ADVERTISEMENT

ബെംഗളൂരു ∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് 1985ൽ തന്നിലെ വിദ്യാർഥി നേതാവിനെ കണ്ടെത്തിയതെന്നു പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാർ. എന്നിൽ വിശ്വാസം അർപ്പിച്ച പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയോട് നന്ദിയുണ്ട്. വ്യക്തികളെ ആരാധിക്കുന്നതിനു പകരം പാർട്ടി കേന്ദ്രീകൃതമായ പ്രവർത്തനത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പിസിസി അധ്യക്ഷനായി നിയമിക്കപ്പെട്ട ശിവകുമാറിനു പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ വൻ സ്വീകരണമാണ് നൽകിയത്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, മുൻ പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു, മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെ തുടങ്ങിയവർ അനുമോദിച്ചു.പ്രവർത്തകർ കനക്പുരയിലും സദാശിവ നഗറിലെ വസതിക്കു മുന്നിലും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. സോണിയാ ഗാന്ധിക്കു നന്ദി രേഖപ്പെടുത്തിയ സിദ്ധരാമയ്യ, പാർട്ടിയെ ശക്തിപ്പെടുത്താൻ ശിവകുമാറിനു സാധിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. 7 തവണ എംഎൽഎ ആയ ഡികെശി സിദ്ധരാമയ്യയ്ക്കു പുറമേ കുമാരസ്വാമി, എസ്.എം.കൃഷ്ണ, എസ്.ബംഗാരപ്പ സർക്കാരുകളിലും മന്ത്രിയായിരുന്നു.

തിരിച്ചുപിടിക്കാൻ തുറുപ്പുചീട്ട്

പ്രതിസന്ധികളിലെല്ലാം രക്ഷകനായി അവതരിക്കുന്ന ഡി.കെ.ശിവകുമാർ (57) പിസിസി അധ്യക്ഷനാകുമ്പോൾ കർണാടക കോൺഗ്രസിന്റെ പ്രതീക്ഷ വാനോളം. സംസ്ഥാനത്തെ അധികാരം തിരിച്ചുപിടിക്കുക തന്നെയാണ് അദ്ദേഹത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. പക്ഷേ, ആദ്യം രൂപീകരിക്കേണ്ടതാകട്ടെ, 3 വർക്കിങ് പ്രസിഡന്റുമാർക്കായി അധികാരം വിഭജിച്ചു പോകുമ്പോൾ പാർട്ടിയെ നയിക്കാനുള്ള പുതിയ തന്ത്രങ്ങൾ. ഈശ്വർ ഖണ്ഡ്രെ (ലിംഗായത്ത്, കല്യാണ കർണാടക) സതീഷ് ജാർക്കിഹോളി (പട്ടിക ജാതി, മുംബൈ കർണാടക, സലിം അഹമ്മദ് ( മുസ്‍ലിം, ബെംഗളൂരു നഗര മേഖല) എന്നിവരെയാണു ജാതി, പ്രാദേശിക സമവാക്യങ്ങളൊപ്പിച്ച് വർക്കിങ് പ്രസിഡന്റുമാരാക്കിയത്. ഇവരുടെ നിയമനം താൻ പിസിസി അധ്യക്ഷനാകുന്നതിനെ എതിർത്ത സിദ്ധരാമയ്യ പക്ഷത്തിന്റെ സമ്മർദത്തെ തുടർന്നാണെന്നതും ഡികെശിക്കു വെല്ലുവിളിയാകും.

