ADVERTISEMENT

പറയുന്ന പാട്ടുകാരനാണ് ടി.എം.കൃഷ്ണ. എഴുത്തുകാരനുമാണ്. പറയുന്നതിലെയും എഴുത്തിലെയും ഭാവതാളങ്ങൾക്കൂടി ചേർത്ത് പാടും. കാലമാണ് കൃഷ്ണയെ അങ്ങനെയാക്കുന്നത്. പാടുന്നവൻ പാടിയൊതുങ്ങരുതാത്ത കാലം. വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷ മേഖലകളിൽകൂടി കൃഷ്ണയുമൊത്ത് ഏതാനും മണിക്കൂർ നടന്നു. ഇങ്ങനെയൊരു യാത്ര കൃഷ്ണയുടെ താൽപര്യമായിരുന്നു. സമാധാനത്തിനായി പാടുകയല്ല, തെറ്റിയ രാഗതാളങ്ങളുടെ  നേർക്കാഴ്ചകളായിരുന്നു ലക്ഷ്യം. 

ശിവ് വിഹാറിൽ കത്തിയെരിഞ്ഞ രാജധാനി സ്കൂളിന്റെ മുകൾനിലകളിലേക്ക് ഇരുളും പുകമണവും വകഞ്ഞ് കൃഷ്ണ കയറി. ക്ളാസ് മുറികളിലൊന്നിലെ ബ്ളാക്ക് ബോർഡിൽ രാമ–രാവണചിത്രം. രാവണനുനേരെ അമ്പുതിർക്കുന്ന രാമൻ. തിന്മയ്ക്കുമേൽ നന്മയുടെ വിജയമെന്നു തലക്കെട്ട്. കൃഷ്ണയതു മൊബൈൽ ക്യാമറയിൽ പകർത്തി. തീവയ്ക്കപ്പെട്ടതും കീറിയെറിഞ്ഞതുമായ പുസ്തകങ്ങളും ഓഫിസ് രേഖകളും പൊട്ടിച്ചിതറിയ ജനാലച്ചില്ലുകളും തൂത്തുവാരുന്നതിന് നേതൃത്വം കൊടുക്കുകയാണ് സ്കൂൾ ഉടമ ഫൈസൽ.

tm-krishna-delhi-violence10
വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷ മേഖലകൾ സന്ദർശിക്കുന്ന ടി.എം. കൃഷ്ണ, ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ

സ്കൂളുകളിൽനിന്ന് കുട്ടികൾ പോയശേഷമാണ് ആക്രമണകാരികൾ കടന്നു ചെന്നതെന്നും ഇനി എന്ന് സ്കൂൾ തുറക്കാമെന്ന് അറിയില്ലെന്നും ഫൈസൽ പറഞ്ഞു. കൃഷ്ണയുടെ കൈത്തലങ്ങളിൽ അമർത്തി ഫൈസൽ പറഞ്ഞു: ഞങ്ങൾക്കായി പ്രാർഥിക്കുക. 

സാധകം ചെയ്ത് ശബ്ദം മിനുക്കി, കച്ചേരി നടത്തി കൈയ്യടി വാങ്ങി സംതൃപ്തനാകേണ്ടയാളാണ്. അതല്ല, അല്ലെങ്കിൽ, അതു മാത്രമല്ല തനിക്കു കലയെന്നാണ് കൃഷ്ണപക്ഷം. ഈ ഗലികളിലൂടെ, അഴുക്കു ചാലുകൾക്കടന്ന്, കണ്ണുകളിൽ ആശങ്കനിറച്ച് കൃഷ്ണ നടക്കുമ്പോൾ എന്താവും ഉള്ളിൽ മൂളുന്ന കീർത്തനം? ഇങ്ങനെയും മനുഷ്യരുണ്ടെന്നതു തന്നെ നമ്മുടെ ഭാഗ്യമാണ്.

താനെന്തുകൊണ്ടാണ് ഇങ്ങനെയൊക്കെയാവുന്നത്? അതാണ് മടക്കയാത്രയിൽ കൃഷ്ണ പറഞ്ഞത്.

‘‘കച്ചേരിയുള്ള ദിവസങ്ങളിൽ, സാധാരണ ഗതിയിലാണെങ്കിൽ രാവിലെ 9.30 ക്ക് എഴുന്നേൽക്കും. ഹോട്ടൽ മുറിയിൽ ഇരിക്കും. അങ്ങനെ ഞാൻ കുറെ വർഷം ചെയ്തിട്ടുണ്ട്. ആ കാലം കഴിഞ്ഞു. എന്റെ ചിന്താരീതി മാറി. യാഥാർഥ്യത്തിന്റെ മുന്നിൽ പെടുമ്പോൾ നിങ്ങളുടെ ഉള്ളിലും പുറത്തുമുള്ളതെല്ലാം , വിരൂപവും സുന്ദരവും -എല്ലാം നിങ്ങളുടെ കലയക്ക് സുപ്രധാനമാണ്. നിങ്ങളെന്തോ അതാണു കല. 

tm-krishna-delhi-violence09
വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷ മേഖലകൾ സന്ദർശിക്കുന്ന ടി.എം. കൃഷ്ണ, ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ

ഇതൊന്നും ഞങ്ങളുടെ പണിയല്ലെന്ന് പാട്ടുകാർ പറയുമായിരിക്കും, ഞങ്ങളുടെ പണി പാട്ടാണ്, സാധനയാണ്. എന്താണ് സാധനയെന്നാണ് എന്റെ ചോദ്യം. മുറി പൂട്ടിയിരുന്നു പാടുന്നതാണോ സാധന? അതും സാധനയാണ്. പക്ഷേ,അതൊരു രക്ഷപ്പെടലാവരുത്. എനിക്ക്, വടക്കു കിഴക്കൻ ഡൽഹിയിലേക്കു വരുന്നത് എന്റെ സാധനയുടെ ഭാഗമാണ്. ഇവിടുത്തെ മനുഷ്യർ നേരിടുന്ന ദുരിതങ്ങൾ കാണുന്നത് മനുഷ്യരെയും സംസ്കാരത്തെയും സംഗീതത്തെയും മനസിലാക്കാനുള്ള  ഒരു വഴിയാണ്, നിങ്ങൾ സംഗീതത്തിൽ ഉൾചേർക്കുന്ന വികാരങ്ങൾ മനസിലാക്കാനുള്ള വഴി. വികാരങ്ങൾ മാനുഷിക വികാരങ്ങളാണ്, അന്യഗൃഹജീവികളുടേതല്ല. നിങ്ങളുടെ സന്തോഷവും സങ്കടവുമൊക്കെ മാനുഷികമാണ്. നമുക്കു ചുറ്റുപാടും നടക്കുന്ന കാര്യങ്ങളോട് എത്ര കൂടുതൽ നമ്മൾ ബന്ധപ്പെടുന്നുവോ അതിനനുസരിച്ചു കൂടുതൽ വൈകാരികമാകില്ലേ നിങ്ങളുടെ സംഗീതം?

