ADVERTISEMENT

ന്യൂഡൽഹി∙ നിര്‍ഭയക്കേസിലെ നാലുപ്രതികളുടെ വധശിക്ഷ ഇന്ന് പുലര്‍ച്ചെ നടപ്പാക്കിയതോടെ ആ ക്രൂര രാത്രിയിൽ നിര്‍ഭയയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അവീന്ദ്ര പാണ്ഡെയുടെ പ്രതികരണത്തിന് കാത്ത് രാജ്യം. ഈ കേസിന്റെ പോരാട്ടത്തിന്റെ ഭാഗമായി മാറിയ മുഖമായിരുന്നു അവീന്ദ്ര പാണ്ഡെയുടേത്. കേസിലെ മുഖ്യസാക്ഷിയും കൂടിയായിരുന്നു അവീന്ദ്ര പാണ്ഡെ. ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത അനുഭവമായിരുന്നു അന്ന് ബസിലുണ്ടായിരുന്നതെന്ന് അദ്ദേഹം പറ‍ഞ്ഞിരുന്നു. 

പലപ്പോഴും പൊട്ടിക്കരഞ്ഞാണ് അദ്ദേഹം കോടതി മുറികളിൽ മൊഴി നൽകിയിരുന്നത്. യുപി സ്വദേശിയാണ് അവീന്ദ്ര പാണ്ഡെ. നിര്‍ഭയ കടന്നുപോയ ആ ക്രൂരനിമിഷങ്ങളെ നേരിൽ കണ്ട വ്യക്തി കൂടിയാണ് അവീന്ദ്രപാണ്ഡെ എന്ന ചെറുപ്പക്കാരൻ. ഡൽഹിയിലെ ഒരു കമ്പനിയിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. മരണത്തിന് കീഴടങ്ങിയ നിർഭയ ജീവിക്കാനാഗ്രഹിച്ചിരുന്നതായി അവീന്ദ്ര പാണ്ഡെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 

നിര്‍ഭയക്കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കിയത് ഇന്ന് പുലര്‍ച്ചെയാണ്. തിഹാര്‍ ജയിലില്‍ രാവിലെ അഞ്ചരയ്ക്കാണ് പവന്‍ ഗുപ്ത, അക്ഷയ് സിങ്, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരെ ഒരുമിച്ച് തൂക്കിലേറ്റിയത്. ശിക്ഷ മാറ്റി വയ്ക്കണമെന്ന പവന്‍ ഗുപ്തയുടെ ഹര്‍ജി പുലര്‍ച്ചെ മൂന്നരയ്ക്ക് സുപ്രീം കോടതി തളളിയിരുന്നു. ഇതോടെ മരണവാറന്റ് അനുസരിച്ച് കൃത്യസമയത്ത് ശിക്ഷ നടപ്പാക്കി. ആറുമണിയോടെ കഴുമരത്തില്‍ നിന്ന് നീക്കിയ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം സംസ്കരിക്കും.

സുപ്രീം കോടതി തീരുമാനം വന്നതിനു പിന്നാലെ നാലരയോടെയാണ് പ്രതികളെ ജയില്‍ അധികൃതര്‍ ശിക്ഷ നടപ്പാക്കാനുളള അന്തിമ തീരുമാനം അറിയിച്ചത്. തുടര്‍ന്ന് സെല്ലിനു പുറത്തെത്തിച്ച് വൈദ്യ പരിശോധനയ്ക്കുശേഷം അഞ്ചേകാലിന് തൂക്കുമരത്തട്ടിലെത്തിച്ചു. മജിസ്ട്രേറ്റ് മരണവാറന്റ് പ്രതികളെ വായിച്ചുകേള്‍പ്പിച്ചു. കൃത്യം അഞ്ചരയ്ക്ക് ജയില്‍ സൂപ്രണ്ട് ശിക്ഷ നടപ്പാക്കാനുളള നിര്‍ദേശം ആരാച്ചാര്‍ക്ക് നല്‍കി. ശിക്ഷ നടപ്പാക്കിയ സമയം ജയിലിന് പുറത്ത് ജനക്കൂട്ടം ആഹ്ലാദാരവങ്ങള്‍ മുഴക്കി.

English Summary: Where is Nirbhaya's friend Awindra Pandey now?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com