ADVERTISEMENT

ചൈനയ്ക്കു പുറത്ത് കോവിഡ്–19 എന്ന മഹാമാരി ഏറ്റവുമധികം നാശമുണ്ടാക്കിയ രാജ്യങ്ങളിലൊന്നാണു സ്പെയിൻ. കോവിഡിന്റെ മരണക്കണക്കെടുത്താൽ ലോകത്തെ നാലാമത്തെ രാജ്യം, യൂറോപ്പിലെ രണ്ടാമത്തെയും. മികച്ച ജനാരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളിലൊന്നായ സ്പെയിൻ പൊടുന്നനെയാണു മഹാമാരിയുടെ പിടിയിലായത്. കേരളത്തിനും ഇന്ത്യയ്ക്കും പാഠമാകേണ്ട ഒത്തിരി കാര്യങ്ങളുണ്ട് സ്പെയിനിൽ. 2013 മുതൽ സ്പെയിനിലെ സെൻട്രോ അസിസ്റ്റൻസ്യൽ സാൻ ഹുവാൻ ദെ ദിയോസ് ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന പീരുമേട് ചെറുവള്ളിക്കുളം സ്വദേശിയായ കാഞ്ഞിരപ്പള്ളി രൂപതയിലെ ഫാ. മാർട്ടിൻ ഉപ്പുകുന്നേൽ ‘മനോരമ ഓൺലൈനോട്’ അവിടത്തെ സാഹചര്യങ്ങൾ വിവരിക്കുന്നു.

‘ഇപ്പോൾ ഇന്ത്യയിലുള്ള കോവിഡ് വ്യാപനത്തിന്റെ അത്രയേ സ്പെയിനിലും ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നുള്ളൂ. 100–200 പേർക്കൊക്കെയാണു രോഗം പിടിപെട്ടതായി റിപ്പോർട്ട് ചെയ്തത്. തുടക്കത്തിൽ ആരോഗ്യവകുപ്പും സർക്കാരും നിസംഗത പാലിച്ചു. ചൈനയിൽ ആയിരക്കണക്കിനു പേർ രോഗത്താൽ മരിച്ച മുന്നനുഭവം ഉണ്ടായിട്ടും കാര്യമായ പ്രതിരോധ നടപടികളൊന്നും സ്വീകരിച്ചില്ല. ജനങ്ങൾക്കും അസുഖത്തെക്കുറിച്ചോ വ്യാപന സ്വഭാവത്തെക്കുറിച്ചോ ധാരണയുണ്ടായിരുന്നില്ല. ഒന്നൊന്നര ആഴ്ച ഇങ്ങനെ കടന്നുപോയി. അപ്പോഴേക്കും കാര്യങ്ങൾ മാറിമറിഞ്ഞിരുന്നു. ശനിയാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 21,500ലേറെ ആളുകൾക്കാണു കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഭേദമായവർ 1588. മരണസംഖ്യ 1090 പിന്നിട്ടു.’– ഫാ. മാർട്ടിൻ ഉപ്പുകുന്നേൽ പറഞ്ഞു.

Spain Covid

‘രോഗവ്യാപനം തടയുന്നതിനായി ഒരാഴ്ച മുമ്പാണു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഹോട്ടലുകളും റസ്റ്ററന്റുകളും ടൂറിസ്റ്റുകൾക്കുള്ള താമസകേന്ദ്രങ്ങളും അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. ഏറ്റവുമധികം വിനോദസഞ്ചാരികൾ എത്തുന്ന രാജ്യങ്ങളുടെ മുൻനിരയിലാണു സ്പെയിൻ എന്നോർക്കണം. കരയിലെ അതിർത്തികളെല്ലാം അടച്ചു. മരണസംഖ്യ ഉയരുന്ന പശ്ചാത്തലത്തിൽ നഴ്സിങ് ഹോമുകളിൽ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നു സർക്കാർ നിർദേശിച്ചിരിക്കുകയാണ്. ഇറ്റലിക്കു പിന്നാലെ കോവിഡ് മോശമായി ബാധിച്ച യൂറോപ്യൻ രാജ്യമായി ഇപ്പോൾ സ്പെയിൻ. കഠിനമായ സമയങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്ന‌് ആരോഗ്യമന്ത്രി സാൽവദോർ ഇജ അഭിപ്രായപ്പെട്ടതു ജനങ്ങളിൽ ഭയം കൂട്ടിയിരിക്കുകയാണ്.