ഇത്തരം കാഴ്ചകൾ കൃഷ്ണയുടെ സംഗീതത്തെ സ്വാധീനിക്കുന്നു?

തീർച്ചയായും. യാഥാർത്ഥ്യത്തോടു സത്യസന്ധത പുലർത്താൻ തുടങ്ങിയ സമയം മുതൽ എന്റെ സംഗീതം സമൂലമായി മാറി.എന്റെ സംഗീതം ഇപ്പോഴത്തേതുപോലെ ആയിരുന്നില്ല. ജനം എന്റെ സംഗീതം ഇഷ്ടപ്പെട്ടിരുന്നിരിക്കാം. അതു സുന്ദരമായിരുന്നിരിക്കാം. എന്നാൽ രാഷ്ട്രീയവും സാമൂഹികവുമായും സ്വയവും തിരിച്ചറിവുകളുണ്ടായതോടെ  ഞാൻ പാടുന്ന സംഗീതം മാറി. ഇപ്പോൾ എന്റെ സംഗീതാനുഭവം വ്യത്യസ്തമാണ്. ഈ കാഴ്ചകളൊക്കെ  സ്വരഭേദത്തെ, ശബ്ദത്തെ, അനുഭവത്തെ സ്വാധീനിക്കുന്നു. അതായിരിക്കേണ്ടേ കല? 200 വർഷം പഴക്കമുള്ള ത്യാഗരാജ കീർത്തനമാവാം ഞാൻ പാടുന്നത്. പക്ഷേ, ആ കീർത്തനം ഇന്നത്തെ സാഹചര്യത്തിനൊത്ത് സജീവമാകണം.  ഇന്നത്തെ വികാരങ്ങൾ, എന്റെയുള്ളിലെ ഇന്നത്തെ വികാരങ്ങൾ ആ കീർത്തനത്തിന്റെ ഭാഗമാണ്. യാഥാർഥ്യത്തിൽനിന്ന് അകന്നുനിന്ന് ഞാൻ ശബ്ദമുണ്ടാക്കിയാൽ കീർത്തനങ്ങളിൽ ഇന്നത്തെ എന്തു വികാരങ്ങളാണുണ്ടാവുക? ഒന്നുമുണ്ടാവില്ല. അപ്പോൾ, ഇന്നു ഞാൻ നൽകുന്ന കലയിൽ എന്റെ അനുഭവങ്ങളുണ്ടാവണം. ചുറ്റുമുള്ള അനുഭവങ്ങളും ചേരുമ്പോൾ കല കൂടുതൽ യഥാർഥമാവും. എന്റെ കാര്യം അങ്ങനെയാണ്.  അപ്പോൾ, സാധനയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറിയിട്ടുണ്ട്. ശരിയാണ്, ശബ്ദം മിനുക്കി വയ്ക്കുന്നതുൾപ്പെടെ പ്രായോഗികമായ ചില കാര്യങ്ങളുണ്ട്. കാരണം, അതൊരു ഉപകരണമാണ്. ഒരു ഘട്ടം കഴിഞ്ഞാൽ അത്തരം പ്രായോഗിക കാര്യങ്ങളെ മറികടക്കേണ്ടതുണ്ട്. എനിക്കു നന്നായി ഇംഗ്ളിഷ് എഴുതാനറിയാം. ഭാഷ നന്നായി കൈകാര്യം ചെയ്യാൻ എനിക്കറിയാമായിരിക്കും.. എന്നാൽ, നല്ല എഴുത്താവണമെങ്കിൽ അതു ഭാഷയെ മറികടക്കണം. ഞാൻ പത്രങ്ങളിൽ എഴുതിയിട്ടുള്ളതു പല നല്ല കുറിപ്പുകളും താങ്കൾ വായിച്ചിട്ടുണ്ടാവും. എഴുത്തു നല്ലതായിരിക്കും. പക്ഷേ, അവയിൽ വാസ്തവത്തിൽ ഒന്നുമില്ല. അതിൽ ഹൃദയമുണ്ടാവില്ല, യാഥാർഥ്യങ്ങളുണ്ടാവില്ല. അതുതന്നെയാണ് സംഗീതത്തിന്റെ കാര്യം. എനിക്ക് നന്നായി, താളം പിഴയ്ക്കാതെ ആലപിക്കാനാവും. എന്നാൽ, അതിൽ ആത്മാവും യാഥാർഥ്യവുമില്ലെങ്കിൽ എന്തു കാര്യം? സാമൂഹിഹമായും രാഷ്ട്രീയമായും ഇടപെടുകയെന്നത് ഇപ്പോൾ എന്റെ കലാപ്രയോഗത്തിലെ പ്രധാന ഘടകമാണ്. അതുകൊണ്ട്, ഉറങ്ങുന്നില്ലെങ്കിൽ, വിശ്രമിക്കുന്നില്ലെങ്കിൽ എനിക്കു പ്രശ്നമില്ല. പ്രായം ഇപ്പോഴെന്റെ പക്ഷത്താണ്. അതുകൊണ്ട് എനിക്കതു കൈകാര്യം ചെയ്യാനാവും.

tm-krishna-delhi-violence08
വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷ മേഖലകൾ സന്ദർശിക്കുന്ന ടി.എം. കൃഷ്ണ, ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ

സാമൂഹികവുമായും രാഷ്ട്രീയമാവും സജീവമാകുമ്പോൾ താങ്കൾ അസ്വസ്ഥനാവുക സ്വാഭാവികമാണ്.

അസ്വസ്ഥതതന്നെ പലവിധമാവാം. അസ്വസ്ഥതയെ സംഘർഷമെന്നു  പറയാറുണ്ട്. ആ അസ്വസ്ഥത  നല്ലതല്ല.  അത് ഒരു സാഹചര്യത്തെ നേരിടാനാവാതെ വരുന്ന ദുർബലമായ അവസ്ഥയാണ്. നല്ല അർഥത്തിൽ, അസ്വസ്ഥതയെന്നത് നിസംഗനായിരിക്കാൻ താൽപര്യപ്പെടാത്ത അവസ്ഥയാണ്. 