മധ്യപ്രദേശിൽ പിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് രാജിവച്ച ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്ന ദിവസം തന്നെ ശിവകുമാറിനെ നിയമിച്ചു കൊണ്ടുള്ള എഐസിസിയുടെ ചടുല നീക്കവും ശ്രദ്ധേയമായി. സിദ്ധരാമയ്യയുടെ അടുത്ത അനുയായിയും കോൺഗ്രസിന്റെ ലിംഗായത്ത് മുഖവുമായ എം.ബി പാട്ടീൽ, മുൻ പിസിസി പ്രസിഡന്റ് ജി.പരമേശ്വര തുടങ്ങിവർ ഈ സ്ഥാനം ലക്ഷ്യമിട്ട് ചരടുവലി നടത്തിയെങ്കിലും ശിവകുമാറിനെ തിരഞ്ഞെടുക്കുകയായിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന ശിവകുമാർ 50 ദിവസം ഇതിന്റെ പേരിൽ തിഹാർ ജയിലിൽ കഴിഞ്ഞു. അധ്യക്ഷ സ്ഥാനത്തിന് ഇതു തടസ്സമാകുമോ എന്ന ആശങ്കയ്ക്കിടെയാണ് നേതൃത്വം പിന്നിലുറച്ചു നിൽക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് സിദ്ധരാമയ്യ ഇടങ്കോലിട്ടതാണ് പ്രഖ്യാപനം വൈകിയതിനു പിന്നിൽ. ജനപ്രീതിയും പ്രതിസന്ധികളെ‍ തരണം ചെയ്യാനുള്ള മിടുക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ സ്വീകാര്യതയും ശിവകുമാറിനു നേട്ടമായി. അതിലേറെ, ഉൾപാർട്ടി കലാപം നടക്കുന്ന ജനതാദൾ എസിൽ നിന്നു ചില എംഎൽഎമാർ കോൺഗ്രസിലേക്കു കളംമാറാനിടയുണ്ടെന്നതും ഘടകമായി. ദളിന്റെ വൊക്കലിഗ വോട്ടുബാങ്കിനെ അതേ സമുദായക്കാരനായ പിസിസി അധ്യക്ഷന് ആകർഷിക്കാനാകുമെന്നാണു കണക്കുകൂട്ടൽ.

പാർട്ടിയിൽ സിദ്ധരാമയ്യയുടെ താൻപോരിമയെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ ചോദ്യം ചെയ്യുന്നുണ്ട്. മുൻ പിസിസി അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവുവും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും സിദ്ധരാമയ്യയെ കണ്ണടച്ചു പിന്തുണയ്ക്കുന്നു എന്ന ആരോപണവും ശക്തമായിരുന്നു. ഇതിനു കൂടി തടയിട്ടാണ് മറുചേരിയിലെ ശിവകുമാറിനെ താക്കോൽസ്ഥാനം ഏൽപിച്ചിരിക്കുന്നത്. 15 നിയമസഭാ മണ്ഡലങ്ങളിൽ ഡിസംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം 2 സീറ്റിലായി ഒതുങ്ങിയപ്പോഴാണു ദിനേഷ് ഗുണ്ടുറാവു പിസിസി അധ്യക്ഷ സ്ഥാനവും, സിദ്ധരാമയ്യ നിയമസഭാ കക്ഷി, പ്രതിപക്ഷ നേതൃസ്ഥാനവും രാജിവച്ചതും. പിന്നീട് സിദ്ധരാമയ്യ രാജിയിൽ നിന്ന് പിന്നാക്കം പോയെങ്കിലും പിസിസി അധ്യക്ഷ സ്ഥാനം 3 മാസമായി ഒഴിഞ്ഞു കിടക്കുന്നു.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ ഒറ്റക്കക്ഷിയായെങ്കിലും സഖ്യധാരണയിലൂടെ അധികാരത്തിലേറിയ കോൺഗ്രസ്- ദൾ സർക്കാരിനെ ഒന്നരവർഷത്തിലേറെ പിടിച്ചു നിർത്തിയതു ശിവകുമാറിന്റെ കരുനീക്കങ്ങളാണ്. പലപ്പോഴും ഓപ്പറേഷൻ താമരയിലൂടെ അധികാരം പിടിച്ചെടുക്കാൻ ബിജെപി നടത്തിയ ശ്രമങ്ങൾ ശിവകുമാർ മുന്നിൽ നിന്നു വെട്ടിനിരത്തി. എന്നാൽ, ഏറ്റവുമൊടുവിൽ 2019 ജൂലൈയിൽ യെഡിയൂരപ്പയുടെ നേതൃത്വത്തിൽ സഖ്യസർക്കാരിനെ വീഴ്ത്തിയപ്പോൾ ‘ശിവകുമാർ ഇഫക്ട്’ ഫലം ചെയ്തില്ല.

