങ്ങളുടെ മറവിൽ തെളിവുകൾ ഒന്നൊന്നായി നശിപ്പിക്കാനാണ് ശ്രമം. വാഹനം തടഞ്ഞതിൽ ആശുപത്രി ഡയറക്ടർ വി.സി. ജോസഫിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഇനി നിർമാണ പ്രവർത്തനങ്ങൾ തടയില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു. പതിമൂന്ന് മരണങ്ങൾ മാത്രമാണ് നടന്നതെന്നാണ് ആശുപത്രി ഡയറകർ ഇപ്പോൾ പറയുന്നത്. ചില മാധ്യമങ്ങളും വാർത്ത തിരുത്തിയെഴുതി തുടങ്ങി. തെളിവുകൾ നശിപ്പിക്കാനാണ് ശ്രമം. ഇത് തുറന്ന് എതിർക്കും.

വ്യത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനു സാനിറ്റേഷൻ സർട്ടിഫിക്കറ്റ് നൽകിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം.  മലിനീകരണ നിർമാർജന മാനദണ്ഡങ്ങൾ പാലിക്കാതിരുന്നിട്ടും മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകാരം നൽകിയതും അന്വേഷിക്കണം. സ്ഥാപനത്തിൽ നിന്നുള്ള മലിനീകരണം തടയാൻ ആരോഗ്യ വകുപ്പ് അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്നും വിനോദ് മാത്യു മനോരമ ഓൺലൈനോട് പറഞ്ഞു.

മേൽനടപടികൾ സ്വീകരിക്കേണ്ടത് കലക്ടർ: പായിപ്പാട് പ്രസിഡന്റ് സ്വപ്ന ബിനു

കഴിഞ്ഞ ദിവസം ടാങ്കുകളുമായി അവിടെ ചെന്ന വണ്ടികൾ നാട്ടുകാർ തടഞ്ഞിരുന്നു. ആശുപത്രിയുടെ നിയമലംഘനം ചൂണ്ടിക്കാണിച്ചു കലക്ടർക്കു  കത്തയച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് കൈമാറും. ലൈസൻസ് പഞ്ചായത്ത് അനുവദിച്ചിട്ടില്ലാത്തതിനാൽ മേൽനടപടികൾ സ്വീകരിക്കേണ്ടത് കലക്ടറാണ്. 

പഞ്ചായത്ത് ലൈൻസൻസ് നൽകിയിട്ടില്ല, പിന്നെ എങ്ങനെ സ്റ്റോപ്പ് മെമ്മോ നൽകും?

പായിപ്പാട് പഞ്ചായത്ത് സെക്രട്ടറി ലത എസ്: പുതുജീവൻ ട്രസ്റ്റിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിനും ലൈസൻസില്ല. നാലുകോടി എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന കെട്ടിടവും കോട്ടമുറിയിലെ കെട്ടിടവും പൊളിച്ചു മാറ്റാൻ പലതവണ നോട്ടിസ് നൽകിയിട്ടുള്ളതാണ്. ഹൈക്കോടതിയിൽ കേസും ഉണ്ട്. ലൈസൻസ് പഞ്ചായത്ത് അനുവദിച്ചിട്ടില്ലാത്തതിനാൽ സ്റ്റോപ്പ് മെമ്മോ നൽകാൻ നിർവാഹമില്ല. പെട്ടെന്ന് ആശുപത്രി പൂട്ടിയാൽ അവിടെയുള്ള രോഗികളുടെ പുനഃരധിവാസവും പരിഗണിക്കണമല്ലോ. കലക്ടറാണ് നടപടിയെടുക്കേണ്ടത്, അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. 