പ്രതികരിക്കാൻ തോന്നിപ്പിക്കുന്ന അസ്വസ്ഥത?

അതെ. നിങ്ങളൊരു പൗരനാവണം. പൗരനായിരിക്കുകയെന്നാൽ അസ്വസ്ഥനായിരിക്കുകയെന്നാണ്. പൗരനായിരിക്കുയെന്നാൽ ചോദ്യം ചോദിക്കുകയെന്നാണ്. അത് നമുക്കെല്ലാം മൗലികമായി വേണ്ടതാണ്. ഒരു കലാകാരൻ  അങ്ങനെയായിരിക്കണം. അങ്ങനെയല്ലത്തയാൾ കലാകാരനല്ല. 

tm-krishna-delhi-violence07
വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷ മേഖലകൾ സന്ദർശിക്കുന്ന ടി.എം. കൃഷ്ണ, ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ

ഈയൊരു മനോഭാവത്തിലേക്കുള്ള മാറ്റം? 

37 വയസുകഴിഞ്ഞ് ശ്രീലങ്കയിലേക്ക് നടത്തിയ യാത്രയാണ് എന്റെ കണ്ണു തുറപ്പിച്ചത്. അതിനു മുൻപും എനിക്കു രാഷ്ട്രീയമുണ്ടായിരുന്നു. എന്നാൽ ശ്രീലങ്കയിലെ അനുഭവം എന്നെ മാറ്റിമറിച്ചു. എന്താണ് സമൂഹത്തിൽ കലയുടെ സ്ഥാനം, എങ്ങനെ മനുഷ്യർ സംസ്കാരവുമായി ഇടപഴകുന്നു, എന്താണ് സംസ്കാരം – ഇതൊക്കെ എനിക്ക് ആഴത്തിൽ മനസിലാക്കാനായത് ശ്രീലങ്കയിൽവച്ചാണ്. കാലങ്ങളായി അകറ്റിനിർത്തപ്പെട്ടതു മാത്രമല്ല, പ്രഹരമേറ്റുകൊണ്ടേയിരുന്ന ഒരു ജനതയാണ് അവിടെയുണ്ടായിരുന്നത്. അവർക്ക്, ഞാനൊരു പാട്ടു പാടണം. ഞാനെന്നോടു തന്നെ ചോദിക്കുകയാണ്, എനിക്കു പാടണോ? ഞാനവിടുത്തെ ടീച്ചർമാരിൽനിന്നു കേട്ടിരുന്നു അവരുടെ സംഗീത, നൃത്ത ക്ളാസുകളെക്കുറിച്ച്. ബോംബ് വർഷിക്കാൻ പോകുന്നുവെന്ന സൈറൺ കേൾക്കുമ്പോൾ അവരെല്ലാം ബങ്കറിലേക്കു പോകും. അരമണിക്കൂറോളം. തിരികെവന്ന് ക്ളാസ് തുടരും. ആലോചിക്കുക, എത്ര രാഷ്ട്രീയ സ്വഭാവമുള്ളതാണ് ആ ഡാൻസ് ക്ളാസ്! ഭരതനാട്യ ക്ളാസിൽ കുട്ടികൾ ചുവടുവയ്ക്കുന്നത് ശിവനെയോ രാമനെകുറിച്ചുള്ള പാട്ടിനായിരിക്കും. അതിനിടെയാണ് ജീവൻ രക്ഷിക്കാനായി ബങ്കറിലേക്ക് ഓടിയൊളിക്കുന്നത്. തിരികെ വന്ന് വീണ്ടും ഡാൻസ് ചെയ്യുന്നു. 

ഇപ്പോൾ നമ്മൾ കണ്ട കാഴ്ചകളുമായി ചേർത്തുവായിക്കുമ്പോൾ?

ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നിട്ടില്ലാത്തതിനാൽ ഞാൻ ഭാഗ്യവാനാണ്. വടക്കു കിഴക്കൻ ഡൽഹിയിലെ ജനത്തിനുണ്ടായതരം അനുഭവം എനിക്കുണ്ടായിട്ടില്ല. എന്നാൽ, സംഗീത സപര്യക്കൊപ്പം, വ്യത്യസ്തമായ അനുഭവങ്ങൾക്കൊപ്പമായിരിക്കാനുള്ള  തുറന്ന മനസെങ്കിലുമുണ്ടാവണം. അത് അനുപേക്ഷണീയമാണ്. ഇത്തരമൊരു മനോഭാവം ഒരു ദിവസം തീരുമാനമെടുത്തുണ്ടായതല്ല, ക്രമേണ, സ്വാഭാവികമായി സംഭവിച്ചതാണ്. എന്റെ ഉള്ളിൽത്തന്നെ എന്റെ കലാരൂപത്തെക്കുറിച്ചുണ്ടായ ചോദ്യങ്ങളിലാണ് അതിന്റെ തുടക്കം. 

tm-krishna-delhi-violence06
വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷ മേഖലകൾ സന്ദർശിക്കുന്ന ടി.എം. കൃഷ്ണ, ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ

കലയിൽനിന്നുതന്നെയാണ് തുടക്കം? 

പൂർണമായും. എന്റെ യാത്ര തുടങ്ങുന്നത് ഈ ചോദ്യങ്ങളിൽനിന്നാണ് – എന്തിനാണ് ഞാൻ ഈ സംഗീതം ആലപിക്കുന്നത്? വിജയകരമായൊരു കച്ചേരി നടത്താൻ എനിക്കറിയാമായിരുന്നു. കൈയ്യടി വാങ്ങാൻ എന്തു ചെയ്യണമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, എന്തിനാണ് ഞാനീ സംഗീതം ആലപിക്കുന്നത്? ഞാൻ ആസ്വാദകരെ സന്തോഷിപ്പിക്കുന്നു. പക്ഷേ, അതു മാത്രം പോരല്ലോ. എന്താണ് ഇതിന്റെയെല്ലാം ഉദ്ദേശ്യം? അതു മനസിലാക്കാൻ ഞാൻ സംഗീതത്തിന്റെ ചരിത്രം പഠിച്ചു. അപ്പോൾ ഞാൻ പരിശോധിച്ചു, ആരാണീ സംഗീതം ആലപിക്കുന്നത്, ആരാണ് ആലപിക്കാത്തത്? ആരാണിതു ശ്രവിക്കാത്തത്? അപ്പോഴാണ് സാമൂഹികമായ ചോദ്യങ്ങളുണ്ടാവുന്നത്. അപ്പോൾ  ലിംഗത്തെയും സ്വത്തത്തെയും ജാതിയെയും സമൂഹത്തെയും കുറിച്ചാണ് ചർച്ച. അപ്പോൾ കൂടുതൽ വായിക്കുന്നു, അപ്പോൾ വേർതിരിവുകളുടെ രാഷ്ട്രീയം,അധികാരശ്രേണിയുടെ രാഷ്ട്രീയം ഒക്കെ മനസിലാക്കുന്നു... കൂടുതലുള്ളവർ .. കുറവുള്ളവർ, കൂടുതൽ ബുദ്ധിയുള്ളവർ ഒരറിവു നല്ലത്, മറ്റൊരു അറിവ് മോശം എന്നതൊക്കെ.

