ADVERTISEMENT

കൊച്ചി∙ ലക്ഷദ്വീപിൽ നാലുകോടിയിലേറെ വിലവരുന്ന കടൽവെള്ളരി പിടികൂടിയ സംഭവത്തിൽ കേസ് അന്വേഷണം സിബിഐക്ക്. വൈൽഡ്‍ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ഓഫ് ഇന്ത്യ(ഡബ്ലിയുസിസിബി)യുടെ  നിർദേശാനുസരണം സിബിഐയുടെ ഡൽഹി വിഭാഗത്തിനാണ് കേസ് അന്വേഷണച്ചുമതല.

ഇതോടൊപ്പം നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് സംഭവങ്ങളും സിബിഐ അന്വേഷിക്കും. ലക്ഷദ്വീപുമായി ബന്ധപ്പെട്ട കടൽ വന്യജീവി കുറ്റകൃത്യങ്ങൾ പ്രാഥമിക ഘട്ടത്തിൽ അന്വേഷിക്കുന്നതും ഡബ്ലിയുസിസിബിയാണ്. വനം പരിസ്ഥിതി വകുപ്പ് സെക്രട്ടറിയും ലക്ഷദ്വീപ് ചീഫ് വൈൽഡ്‍ലൈഫ് വാർഡനുമായ എ.ടി. ദാമോദരൻ പങ്കെടുത്ത യോഗത്തിൽ കേസുമായി ബന്ധപ്പെട്ട രേഖകൾ സിബിഐ ഉദ്യോഗസ്ഥർക്കു കൈമാറിയിട്ടുണ്ട്.

കേസിന്റെ അന്വേഷണം സിബിഐയുടെ ഹെഡ്ക്വാർട്ടർ ഓഫിസിന്റെ നേരിട്ടുള്ള ചുമതലയിലായിരിക്കും നടക്കുക. അന്വേഷണ ഉദ്യോഗസ്ഥരായി എസ്പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിഐജി റാങ്കിലുള്ള ഓഫിസറുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും അന്വേഷണം.

ലക്ഷദ്വീപിലെ വന്യജീവി കേസുകളുടെ രാജ്യാന്തര പ്രാധാന്യവും ദ്വീപ് നിലനിൽപിൽ കടൽവെള്ളരി ഉൾപ്പടെയുള്ളവയുടെ പങ്കും കണക്കിലെടുത്താണ് കേസ് അന്വേഷണം സിബിഐയെ ഏൽപിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്യുകയും കോടികൾ വിലവരുന്ന കടൽവെള്ളരിയും ബോട്ടുകളും പിടിച്ചെടുത്ത ലക്ഷദ്വീപ് വനം, ഫിഷറീസ്, പൊലീസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചുകൊണ്ടാണ് സിബിഐ പുതിയ ദൗത്യം ഏറ്റെടുത്തത്. 

കഴിഞ്ഞ ഫെബ്രുവരി 12നാണ് ലക്ഷദ്വീപ് ദ്വീപ് സമൂഹമായ സുഹലി എന്ന ദ്വീപിൽ കയറ്റി അയയ്ക്കാൻ തയാറാക്കിയ 852 കിലോ കടൽ വെള്ളരി പിടികൂടിയത്. ലോകത്തിലെ ഏറ്റവും വലിയ കടൽവെള്ളരി വേട്ടയായിരുന്നു ഇത്. മൽസ്യത്തൊഴിലാളികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സീ കുക്കുംബർ പ്രൊട്ടക്‌ഷൻ ടാസ്ക് ഫോഴ്സ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

ശ്രീലങ്കയിലേയ്ക്ക് കയറ്റി അയയ്ക്കുന്നതിന് പ്രിസർവ് ചെയ്തത നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. രാജ്യാന്തര വിപണിയിൽ ഉണങ്ങാത്ത കടൽവെള്ളരി കിലോയ്ക്ക് 50,000 രൂപയിലധികം വിലയുണ്ട്. അന്വേഷണത്തിൽ കടൽ വെള്ളരി വേട്ടയ്ക്ക് പിന്തുണ നൽകിയ പ്രാദേശികർ ഉൾപ്പടെ അഞ്ചുപേർ പിടിയിലായിരുന്നു. 

ആഴക്കടലിൽ പവിഴപ്പുറ്റിനൊപ്പം കാണപ്പെടുന്ന കടൽ വെള്ളരി കൂടുതലായി കണ്ടുവരുന്നത് ആൻഡമാനിലും ലക്ഷ്ദ്വീപ് ദ്വീപ് സമൂഹങ്ങളിലുമാണ്. പവിഴപ്പുറ്റ് എക്കോ സിസ്റ്റത്തിൽ ഒഴിവാക്കാനാവാത്ത ഘടകമായാണ് കടൽ വെള്ളരിയെ കണക്കാക്കുന്നത്. മാലിന്യങ്ങൾ ഭക്ഷിച്ച് കടൽ വൃത്തിയാക്കി കടൽ വെള്ളത്തിന്റെ സുതാര്യത നിലനിർത്തുന്നതിൽ ഇവ മുഖ്യ പങ്കു വഹിക്കുന്നുണ്ട്. അതേ സമയം കടത്തുകാർ ആയിരക്കണക്കിന് കടൽ വെള്ളരിയെ പിടികൂടുന്നത് കടലിന്റെ സംതുലിതാവസ്ഥയെ ബാധിക്കുകയും പവിഴപ്പുറ്റുകളുടെ നിലനിൽപ് അസാധ്യമാകുമെന്നുമാണ് വിദഗ്ധർ വിശദീകരിക്കുന്നത്. 

English Summary: Arrest over illegally harvesting sea cucumber, Case handed over to CBI 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com