ADVERTISEMENT

മലപ്പുറം ∙ മങ്കട ഗവ. ഹൈസ്കൂളിലെ പരീക്ഷാ ഹാളിൽ ഇന്ന് ഹാറൂൺ കരീം എഴുതിയത് ചരിത്രമായിരുന്നു; സംസ്ഥാനത്ത് ആദ്യമായി കംപ്യൂട്ടർ ഉപയോഗിച്ച് എസ്എസ്എൽസി പരീക്ഷ എഴുതിയെന്ന ചരിത്രം. കാഴ്ച വൈകല്യമുള്ള ഹാറൂണിന്റെ ആത്മവിശ്വാസത്തിന് മാർക്കിടേണ്ടത് നൂറിൽ നൂറാണ്.

Haroon-kareem1
ഹാറൂൺ മങ്കട ഗവ.ഹൈസ്കൂളിലെ പരീക്ഷാ ഹാളിലേക്ക് എത്തുന്നു

മേലാറ്റൂർ സ്വദേശി ഹാറൂൺ പരീക്ഷാ ഹാളിലേക്ക് ഇന്ന് ഒൻപതേകാലോടെ തന്നെ എത്തി. ഹാറൂണിനു പരീക്ഷ എഴുതാനുള്ള ലാപ്ടോപുമായി വടക്കാങ്ങര ടിഎസ്എസിലെ സ്കൂൾ ഐടി കോഓർഡിനേറ്റർ സി. മനോജും ഒൻപതരയോടെ പരീക്ഷാ ഹാളിലേക്കു വന്നു.

Haroon-kareem2
ബാഗിൽ നിന്നു കീ ബോർഡ് പുറത്തെടുക്കുന്നു

പ്രത്യേകം സജ്ജീകരിച്ച ക്യാബിനുള്ളിലായിരുന്നു പരീക്ഷ. മനോജ് മാഷ് വായിച്ചുകൊടുത്തു ചോദ്യങ്ങൾ ശ്രദ്ധയോടെ കേട്ട ഹാറൂൺ കീ ബോർഡിൽ ഉത്തരങ്ങൾ അതിവേഗത്തിൽ ടൈപ്പ് ചെയ്യുകയായിരുന്നു. മലയാളം പരീക്ഷ നന്നായി എഴുതാനായി എന്ന സന്തോഷത്തോടെയാണ് ഹാറൂൺ മടങ്ങിയത്. ഹാറൂൺ ഉത്തരങ്ങൾ എഴുതിയ വേഡ് ഫയൽ പ്രിന്റ് ഔട്ട് എടുത്ത് ഉത്തരക്കടലാസിനോടൊപ്പം ചേർത്തുകെട്ടിയാണ് മൂല്യനിർണയത്തിന് അയയ്ക്കുന്നത്. 

Haroon-kareem3
പരീക്ഷ എഴുതാനുള്ള ലാപ്ടോപ് ഐടി അധ്യാപകൻ സി. മനോജ് ഹാറൂണിനു നൽകുന്നു

ഭിന്നശേഷിക്കാരെ പരീക്ഷ എഴുതാൻ സഹായിക്കുന്ന സ്ക്രൈബിനെ വേണ്ടെന്നു വച്ച്, വിദ്യാഭ്യാസ മന്ത്രിയെ നേരിട്ടുകണ്ടാണ് ഹാറൂൺ കംപ്യൂട്ടറിൽ പരീക്ഷ എഴുതാനുള്ള അനുമതി വാങ്ങിയത്.

Haroon-kareem4
മനോജ് മാഷ് ഹാറൂണിനു ചോദ്യങ്ങൾ വായിച്ചു കൊടുക്കുന്നു

ജന്മനാ കാഴ്ചശക്തി ഇല്ലാത്ത ഹാറൂൺ ഇതിനോടകം കാഴ്ചവെല്ലുവിളികളുള്ള വിദ്യാർഥികളുടെ പഠന സഹായത്തിനായി 25 സോഫ്‍റ്റ്‌വെയറുകളും മൊബൈൽ ആപ്പും വികസിപ്പിച്ചെടുത്തു കഴിഞ്ഞു. സ്വന്തമായി വികസിപ്പിച്ച സ്ക്രീൻ റീഡർ, ഇൻഫിറ്റി എഡിറ്റർ എന്നീ സോഫ്‍റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. തനിക്ക് അർഹതപ്പെട്ട മാ‍ർക്ക് സ്വയം എഴുതി വാങ്ങണം എന്ന നിർബന്ധമാണ് കാരണം.

Haroon-kareem5
ഹാറൂൺ ഉത്തരങ്ങൾ കീബോർഡിൽ ടൈപ്പ് ചെയ്യുന്നു

സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ പ്രത്യേക ഇടപെടലിനെ തുടർന്നാണ് സ്വന്തമായി പരീക്ഷ എഴുതണം എന്ന ആഗ്രഹവുമായി ഹാറൂൺ വിദ്യാഭ്യാസ വകുപ്പിന്റെ മുന്നിലെത്തിയത്. ‌മന്ത്രി സി.രവീന്ദ്രനാഥ് പ്രത്യേക അനുമതി നൽകുകയായിരുന്നു. മേലാറ്റൂർ ഒലിപ്പുഴ സ്വദേശി അബ്ദുൽ കരീമിന്റെയും സബീറയുടെയും മകനാണ്.

(എഴുത്തും ചിത്രങ്ങളും: സമീര്‍ എ ഹമീദ്)

English Summary: Haroon Kareem, who write SSLC Exam in computer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com