അപ്പോൾ, ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങളുടെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് തുടക്കം. ഞാനാരാണെന്നും ഞാൻ ചെയ്യുന്തെന്നുമൊക്കെയുള്ള കുഴപ്പം പിടിച്ച ചോദ്യങ്ങളിൽനിന്ന്. ആത്യന്തികമായി, അപ്പോഴാണല്ലോ നമ്മൾ രാഷ്ട്രീയവത്കരിക്കപ്പെടുന്നത്. അപ്പോൾ നമ്മൾ ചരിത്രവുമായി, സമൂഹവുമായി ജനങ്ങളുമായി ഇടപഴകുന്നു. എന്റെ കാര്യത്തിൽ, കലകളുമായും സംസ്കാരങ്ങളുമായും   ഉന്നതകലകളെന്നും താഴ്ന്ന കലകളെന്നുമുള്ള ധാരണകളുമായുമൊക്കെയുളള  ഇടപഴകൽ... സംസ്കാരങ്ങൾ വികസിക്കുന്നതെങ്ങനെയെന്നു മനസിലാക്കൽ.. അപ്പോഴാണ് മതത്തെയും വിശ്വാസത്തെയുംകുറിച്ചുള്ള ചോദ്യങ്ങൾ പ്രധാനമായത്. ഈ ഘടകങ്ങളൊക്കെയും എന്റെ സംഭാഷണങ്ങളിൽ ഒഴിവാക്കാനാവാത്തതായി. സ്വാഭാവികമായും ഞാൻ കൂടുതൽ കൂടുതൽ രാഷ്ട്രീയസമീപനമുള്ള വ്യക്തിയായി. എന്റെ സംഗീതത്തിനും കലയ്ക്കും പല നിറങ്ങളും ഇടങ്ങളുമുണ്ടായി ... ആശയങ്ങളുണ്ടായി, വ്യത്യസ്ത മനുഷ്യരും വ്യത്യസ്തമായ കൂട്ടുകെട്ടുകളുമുണ്ടായി.

tm-krishna-delhi-violence05
വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷ മേഖലകൾ സന്ദർശിക്കുന്ന ടി.എം. കൃഷ്ണ, ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ

പലതരം തൊട്ടുകൂടായ്മകൾ എന്നും കലയിലുണ്ടായിരുന്നു. അതിനെ ചോദ്യം ചെയ്യാൻ പലപ്പോഴും താങ്കൾ ശ്രമിച്ചിട്ടുണ്ട്. 

കലയിലെ പാർശ്വവത്കരണം എന്നുമെനിക്ക് വിഷയമായിരുന്നു. സാംസ്കാരിക ജനാധിപത്യത്തെക്കുറിച്ച് സംഭാഷണങ്ങൾ  ഉണ്ടാവാത്തതിനെക്കുറിച്ചാണ് ഇക്കാലത്ത് ഞാൻ കൂടുതലായി പറയുന്നത്. ഈ രാജ്യത്ത് അത്തരമൊരു സംഭാഷണമുണ്ടായിട്ടില്ല. വിദ്യാഭ്യാസം ,ആരോഗ്യ പരിപാലനം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയവയിലെ ജനാധിപത്യം, സമത്വം, സാഹോദര്യം, സോഷ്യലിസ്റ്റിക് കാഴ്ചപ്പാടുകൾ എന്നിവയെക്കുറിച്ചൊക്കെ നമ്മൾ ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ, സംസ്കാരിക സമ്പ്രദായങ്ങളെക്കുറിച്ചോ? നമ്മുടെ അനുഷ്ഠാനങ്ങൾ, നമ്മുടെ സാംസ്കാരങ്ങൾ,വിശ്വാസം, ഞാൻ സൃഷ്ടിക്കുന്ന കല... 

ദിവസംമുഴുവൻ സമത്വത്തെക്കുറിച്ചു സംസാരിച്ചശേഷം കർണാടക സംഗീത കച്ചേരി  കേൾക്കാൻ വരുന്ന പ്രശസ്തരായ സിപിഎം നേതാക്കളുണ്ട്. അവരും പക്ഷേ, കർണാടക സംഗീതത്തിലെ സമത്വമില്ലായ്മയെ ഒരിക്കലും ചോദ്യം ചെയ്യില്ല. എങ്ങനെ ആ അസമത്വത്തോട് അവർ പൊരുത്തപ്പെടുന്നുവെന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. നിങ്ങൾ ജാതീയതയുള്ള കലാരൂപങ്ങളെക്കുറിച്ചു പറയുന്നു. പക്ഷേ, അവയെ രാഷ്ട്രീയമായി സമീപിക്കുന്നില്ല. കാരണം, കലയിലെയും സംസ്കാരത്തിലെയും വേർതിരിവുകളെ അഭിമുഖീകരിക്കാൻ നിങ്ങൾ തയ്യാറായിട്ടില്ല. കലയും സംസ്കാരവും അടഞ്ഞ അവസ്ഥയിലാണ്. നമ്മൾക്കു സാമൂഹിക മാറ്റങ്ങൾ വേണമെങ്കിൽ അവയെ അഭിമുഖീകരിക്കാൻ സാധിക്കണം. കുറെ ശുചിമുറികൾ നിർമ്മിച്ചു എന്നതുകൊണ്ടു മാത്രം ആരും അവ ഉപയോഗിക്കില്ല. ആദ്യം ശുചിമുറി ഉപയോഗിക്കുകയെന്ന സംസ്കാരമുണ്ടാവണം. അതു മൗലികമാണ്. അപ്പോൾ, ജനങ്ങളുടെ വിശ്വാസത്തിൽ, ആചാരങ്ങളിൽ, കലാരൂപങ്ങളിൽ ഒക്കെ സമത്വത്തിന്റെ സംസ്കാരം സൃഷ്ടിക്കാതെ എങ്ങനെ സമൂഹത്തെ മാറ്റാനാവും? വളരെ ലളിതമായ കാര്യങ്ങളിലുൾപ്പെടെ വേർതിരിവുകളുടേതായ അതിരുകളെയും അടയാളങ്ങളെയും ശക്തമായി ചോദ്യം ചെയ്യാൻ നമുക്കു സാധിക്കണം. നമ്മൾ കലകൾ അവതരിപ്പിക്കുന്ന രീതി, ഞാൻ പാടില്ലാത്ത പാട്ടുകൾ, ഞാൻ ചില സ്ഥലങ്ങളിൽ പാടില്ലാത്ത പാട്ടുകൾ, ചില സാംസ്കാരിക മേഖലകളിൽ ചിലരെ അംഗീകരിക്കാത്തത് – ഇതൊക്കെയും സാംസ്കാരിക സംഭാഷണങ്ങളുടെ ഭാഗമാകണം. നമ്മുടെ വിശ്വാസത്തിൽ, നമ്മുടെ മതത്തിൽ , നമ്മുടെ ആചാരാനുഷ്ഠാനങ്ങളിൽ, നമ്മുടെ സംഗീതത്തിൽ, നമ്മുടെ നൃത്തരൂപങ്ങളിൽ സമത്വത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള മൗലികമായ ആശയങ്ങൾ ഉൾച്ചേർക്കാതെ സമൂഹം മാറില്ല. 

