ADVERTISEMENT

ന്യൂഡൽഹി ∙ നിർഭയക്കേസിലെ പ്രതികളുടെ വധശ‌ിക്ഷ നടപ്പാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുമായി തിഹാർ ജയിൽ അധികൃതർ. ഒരുക്കങ്ങളുടെ ഭാഗമായി പ്രതികളുടെ ഡമ്മി പരീക്ഷിച്ചു. മീററ്റ് സ്വദേശിയായ ആരാച്ചാർ പവൻ ജല്ലാദാണ് ഡമ്മി പരീക്ഷിച്ചത്. മുൻപ് ഒരേസമയം ഒരാളെ തൂക്കിലേറ്റാനുള്ള കഴുമരം മാത്രമാണ് തിഹാർ ജയിലിൽ ഉണ്ടായിരുന്നത്. നാലു പേരെ ഒരുമിച്ചു തൂക്കിലേറ്റുന്നതിന് കഴിഞ്ഞ ദിവസം പ്രത്യേക കഴുമരമൊരുക്കി.

പ്രതികളുടെ തൂക്കത്തിന്റെ ഇരട്ടി ഭാരമുള്ള മണൽചാക്കുകൾ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. കയറിന്റെയും കഴുമരത്തിന്റെയും ബലം പരിശോധിക്കുന്നതിനാണ് പരീക്ഷണം നടത്തിയത്. പൊതുമരാമത്ത് വിഭാഗം എൻജിനീയർമാരുടെ സാന്നിധ്യത്തിലായിരുന്നു ഡമ്മി പരീക്ഷണം. കഴുമരവും സംവിധാനങ്ങളും ഇവർ പരിശോധിച്ചു. ഇതോടെ വധശിക്ഷയുമായി ബന്ധപ്പെട്ട അവസാന വട്ട തയാറെടുപ്പുകളും പൂർത്തിയായി. 

നേരത്തെ ഡൽഹി പൊലീസിന്റെ സുരക്ഷയിലാണ് പവൻ ജല്ലാദിനെ മീററ്റിൽ നിന്ന് തിഹാർ ജയിലിൽ എത്തിച്ചത്. പവൻ ജല്ലാദിന് ജയിലിനുള്ളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് ഔദ്യോഗികമായി റജിസ്റ്റർ ചെയ്തിരിക്കുന്ന ചുരുക്കം ആരാച്ചാരുമാരിൽ ഒരാളാണ് പവൻ ജല്ലാദ്.

പ്രതികളായ മുകേഷ്, പവൻ, വിനയ് എന്നിവർ ബന്ധുക്കളുമായി അവസാന കൂടിക്കാഴ്ച നടത്തി. അക്ഷയ്കുമാറിന്റെ ബന്ധുക്കൾ ഇന്നെത്തുമെന്നാണു സൂചന. 4 പ്രതികളുടെയും ബ്രയിൻ മാപ്പിങ് ഉൾപ്പെടെയുള്ള വൈദ്യ പരിശോധനയും ഏതാനും ദിവ‌സങ്ങളായി നടക്കുന്നുണ്ട്. പ്രതികളുടെ ആശങ്കയും മാനസിക സംഘർഷവും മറ്റും പരി‌ശോധിക്കുന്നുണ്ട്.

സ്വയം മുറിവേൽപ്പിക്കുന്നതുൾപ്പെടെയുള്ള സാഹചര്യങ്ങൾ തടയാൻ തിങ്കളാഴ്ച മുതൽ സെൽ മുറിക്കു പുറത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത, വിനയ് ശർമ എന്നീ പ്രതികളുടെ വധശിക്ഷ വെള്ളിയാഴ്ച രാവിലെ 5.30നു നടപ്പാക്കാനാണു കോടതിയുടെ വാറന്റ്. 

English Summary: Preparations in tihar jail for capital punishment of nirbhaya case convicts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com