തന്ത്രങ്ങളുടെ തമ്പുരാന്‍

കോൺഗ്രസ് ട്രബിൾ ഷൂട്ടറായി സംസ്ഥാന രാഷ്ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡി.കെ.ശിവകുമാർ, ദേവെഗൗഡ കുടുംബവുമായി നിരന്തരം പോരടിച്ചിരുന്നു. എന്നാൽ ഈ രാഷ്ട്രീയ വിരോധം മറന്നാണ് 2018ൽ കോൺഗ്രസ്- ദൾ സഖ്യസർക്കാർ രൂപീകരണത്തിന് അദ്ദേഹം മുന്നിൽ നിന്നത്. ‘കനക്പുര റിപ്പബ്ലിക്’ എന്നു ശിവകുമാറിന്റെ മണ്ഡലത്തെ മുൻമുഖ്യമന്ത്രി കുമാരസ്വാമി ആക്ഷേപിച്ചിരുന്നതുൾപ്പെടെ ഭരണം നേടാനായി ഡികെശി ‘മറന്നു’. കനക്‌പുരയിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം.

രാഷ്ട്രീയ ചരിത്രം

∙ 1989ൽ ബെംഗളൂരു ഗ്രാമ ജില്ലയിലെ സാത്തന്നൂരിൽ നിന്ന് 27–ാം വയസ്സിൽ എച്ച്.ഡി ദേവെഗൗഡയെ പരാജയപ്പെടുത്തി നിയമസഭയിൽ.

∙ 1999 നിയമസഭാ തിരഞ്ഞെടുപ്പിൽ എച്ച്.ഡി കുമാരസ്വാമിയെയും പിന്നീട് ഇദ്ദേഹത്തിന്റെ ഭാര്യ അനിതാ കുമാരസ്വാമിയെയും സാത്തന്നൂരിൽ നിന്നു പരാജയപ്പെടുത്തി. 2018ൽ ദളിന്റെ പി.ജി.ആർ സിന്ധ്യയെ തോൽപിച്ച് കനക്പുരയിൽ നിന്ന് എംഎൽഎ.

∙ 1991ൽ എസ്. ബംഗാരപ്പയെ മുഖ്യമന്ത്രിയാകാൻ പിന്തുണച്ചതിന് ആദ്യമായി മന്ത്രിസ്ഥാനം. പിന്നീടിങ്ങോട്ട് എസ്.എം കൃഷ്ണ, സിദ്ധരാമയ്യ, കുമാരസ്വാമി സർക്കാരുകളിൽ ഊർജം, ജലവിഭവം, നഗരവികസനം, ആഭ്യന്തരം, മെഡിക്കൽ വിദ്യാഭ്യാസം തുടങ്ങി കൈകാര്യം ചെയ്തത് ഒട്ടേറെ വകുപ്പുകൾ.

∙ 2002 ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ കനക്പുരയിൽ ദേവെഗൗഡയോടു പരാജയപ്പെട്ടു.

∙ പിസിസി വർക്കിങ് പ്രസിഡന്റായും പ്രവർത്തിച്ചു.

∙ 2002ൽ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് സർക്കാരിനെ രക്ഷിക്കാൻ കോൺഗ്രസ് എംഎൽഎമാരെ കർണാടകയിൽ പാർപ്പിച്ചതു ഡി.കെ ശിവകുമാർ. .

∙ 2017 ഓഗസ്റ്റിൽ‍ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഹമ്മദ് പട്ടേലിനെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ബിജെപി ശ്രമിച്ചപ്പോൾ ശിവകുമാറിനെ ഇറക്കിയാണ് പാർട്ടി ഇതു തടഞ്ഞത്. ഗുജറാത്തിൽ നിന്നുള്ള 47 കോൺഗ്രസ് എംഎൽഎമാരെ ബിഡദിയിലെ ഈഗിൾട്ടൻ റിസോർട്ടിൽ ശിവകുമാറിന്റെ നേതൃത്വത്തിൽ താമസിപ്പിച്ചായിരുന്നു ഇത്. തുടർന്നാണ് ശിവകുമാറിനെതിരെ കേന്ദ്ര പകപോക്കലെന്ന നിലയിൽ ആദായനികുതി വകുപ്പ് റെയ്ഡുകളുടെ പരമ്പര.

∙ 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വെളിപ്പെടുത്തിയ ആസ്തി 840 കോടി രൂപ.

∙ കർണാടക ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നു പൊളിറ്റിക്കൽ സയൻസിൽ എം.എ ബിരുദം.

∙ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ 28 സീറ്റുകളിൽ കോൺഗ്രസിനായി നേടിയ ഏക വിജയം നേടിയത് ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷ്.

English Summary: Congress appoints DK Shivakumar as Karnataka PCC president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com