tm-krishna-delhi-violence01
വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷ മേഖലകൾ സന്ദർശിക്കുന്ന ടി.എം. കൃഷ്ണ, ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ

സംസ്കാരത്തിലെ ജനാധിപത്യ ഘടകങ്ങളെക്കുറിച്ച് കൂടുതൽ പറയാമോ?

ഏതു സാംസ്കാരിക രീതികളിലും ജനാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ ഘടകങ്ങളുണ്ട്. അത് ആകെ കുഴമറിഞ്ഞതാണ്, ലളിതമല്ല. ജാതിയിലും വേർതിരിവുകളിലും പൂണ്ടുകിടക്കുന്ന സാംസ്കാരിക പാരമ്പര്യങ്ങളെ നമ്മൾ എങ്ങനെയാണ് സമീപിക്കേണ്ടത്? ചിലതിൽ അതിന്റേതായ സൗന്ദര്യമുണ്ട്. അവയെയെല്ലാം പൂർണമായി തള്ളിക്കളയുക, അല്ലെങ്കിൽ, അവയെക്കുറിച്ചൊന്നും സംസാരിക്കാതിരിക്കുക എന്ന രീതിയുണ്ട്. അതൊരു പ്രശ്നമാണ്. അങ്ങനെയല്ല വേണ്ടത്. ആചാരങ്ങളെയും സംസ്കാരങ്ങളെയും അഴിച്ചുപണിയാൻ ചെയ്യാൻ നമുക്കു സാധിക്കുമോയെന്നതാണ് ചോദ്യം. കലാരൂപങ്ങൾക്കു കൂടുതൽ ജനാധിപത്യപരമാകാൻ സാധിക്കുമോ? എന്റെ കാര്യമെടുത്താൽ, കർണാടക സംഗീതത്തിന് എന്തിനെയും എല്ലാവരെയും കുറിച്ചു പാടാനാകുമോ? എല്ലാ ശബ്ദങ്ങളും ശ്രവിക്കപ്പെടുന്ന ഇടമായി മാറാൻ അതിനു സാധിക്കുമോ? എല്ലാ ഭാഷാഭേദങ്ങളും ആലപിക്കുന്ന ഇടമായി മാറാനാവുമോ? ജാതിയും ലിംഗവും ബാധകമാകാതെ ശരിക്കും ആർക്കും സമീപിക്കാവുന്ന ഇടമാകാമോ? ട്രാൻസ്ജെൻഡർ എന്നു പരസ്യമായി വ്യക്തമാക്കുന്ന വ്യക്തിക്ക് മാറ്റിനിർത്തപ്പെടില്ലെന്ന് ഉറപ്പുണ്ടാവുമോ? മതമെടുത്താൽ, ഒരു ട്രാൻസ്പഴ്സണ് പൂജാരിയാകാൻ സാധിക്കുമോ? അങ്ങനെയൊക്കെയാണ് സാംസ്കാരിക സമ്പ്രദായങ്ങളെ പുനരാവിഷ്കരിക്കേണ്ടത്. സംസ്കാരിക മേഖലകളിലുള്ളവരുമായി, മതത്തിലുള്ളവരുമായി ഇത്തരത്തിൽ ഊക്കുള്ള സംഭാഷണങ്ങൾ ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം, പുതുവഴികൾ കണ്ടെത്താനുള്ള സംഭാഷണങ്ങൾ.  ശരിയാണ്, വളരെ എളുപ്പമുള്ളതല്ല, കുഴമറിഞ്ഞ കാര്യമാണ് ഞാൻ പറയുന്നത്. ഇന്നോ നാളെയോ സംഭവിക്കുമെന്നും ഞാൻ പറയുന്നില്ല. നമ്മുടെ ആഘോഷങ്ങളിൽ നാമോരോരുത്തരും സമത്വത്തോടെ ഇടപെടാതെയെങ്ങനെ? നമ്മുടെ ആഘോഷങ്ങളിൽ പലതിനെയും, നമ്മുടെമേൽ അടിച്ചേൽപിക്കപ്പെടുന്ന പലതിനെയും നാം ചോദ്യം ചെയ്യുന്നില്ലെന്നതാണ് വാസ്തവം. നമ്മളതു ചെയ്യില്ല.  ഒന്നുകിൽ നമ്മൾ പറയും – അവഗണിക്കുക, അല്ലെങ്കിൽ ആഘോഷിക്കുക – ഈ രണ്ടു വഴികൾ മാത്രം. അവഗണിക്കുയെന്ന് പുരോഗമനവാദി പറയും. ആഘോഷിക്കുകയെന്ന് യാഥാസ്ഥിതികൻ ; വൈദേശിക സംസ്കാരം നമുക്കു മേൽ അടിച്ചേൽപിക്കപ്പെടുന്നുവെന്നും അയാൾ പറയും. 