hospital-puthujeevan

മരണങ്ങൾ ക്ലെറിക്കൽ പിഴവെന്ന് ആശുപത്രി ഡയറക്ടർ വി.സി ജോസഫ്

1996 ഫെബ്രുവരി 12 ന് ചങ്ങനാശേരി സർക്കാർ ആശുപത്രിയിലെ രോഗികൾക്ക് ഭക്ഷണം നൽകിയാണ് സന്നദ്ധപ്രവർത്തനം തുടങ്ങിയതെന്നു വി.സി ജോസഫ് മനോരമ ഓൺലൈനോട് പറഞ്ഞു. നാലുകോടിയിലെ സ്ഥാപനത്തിൽ 80 പേരും കോട്ടമുറിയിലെ ആശുപത്രിയിൽ ഇനി 30 പേരുമുണ്ട്. മാധ്യമങ്ങളിലെ വാർത്തകൾ വ്യാജമാണ്. 13 മരണം മാത്രമാണ് നടന്നിട്ടുള്ളത്. എട്ടു വർഷത്തിനിടെ 33 പേർ മരിച്ചതായി അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് അനിൽ ഉമ്മൻ പറഞ്ഞിരുന്നുവെങ്കിലും റജിസ്റ്റർ തയാറാക്കുമ്പോൾ സ്റ്റാഫിനു പറ്റിയ ക്ലെറിക്കൽ മിസ്റ്റേക്ക് മാത്രമാണ് അത്. ആകെ പതിമൂന്നു മരണങ്ങൾ ആണ് ഉണ്ടായത്. അതിൽ സ്വഭാവിക മരണങ്ങൾ ഉണ്ട്. ആത്മഹത്യയുണ്ട്. അസ്വാഭാവിക മരണങ്ങൾ ഉണ്ട്– വി.സി ജോസഫ് മനോരമ ഓൺലൈനോട് പറഞ്ഞു. (അസ്വാഭാവിക മരണങ്ങൾ അന്വേഷിക്കേണ്ടേ എന്ന  ചോദ്യത്തിനു മറുപടിയില്ല) 

18 പേർ പുതുജീവൻ ആശുപത്രിയിലും ബാക്കിയുള്ളവർ മറ്റ് ആശുപത്രികളിലും ആണ് മരിച്ചതെന്ന പൊലീസ് അന്വേഷണ റിപ്പോർട്ട്ചൂ ണ്ടിക്കാണിച്ചപ്പോൾ ‘മരണ സംഖ്യ തിരുത്തിയെഴുതണേ സർ അത്രയും പേർ മരിച്ചിട്ടില്ലെ’ന്നായിരുന്നു വി.സി ജോസഫിന്റെ  മറുപടി. സംസ്ഥാന മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരമില്ലാതെ ആശുപത്രി നടത്താൻ കഴിയുമോയെന്ന  ചോദ്യത്തിനു ഇല്ലെന്നായിരുന്നു മറുപടി. 2019 ൽ ആശുപത്രിയുടെ അംഗീകാരം റദ്ദാക്കിയെന്നും മാലിന്യപ്രശ്നങ്ങൾ ഉണ്ടെന്നും തുറന്നു സമ്മതിക്കുകയും ചെയ്തു.

puthujeevan-nalukodi
ചങ്ങനാശേരി നാലുകോടിയിൽ പ്രവർത്തിക്കുന്ന പുതുജീവൻ ട്രസ്റ്റ്

കോട്ടയം ഞീഴൂര്‍ സ്വദേശിയായ കുര്യാക്കോസ് ജോസഫിന്റെ മരണത്തിൽ ആശുപത്രിക്കെതിരെ കുടുംബം രംഗത്തു വന്നത് ചൂണ്ടിക്കാട്ടിയപ്പോൾ ആറുദോശ കഴിച്ചതിനു ശേഷം തൊട്ടടുത്ത് ഇരുന്ന അന്തേവാസിയിൽ നിന്ന് ദോശതട്ടിയെടുത്ത് വിഴുങ്ങിയപ്പോൾ തൊണ്ടയിൽ കുടുങ്ങി മരിച്ചുവെന്നായിരുന്നു ഉത്തരം. ഇത് അന്നുതന്നെ പൊലീസിനെയും ബന്ധുക്കളെയും അറിയിച്ചതാണെന്നും ഈ ഘട്ടത്തിൽ മാത്രമാണ് പരാതിയുമായി വന്നതെന്നും വി.സി ജോസഫ് മനോരമ ഓൺലൈനോട് പറഞ്ഞു.

‘മരണസംഖ്യ ഇനിയും ഉയർന്നേക്കാം; എന്തുകൊണ്ട് ഇവിടെ മാത്രം ഇത്രധികം പേർ മരിക്കുന്നു’

പുതുജീവൻ ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഒരു ഡോക്ടർ പറഞ്ഞത്:

എന്തുകൊണ്ട് ഈ ആശുപത്രിയിൽ മാത്രം ഇത്തരം തുടർമരണങ്ങൾ സംഭവിക്കുന്നുവെന്ന് ഞാൻ വർഷങ്ങൾക്കു മുൻപ് തന്നെ സഹപ്രവർത്തകരോട് ചോദിച്ചിട്ടുണ്ട്. ലക്ഷകണക്കിന് രൂപയും സ്ഥലവും എഴുതി വാങ്ങുന്നത് അറിയാവുന്ന കാര്യമാണ്. അധികൃതരുടെ അനാസ്ഥ കൊണ്ട് മരണം സംഭവിക്കുന്നുവെന്നാണ് കരുതിയിരുന്നത്. ഈ മരണങ്ങൾ ആസൂത്രിതമാണെന്ന സംശയം ഉയർന്ന സ്ഥിതിക്ക് വിശദമായ അന്വേഷണം വേണം. നാലുകോടിയിലെ റജിസ്റ്റർ കൂടി പരിശോധിച്ചാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം. ഈ ആശുപത്രിയിലും സമീപ ആശുപത്രിയിലും മരിച്ച രോഗികളുടെ മൃതദേഹം എവിടെ സംസ്കരിച്ചു. ബന്ധുക്കൾ ഏറ്റെടുക്കാത്ത മൃതദേഹങ്ങൾ ഉണ്ടായിരുന്നോ എന്ന കാരണങ്ങളിലും വിശദമായ അന്വേഷണം വേണം– ഡോക്ടർ മനോരമ ഓൺലൈനോട് പറഞ്ഞു.

