ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് 19 രോഗത്തെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ ശക്തമായ നടപടികളുമായി ഇന്ത്യയും. ഏപ്രിൽ 15 വരെ ഇന്ത്യയിലേക്ക് വീസ ലഭിക്കില്ല. നയതന്ത്രം, ഔദ്യോഗികം, യുഎൻ അടക്കമുള്ള രാജ്യാന്തര ഏജൻസികൾ, തൊഴിൽ, പ്രോജക്ട് വീസകൾ ഒഴികെയുള്ളവയ്ക്കാണ് നിയന്ത്രണം. മറ്റെല്ലാ  വീസകളും നാളെ മുതൽ മരവിപ്പിക്കും. ഒസിഐ (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) കാർഡുള്ളവർക്കു വീസയില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യം ഏപ്രിൽ 15 വരെ മരവിപ്പിച്ചു. അടിയന്തരാവശ്യങ്ങൾക്ക് ഇന്ത്യയിലേക്കു വരേണ്ട വിദേശികൾ അതതിടത്തെ ഇന്ത്യൻ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണം. നയതന്ത്ര വീസകള്‍ ഒഴികെയുള്ള എല്ലാ വീസകളും ഏപ്രില്‍ 15 വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതിയാണു തീരുമാനിച്ചത്. 

ചൈന, ഇറ്റലി, ഇറാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവരോ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരോ ആയ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ രാജ്യത്തെത്തിയാല്‍ 14 ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യും. വിദേശികള്‍ക്ക് അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് ഇറ്റലിയില്‍ പരിശോധന നടത്തുന്നതിനുള്ള സൗകര്യമൊരുക്കും. പരിശോധനാഫലം നെഗറ്റീവായാല്‍ യാത്രാനുമതി നല്‍കും. ഇന്ത്യയിലെത്തിയശേഷം 14 ദിവസം ക്വാറന്റൈന്‍ ചെയ്യാനും യോഗം തീരുമാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ കുവൈത്ത് അടച്ചു; രണ്ടാഴ്ചത്തേക്ക് പൊതുഅവധി പ്രഖ്യാപിച്ചു. ഇറ്റലിയിലെ  ഇന്ത്യൻ എംബസി താൽക്കാലികമായി അടച്ചു. അറിയിപ്പുകൾ എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നൽകുമെന്ന് അധികൃതർ അറിയിച്ചു.

ആശങ്കപ്പെടുത്തുന്ന വിധത്തിൽ കൊറോണ വൈറസ് പരക്കുന്നതും അതിന്റെ തീവ്രതയേറിയതുമാണു മഹാമാരിയായി പ്രഖ്യാപിക്കാനുള്ള ഒരു കാരണം. വൈറസിനെ തടയാനുള്ള പ്രവർത്തനങ്ങൾ പല രാജ്യങ്ങളും കാര്യക്ഷമമായി നടപ്പാക്കാത്തതും പ്രഖ്യാപനത്തിനു പിന്നിലുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം ഗെബ്രയേസസ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 30ന് കൊറോണയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിനു ശേഷമുള്ള ഡബ്ല്യുഎച്ച്ഒയുടെ നിർണായക നീക്കമാണിത്. ഇപ്പോൾ 114 രാജ്യങ്ങളിലായി 1.18 ലക്ഷത്തിലേറെ പേർക്ക് രോഗം ബാധിച്ചുകഴിഞ്ഞു. മാർച്ച് 11 വരെ 4291 പേർ മരിച്ചു. ഈ സംഖ്യ ഇനിയും ഉയരുമെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.

English Summary: India suspends all visas till April 15 due to COVID-19 risks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com