ഗംഗാ യമുനാ തെഹസീബ് എന്നൊക്കെ പറയുന്നതിന് ഒരർഥവുമുണ്ടാകില്ല – ഗംഗയെന്ത് യമുനയെന്ത് എന്നു മനസിലാക്കാതെ. ഗംഗയുമായി ഇടപഴകാൻ, ഗംഗയെ മാനിക്കാൻ നമുക്കു സാധിക്കണം. വിശ്വാസങ്ങളോട്, പരമ്പരാഗതമായ സാംസ്കാരിക രീതികളോട് ബഹുമാനം സൃഷ്ടിക്കാൻ പുരോഗമനപരമായ സംഭാഷണങ്ങൾക്കു സാധിക്കണം. അവയിലൂടെ മാറ്റങ്ങൾ കൊണ്ടുവരാനാവണം – അവിടെനിന്ന് പുതുവഴികൾ, പുതിയ പാട്ടുകൾ, പുതിയ നൃത്തങ്ങൾ.

tm-krishna-delhi-violence02
വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷ മേഖലകൾ സന്ദർശിക്കുന്ന ടി.എം. കൃഷ്ണ, ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ

വിശ്വാസിയായിരിക്കാൻ എളുപ്പമാണ്, ബഹുമാനിക്കുകയെന്നത് അവിശ്വാസിക്ക് അത്ര എളുപ്പമല്ല.

നിങ്ങൾക്കു വിശ്വാസമുണ്ടോ ഇല്ലയോ എന്നത് എനിക്കു പ്രശ്നമല്ല. പല തെറ്റായ വ്യാഖ്യാനങ്ങളുമുണ്ട്. ഉദാഹരണത്തിന്, ലിബറലിസത്തെയും പുരോഗമനവാദത്തെയും പലരും നിരീശ്വരവാദമെന്നു കരുതുന്നു. അതങ്ങനെ സംഭവിക്കാൻ നമ്മളാണ് അനുവദിക്കുന്നത്. അതിനു വലതുപക്ഷക്കാരെ കുറ്റം പറയരുത്. ആ അർഥം ചേർക്കലിൽ നമുക്കും പങ്കുണ്ട്. ചില കാര്യങ്ങളിൽ ആഴത്തിൽ വിശ്വസിക്കുന്നവരെ യാഥാസ്ഥിതികനെന്നു പറഞ്ഞ് തള്ളിമാറ്റുകയാണ് നമ്മൾ ചെയ്തത്. 

വിശ്വാസം തന്നെ യാഥാസ്ഥിതികമെന്നു പറഞ്ഞ്? 

tm-krishna-delhi-violence03
വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷ മേഖലകൾ സന്ദർശിക്കുന്ന ടി.എം. കൃഷ്ണ, ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ

അതെ. പുരോഗമന ചിന്താഗതിയുള്ള ഒട്ടേറെ യാഥാസ്ഥിതികരുണ്ട്. അവരെക്കൊണ്ടും സാധിക്കുന്നിടത്തോളം അവർ പുരോഗനപരമായി ചിന്തിക്കുന്നു. പുരോഗമനവാദികളിൽ ഭൂരിപക്ഷവും കടുത്ത യാഥാസ്ഥിതികരാണ്. അവരതു മറച്ചുപിടിക്കുന്നുവെന്നു മാത്രം. സംസ്കാരത്തിനുള്ളിൽതന്നെ, വിശ്വാസങ്ങളിൽ, ആചാരാനുഷ്ഠാനങ്ങളിൽ, പാട്ടുകളിൽ ഒക്കെ സംഭാഷണത്തിന്റെ ബഹുവിധ ധാരകൾ സൃഷ്ടിക്കുകയാണു വേണ്ടത്. ആ ധാരകൾ തമ്മിൽ മൽസരിക്കട്ടേ. അത് എളുപ്പമാവണമെന്നില്ല. കാരണം, നമ്മുടെ പരമ്പരാഗത രീതികളിൽ ജാതിയൊരു വലിയ പ്രശ്നമാണ്. ലിംഗം മറ്റൊരു വലിയ പ്രശ്നമാണ്. പക്ഷേ, അതു പറഞ്ഞ് അവയെ തള്ളിക്കളയാനാവില്ല. അവയെ ബഹുമാനിച്ച്, അവയുമായി ഇടപെടാനാവണം. അതാണ് ഏറ്റവും പ്രധാനം. ഉദാഹരണത്തിന്, ശബരിമല – എങ്ങനെയാണ് ആ വിഷയത്തെക്കുറിച്ച് സംവാദം സാധ്യമാകുക? സ്ത്രീകൾ ശബരിമലയിൽ പോകണം എന്നതിൽ എനിക്കു സംശയമില്ല. പക്ഷേ, ആ ഒരു മാറ്റത്തിനായുള്ള സംവാദം എങ്ങനെ സാധ്യമാകുമെന്നതാണ് പ്രശ്നം. സുസ്ഥിരമായൊരു മാറ്റത്തിന് എങ്ങനെ ആ സംവാദം സാധ്യമാക്കും.

സർക്കാരോ കോടതിയോ ഉത്തരവിറക്കിയാൽ മാറ്റം വരുത്താനാവില്ല.

അതു വ്യക്തമാക്കുന്നത് ലിംഗനീതിയെയും വിശ്വാസത്തെയും കുറിച്ച് കഴിഞ്ഞ 30 വർഷം നമ്മൾ ചർച്ച നടത്തിയിട്ടില്ലെന്നാണ്. പെട്ടെന്നൊരു ദിവസം കോടതിയൊരു ഉത്തരവിറക്കി, ജനമതു പാലിക്കണമെന്നു പറഞ്ഞാൽ എങ്ങനെ ശരിയാവും? സംഭാഷണമില്ലാതെയെങ്ങനെ?

ആരു സംഭാഷണം നടത്തും? 

അവിടെയാണ് ഈ രാജ്യത്ത് സാംസ്കാരിക – കലാരംഗത്തുള്ളവരുടെ പ്രാധാന്യം. കഴിഞ്ഞ 30 വർഷത്തിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ, പാഠപുസ്തകത്തിൽ സമത്വത്തെക്കുറിച്ച് നമ്മൾ എന്തു പഠിപ്പിച്ചു? പരീക്ഷയ്ക്കായി നമ്മൾ മനഃപാഠമാക്കുന്ന സിവിക്സ് പുസ്തകത്തിൽ എന്താണുള്ളത്? സമത്വമെന്നതിനെ നമ്മളാരും ശരിയായി മനസിലാക്കുന്നില്ലെന്നതാണ് വാസ്തവം. നമ്മൾ പുസ്തകങ്ങൾ വായിക്കും, സമത്വത്തെക്കുറിച്ച് അതിൽ പറയുന്നത് തത്തയെപ്പോലെ ആവർത്തിക്കും. നമുക്ക് സമ്വതത്തിന്റേതായ തോന്നലില്ല. സമത്വമെന്തെന്നു മനസിലാക്കതെ നമ്മൾ എങ്ങനെയാണ് അതിനെക്കുറിച്ചു സംസാരിക്കുക?