മരുന്നുവിവരം ശേഖരിച്ച് അധികൃതർ

പുതുജീവൻ ആശുപത്രിയിൽ രോഗികൾക്കു നൽകിയ മരുന്നുകളുടെ വിവരങ്ങൾ ഡ്രഗ്സ് കൺട്രോളറുടെ ഓഫിസ് അധികൃതർ ശേഖരിച്ചു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ നിന്ന് ഇവരുടെ മരുന്ന് വിവരങ്ങൾ അടങ്ങിയ രേഖകളുടെ പകർപ്പ് വെളളിയാഴ്ചയാണ് ശേഖരിച്ചത്. ഇതുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന്റെ ഭാഗമായി  ഡ്രഗ്സ് കൺട്രോളറിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ സാജു വർഗീസ് റിപ്പോർട്ടും ആവശ്യപ്പെട്ടു. കേന്ദ്രത്തിലെ 33 മരണങ്ങൾക്ക് രോഗികൾക്കു നൽകിയ മരുന്നുകൾ കാരണമായിട്ടുണ്ടോ എന്നു കണ്ടെത്തുന്നതിനാണിത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി രോഗികളുടെ മരുന്ന് വിവരങ്ങൾ അടങ്ങിയ ഫയലുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിന്റെ പകർപ്പാണ് ഡ്രഗ്സ് കൺട്രോളർക്കു നൽകിയത്.

പ്രവർത്തനം തുടങ്ങിയത് 2012 ൽ, 2017 ലെ നിയമം ബാധകമല്ലെന്ന് വാദം

നിരവധി രോഗികൾ മരണത്തിനു കീഴടങ്ങിയ പുതുജീവൻ ട്രസ്റ്റ് സൈക്യാട്രിക് ആശുപത്രി പ്രവർത്തനം തുടങ്ങിയത് 2012 ലാണ്. മുൻ പൊലീസ് ഉദ്യോഗസ്ഥൻ വി.സി.ജോസഫിന്റെ നേതൃത്വത്തിൽ 7 അംഗ ട്രസ്റ്റാണ് സ്ഥാപനം ആരംഭിച്ചത്. ഇതേ ട്രസ്റ്റിന്റെ പേരിൽ നാലുകോടിയിൽ 2000 മുതൽ അഗതി മന്ദിരം പ്രവർത്തിക്കുന്നുണ്ട്. മെന്റൽ ആക്ട് പ്രകാരം 2023 വരെ ട്രസ്റ്റിനു പ്രവർത്തിക്കാൻ അനുമതിയുണ്ടെന്നു വി.സി. ജോസഫ് പറഞ്ഞു. എന്നാൽ 2019 ൽ സ്ഥാപനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കിയതായി അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. ലൈസൻസ് ഇല്ലെന്നു വ്യക്തമായിട്ടും നിയമലംഘനം നടക്കുന്നുവെന്നു ബോധ്യപ്പെട്ടിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.

2017ൽ പുതിയ ആക്ട് വന്നെങ്കിലും (ആക്ട് വായിക്കാം  http://www.mhca2017.com/index.php/act/chapter-x-mental-health-establishments) അതു കേരളത്തിൽ നടപ്പാക്കാത്തതിനാൽ ബാധകമല്ലെന്നാണ് ജോസഫിന്റെ നിലപാടെങ്കിലും മനോരോഗ ചികിത്സയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ജോസഫിന്റെ വാദങ്ങളെ ഖണ്ഡിക്കുന്നു. ലഹരി വിമുക്ത ചികിത്സയ്ക്കായി ഒരു മാസം വരെയും മനോദൗർബല്യ ചികിത്സയ്ക്കായി ഒരു വർഷം വരെയും ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാറുണ്ടെന്നും അധികൃതർ സമ്മതിക്കുന്നുണ്ടെങ്കിലും 2017 ലെ ആക്ട് അനുസരിച്ച് ഇതിനു നിയമസാധുതയുണ്ടോയെന്ന ചോദ്യത്തിനു ഉത്തരമില്ല.

English Summary: Puthujeevan trust hospital has no valid certificate, to face action soon, Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com