ADVERTISEMENT

ജനീവ ∙ ലോകത്തെ ഭീതിയിലാഴ്ത്തി പരക്കുന്ന കോവിഡ് 19 രോഗത്തെ മഹാമാരിയായി (pandemic) പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ആശങ്കപ്പെടുത്തുന്ന വിധത്തിൽ കൊറോണ വൈറസ് പരക്കുന്നതും അതിന്റെ തീവ്രതയേറിയതുമാണ് മഹാമാരിയായി പ്രഖ്യാപിക്കാനുള്ള ഒരു കാരണം. വൈറസിനെ തടയാനുള്ള പ്രവർത്തനങ്ങൾ പല രാജ്യങ്ങളും കാര്യക്ഷമമായി നടപ്പാക്കാത്തതും പ്രഖ്യാപനത്തിനു പിന്നിലുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം ഗെബ്രയേസസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി 30ന് കൊറോണയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിനു ശേഷമുള്ള ഡബ്ല്യുഎച്ച്ഒയുടെ നിർണായക നീക്കമാണിത്. ഡബ്ല്യുഎച്ച്ഒയുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള മുന്നറിയിപ്പായിരുന്നു അത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സമയത്ത് ചൈനയ്ക്കു പുറത്ത് നൂറിൽ താഴെ മാത്രം കൊറോണ കേസുകളേ റിപ്പോർട്ട് ചെയ്തിരുന്നുള്ളൂ. ഇപ്പോൾ 114 രാജ്യങ്ങളിലായി 1.18 ലക്ഷത്തിലേറെ പേർക്ക് രോഗം ബാധിച്ചുകഴിഞ്ഞു. മാർച്ച് 11 വരെ 4291 പേർ മരിച്ചു. ഈ സംഖ്യ ഇനിയും ഉയരുമെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു. ഇറാനിലെ അവസ്ഥ അതീവ ഗുരുതരമാണ്. അവിടെ കൂടുതൽ പേരിലേക്ക് രോഗം പടരാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമായിട്ടുണ്ട്. രോഗബാധിതർക്ക് കൂടുതൽ സഹായം എത്തിക്കേണ്ടതുണ്ടെന്നും ഡബ്ല്യുഎച്ച്ഒ എമർജൻസീസ് പ്രോഗ്രാം വിഭാഗം തലവൻ ഡോ. മൈക്ക് റയാൻ പറഞ്ഞു.

ഒരു പ്രത്യേക പ്രദേശത്തുണ്ടാകുന്ന രോഗബാധ അപ്രതീക്ഷിതമായി വിവിധ ഭാഗങ്ങളിലേക്കു പരക്കുന്നതിനെയാണ് ഡബ്ല്യുഎച്ച്ഒ പകർച്ചവ്യാധിയായി (epidemic) കണക്കാക്കുന്നത്. ലോകവ്യാപകമായി  അതിവേഗം പരക്കുന്ന, ഒട്ടേറെ പേരെ ബാധിക്കുന്ന പുതിയ രോഗത്തെ മഹാമാരിയായി കണക്കാക്കാൻ 2010ലാണ് സംഘടന തീരുമാനിച്ചത്. രോഗത്തെ ‘വിശദമാക്കാനായി’ മഹാമാരി എന്ന വാക്ക് ഉപയോഗിക്കുമെന്ന് ഏതാനും ആഴ്ചകളായി ഡബ്ല്യുഎച്ച്ഒ ചർച്ചകളിൽ വ്യക്തമാക്കിയിരുന്നു. 2009ൽ എച്ച്1എന്‍1 പന്നിപ്പനിയെയും മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രശ്നം രൂക്ഷമാകാതിരുന്നത് ഏറെ വിമർശനങ്ങൾക്കിടയാക്കി. വളരെ പെട്ടെന്ന് അതിനു വാക്സിന്‍ കണ്ടുപിടിക്കുകയും ചെയ്തു.

ഇതിനെത്തുടർന്ന് ഏതെങ്കിലും പകർച്ചവ്യാധിയെ മഹാമാരിയായി പ്രഖ്യാപിക്കാതെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയിൽ ഒതുക്കുമെന്നായിരുന്നു ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയത്. 2009നു ശേഷം ഒരു രോഗത്തെയും മഹാമാരിയായി പ്രഖ്യാപിച്ചിരുന്നില്ല. ഇതുവരെ കോവിഡ് 19നെ മഹാമാരിയായി പ്രഖ്യാപിക്കാനും തയാറായിരുന്നില്ല. രോഗത്തെ പിടിച്ചു നിർത്താനാകില്ലെന്ന ഭീതി വന്നാൽ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ വിവിധ രാജ്യങ്ങൾ അവസാനിപ്പിക്കുമെന്നും ഡബ്ല്യുഎച്ച്ഒ ആശങ്കപ്പെട്ടിരുന്നു. എന്നാൽ‍‍ ഇതിനാണിപ്പോൾ അവസാനമായിരിക്കുന്നത്.

‘മഹാമാരി എന്ന വാക്ക് നിസ്സാരമായോ അശ്രദ്ധയോടെയോ ഉപയോഗിക്കേണ്ടതല്ല. അത്രയേറെ ഉറക്കെയും വ്യക്തമായും ഇടയ്ക്കിടയ്ക്കും മഹാമാരി പ്രയോഗം ഉദ്ദേശിക്കുന്നുമില്ല, അതിനർഥം എല്ലാ രാജ്യങ്ങളും പരിശ്രമിച്ചാൽ മഹാമാരിയെന്ന അവസ്ഥയെ മാറ്റിനിർത്താനാകുമെന്നാണ്...’ ടെഡ്രോസ് പറഞ്ഞു. കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചെങ്കിലും വിഷയത്തെ ഡബ്ല്യുഎച്ച്ഒ കൈകാര്യം ചെയ്യുന്ന രീതിക്കു കാര്യമായ മാറ്റം വരില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

English Summary: World Health Organization describes coronavirus outbreak as pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com