ഒരു മതവും അത്തരമൊരു സംവാദത്തിനു തയ്യാറല്ലെന്നതും വാസ്തവമാണ്. 

മതത്തിന്റെ മാത്രമല്ല, സാംസ്കാരിക സമ്പ്രദായങ്ങളുടെയും കാര്യമതാണ്. അപ്പോൾ നമ്മൾ തുടങ്ങുന്നത് ഒന്നുമില്ലായ്മയിൽനിന്നാണ്.  തീർത്തും ഭിന്നിച്ചു നിൽക്കുന്ന പരിതസ്ഥിതിയിൽനിന്നാണ് നമ്മൾ തുടങ്ങുന്നത്. നമ്മൾ ഇതേക്കുറിച്ചൊക്കെ ഇപ്പോൾ ആലോചിച്ചു തുടങ്ങുന്നു, യഥാർഥത്തിൽ ഇതൊക്കെ സംഭവിക്കുക പിന്നീടാവാം. പക്ഷേ, സംഭാഷണങ്ങൾക്കുള്ള സാഹചര്യം സൃഷ്ടിച്ചേ മതിയാവൂ. അതുകൊണ്ടാണ്, കലയിലും സംസ്കാരത്തിലുംനിന്നു തുടങ്ങണമെന്നു ഞാൻ പറയുന്നത്. അവിടെ അനുഭവതലങ്ങൾ വ്യത്യസ്തമാണ്. എന്തെങ്കിലും മനസിലായിട്ടല്ല, എവിടെയോ സ്പർശിച്ചു എന്നതുകൊണ്ടാവും വ്യക്തികൾക്കു പലതും മനസിലാവുക. പലരും പറയും, ആഴത്തിൽ അനുഭവവേദ്യമായെന്ന്. എനിക്കു പല കാര്യങ്ങളും മനസിലായെന്നിരിക്കും., പക്ഷേ, ഞാനെന്റെ രീതികൾ മാറ്റണമെന്നില്ല. ഇന്നലെ എന്റെ പ്രഭാഷണം കേട്ടശേഷം ഒരാൾ വന്നു പറഞ്ഞു: നിങ്ങൾ പറഞ്ഞതൊക്കെ എനിക്കു മനസിലായി. പക്ഷേ, ഈ ബ്രാഹ്മണൻ എന്നത്  സാംസ്കാരികമായ സംഗതിയാണോ? മനഃശാസ്ത്രപരമായി അയാൾക്കു കാര്യങ്ങൾ യുക്തിസഹതമായി മനസിലാവുന്നു. പക്ഷേ, ജീവിച്ചുവന്ന രീതിയുണ്ട്. അതെങ്ങനെ മാറ്റുമെന്നതാണ് ചോദ്യം. അവിടെയാണ് സാഹിത്യത്തിന്റെയും സംഗീതത്തിന്റെയുമൊക്കെ പ്രസക്തി. വളരെ ലളിതമായ കാര്യമാണ് – നമ്മുടെ പാഠപുസ്തകങ്ങളിൽ സമത്വത്തെക്കുറിച്ചുള്ള പാട്ടുകളുണ്ടാവണം, ചെറുകഥകളുണ്ടാവണം. നാടകങ്ങളിൽ സെക്‌ഷ്വാലിറ്റിയും മതവും അവയിലെ പ്രശ്നങ്ങളുമൊക്കെ ചർച്ച ചെയ്യണം. അവയൊക്കെ സ്കൂളുകളിലെ പഠനത്തിന്റെ ഭാഗമാകണം. 

തുറവിയില്ലായ്മ നമ്മുടെ രാജ്യത്തെ മാത്രം പ്രശ്നമല്ല? 

അല്ല, ഇതൊരു ആഗോളപ്രശ്നമാണ്. എന്നാൽ, ചില സമൂഹങ്ങൾ എല്ലാ പ്രശ്നങ്ങൾക്കിടയിലും സമത്വത്തെയും ജനാധിപത്യത്തെയുംകുറിച്ച് സംസാരിക്കുന്നു. ഇതൊന്നും ആധുനിക ആശയങ്ങളല്ല. മനുഷ്യകുലത്തിന്റെ ആശയങ്ങളാണ്. എല്ലാവരും തുല്യരാണെന്നത് അത്തരമൊരാശയമാണ്. ഇത് യുഎസിൽ വളരെ സജീവമായ വിഷയമാണ്. ശരിയാണ്, ലോകത്തിലെ ഏറ്റവും വർണവെറിയുള്ള രാജ്യങ്ങളിലൊന്നാണത്. പക്ഷേ, അവർക്ക് സമത്വം സജീവമായ ആശയമെന്നതു സമ്മതിച്ചേപറ്റൂ. സ്കൂളുകളിൽ കുട്ടികൾക്ക് അവകാശങ്ങളെക്കുറിച്ചു ബോധമുണ്ടാകുന്നു. അതുകൊണ്ടാണ്  പബ്ളിക് സ്കൂളിങ്ങിന് അവിടെ വലിയ പങ്കുണ്ടാവുന്നത്. നമ്മുടെ രാജ്യത്ത് സ്വകാര്യ സ്കൂളുകൾ കുത്തഴിഞ്ഞ നിലയിലാണ്. നമ്മുടെ സ്കൂൾ സമ്പ്രദായംതന്നെ ജാതീയമാണ്. ഏതു ജാതിക്കാരാണ് പ്രൈവറ്റ് സ്കൂളിൽ പോകുന്നതെന്നും ഏതു ജാതിക്കാരാണ് പബ്ളിക് സ്കൂളിൽ പോകുന്നതെന്നും നമുക്കറിയാം. ജാതീയമായ സ്കൂൾ സമ്പ്രദായം സൃഷ്ടിച്ചിട്ട്, അതിൽനിന്നു പുറത്തുവരുന്ന വിദ്യാർഥികൾക്കു ജാതിചിന്തയുണ്ടാവരുത് എന്നു പറഞ്ഞാൽ എങ്ങനെ ശരിയാവും? 

ജാതീയതയുടെ പ്രശ്നങ്ങളെക്കുറിച്ചു ബോധ്യമുള്ള സമൂഹം എങ്ങനെ സാധ്യമാവും – വളരുന്നത്, സ്വഭാവ രൂപീകരണമുണ്ടാവുന്നത് ഏകരൂപമായ സാഹചര്യത്തിലാണെങ്കിൽ ? അപ്പോൾ, നമ്മുടെ വിദ്യാഭ്യാസത്തെ തന്നെ പുനർഭാവന ചെയ്യേണ്ടതുണ്ട്. വിദ്യാഭ്യാസമെന്നാൽ സംസ്കാരം തന്നെയാണ്. മറ്റൊന്നുമല്ല.

എന്തായാലും, ഭരണഘടന അംഗീകരിച്ച് എഴുപതാം വർഷത്തിൽ നമ്മുടെ രാഷ്ട്രീയനേതാക്കളിൽ പലരും, മതനേതാക്കളിൽ പലരും ഭരണഘടനയുടെ ആമുഖം വായിക്കുന്നു. അതൊരു വലിയ മാറ്റമാണ്. അതിന്റെ ക്രെഡിറ്റ് ബിജെപിക്കാണ്.

അതുതന്നെ ഞാൻ നേരത്തെ പറഞ്ഞ പ്രശ്നം അടിവരയിടുന്നു. നമ്മുടെ സ്കൂളുകളിൽ ചെയ്യേണ്ട കാര്യങ്ങൾ. സ്കൂളുകളിൽ എല്ലാ മതത്തെയും കുറിച്ചു പാട്ടുകൾ വേണം. എല്ലാ താളങ്ങൾക്കും നൃത്തം ചെയ്യാൻ എല്ലാ സ്കൂളിലും സാധിക്കണം. ലിംഗപരമായ കാര്യങ്ങളെക്കുറിച്ച് സ്കൂളുകളിൽ ചർച്ച വേണം. അതു നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാകണം. പടം വരയ്ക്കാൻ, ഡാൻസ് ചെയ്യാൻ – അതിനൊക്കെ ശരീരത്തെ ഉപയോഗിക്കാൻ കുട്ടിയോടു പറയണം.

ക്ളാസിക്കലെന്നാൽ ശാസ്ത്രീയമെന്ന വ്യാഖ്യാനവുമുണ്ട്.

ശാസ്ത്രീയം, ശുദ്ധം – ക്ളാസിക്കലെന്നാൽ സംശുദ്ധം, പഴക്കമുള്ളത് – ഇതൊക്കെ ശുദ്ധ അബദ്ധമാണ്. ഒരു മൂല്യവുമില്ല. ക്ളാസിക്കൽ പ്രയോഗം പൊട്ടത്തരമാണെന്നു പല തവണ ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷേ, അങ്ങനെയാണ് സർക്കാർ പ്രചരിപ്പിച്ചത്.  വൈവിധ്യം കാണിക്കാൻ വേണ്ടി മാത്രം നാഗാലാൻഡിൽനിന്നുള്ള ഡ്രമ്മർമാരെയും മറ്റും അവതരിപ്പിക്കും. സൈഡ് ഷോ ആയി. അതാണ് കാലങ്ങളായി നമ്മൾ ചെയ്യുന്നത്. എന്നിട്ട്, പെട്ടെന്നു നമ്മൾ തിരിച്ചറിയുന്നു ഇതെല്ലാം നമ്മുടെ മുഖത്തടിക്കുന്നുവെന്ന്. അതുകൊണ്ടാണ് ഞാൻ പറയുന്നത് നമ്മൾ ഒരു കാലത്തും സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും കരുത്തിനെ മാനിച്ചിട്ടില്ലെന്ന്. 

വടക്കു കിഴക്കൻ ഡൽഹി കണ്ടശേഷം നമ്മുടെ ഈ യാത്ര അവസാനിക്കുമ്പോൾ ഏതു പാട്ടാണ് കൃഷ്ണയുടെ മനസിൽ വരുന്നത്?

അള്ളാ മേഘ് ദേ പാനീ ദേ, ഛായാ ദേ രേ രാമാ മേഘ് ദേ, ശ്യാമാ മേഘ് ദേ, അള്ളാ മേഘ് ദേ – ബർമ്മന്റെ പ്രശസ്തമായ ബംഗാളി പാട്ടാണത്. ബർമ്മൻ തന്നെ അതു പാടിയിട്ടുമുണ്ട്.  അതാണ് എന്റെ മനസിൽ വരുന്നത്. അള്ളാഹുവും രാമനും ശ്യാമനും അവർക്കു ജലം നൽകട്ടേ, സ്നേഹം – സാധ്യമായതൊക്കെയും നൽകട്ടേ – സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാൻ സഹായിക്കുന്നതൊക്കെയും. ഇതൊക്കെ കാണുമ്പോൾ ഞാൻ സ്വയം ചോദിക്കുന്നു... എന്താണ് വാസ്തവത്തിൽ നമ്മൾ പ്രാർഥിക്കുന്നത്? എന്താണ് അതിന്റെയൊക്കെ അർഥം? ചിലതിലൊക്കെ വിശ്വസിക്കുന്നു. എന്താണ് അതിന്റെയൊക്കെ അർഥം? എന്താണ് നമ്മെ സംബന്ധിച്ച് അതിന്റെയൊക്കെ മൂല്യം? മൗലികമായി നമ്മുടെ വിശ്വാസത്തിനു ബലം നൽകേണ്ട വാക്കുകൾ മറ്റൊരാളെ അടിക്കാനും കൊല്ലാനും കത്തിക്കാനും പ്രേരിപ്പിക്കുന്നെങ്കിൽ, എന്താണീ വിശ്വാസം? എനിക്കറിയില്ല. നമുക്കു മനോഹാരിതയുള്ളപ്പോഴാണ് അള്ളായും രാമനും ശ്യാമനും മനോഹരമാകുന്നത്. അതു നമ്മൾ മറക്കുന്നു. നമ്മൾ വിശ്വസിക്കുന്നതെന്തോ അതിനെ നിധിയായി സൂക്ഷിക്കണം. അല്ലാത്തപ്പോൾ വിശ്വാസം ആയുധമാകും. അതാണ് ഈ സ്ഥലങ്ങൾ കാണിച്ചുതരുന്നത്. രാമനും ശ്യാമനും അള്ളാഹുവും മനോഹരമായിരിക്കട്ടേ... അക്കാലമത്രയും നമ്മൾ സുരക്ഷിതരാണ്. 

Content Highlight: Special Interview with TM Krishna on Delhi Violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com