മാർച്ച് എട്ടിനു ശേഷമാണു കാര്യങ്ങൾ നിയന്ത്രണാതീതമായത് എന്നാണു പൊതുനിഗമനം. വനിതാദിനമായ അന്ന് ആയിരക്കണക്കിനു പേർ പങ്കെടുത്ത വലിയ പ്രകടനം നഗരങ്ങളിൽ നടന്നിരുന്നു. അതൊഴിവാക്കാൻ സർക്കാർ ശ്രമിച്ചില്ല. രോഗവ്യാപന സൂചനകളെ തുടർന്നു പിറ്റേന്നു മഡ്രിഡിലെ സ്കൂളുകൾ അടച്ചു. വിദ്യാർഥികളും അധ്യാപകരും മറ്റും സമീപപ്രദേശങ്ങളിലെ സ്വവസതികളിലേക്കു യാത്ര തിരിച്ചു. രണ്ടു സംഭവങ്ങളും കൂടിയായതോടെ രോഗം പലയിടത്തേക്കു പടർന്നു. ബാർസിലോന, മഡ്രിഡ്, വലൻസിയ നഗരങ്ങളെയാണു കാര്യമായി ബാധിച്ചത്. ഇപ്പോൾ ഇന്ത്യ സ്വീകരിച്ചത്ര നിയന്ത്രണങ്ങൾ പോലും സ്പെയിൻ അന്നെടുക്കാതിരുന്നതിനാൽ രോഗവ്യാപനം തടയാനായില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. പൊലീസും പട്ടാളവും കാര്യങ്ങളേറ്റെടുത്തു.

പൊതുവെ വീടിനകത്ത് അടച്ചിരിക്കാൻ ഇഷ്ടപ്പെടാത്തവരാണു സ്പെയിൻകാർ. ഉറങ്ങാനേ വീട്ടിൽ കയറൂ. സാമൂഹ്യജീവിതമാണു കൂടുതൽ. ഈ ജനങ്ങളോടാണു പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടത്. വളരെ പ്രയാസമായിരുന്നു അവർക്ക്, പ്രത്യേകിച്ചും യുവാക്കൾക്ക്. അടിയന്തരാവസ്ഥയിൽ പ്രതിഷേധിച്ച്, ഞങ്ങൾക്കു സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞദിവസം കുറച്ചു യുവാക്കൾ നിയമം ലംഘിച്ചു പുറത്തിറങ്ങി. ഇവരെ അറസ്റ്റ് ചെയ്തു പിഴ ചുമത്തി. ഇതിനു ശേഷം അനുമതിയില്ലാതെ പുറത്തിറങ്ങുന്നവർക്കുള്ള പിഴ 23,000 മുതൽ 60,000 യൂറോ വരെയാക്കി ഉയർത്തി. ആശുപത്രി പോലുള്ള സ്ഥാപനങ്ങൾ മാത്രമാണു പ്രവർത്തിക്കുന്നത്. അവിടേക്കു ജോലിക്കു പോകുന്നവർക്കും അത്യാവശ്യ സാധനങ്ങൾ വാങ്ങേണ്ടവർക്കും മാത്രമാണു പുറത്തിറങ്ങാൻ അനുമതി.

Spain Covid

അതും പട്ടാളത്തെയോ പൊലീസിനെയോ ബോധ്യപ്പെടുത്തിയാൽ മാത്രം. നിരത്തുകളിൽ പട്ടാളവും പൊലീസും നിലയുറപ്പിച്ചിരിക്കുകയാണ്. സൂപ്പർമാർക്കറ്റുകളും ഫാർമസികളും മാത്രമാണു തുറന്നിരിക്കുന്നത്. സൂപ്പർമാർ‌ക്കറ്റുകൾക്കു മുന്നിൽ പട്ടാളവണ്ടികളെ നഗരങ്ങളിൽ പലയിടത്തും കാണാം. പട്ടാളമാണു സാധനങ്ങൾ ഇവിടെ എത്തിക്കുന്നത്. സൂപ്പർമാർക്കറ്റുകളിലൂടെയാണു സർക്കാർ സാധനവിതരണം നടത്തുന്നത്. കൃത്യമായ അകലവും മറ്റു നിയന്ത്രണങ്ങളും പാലിച്ചേ സാധനം വാങ്ങാനാകൂ. സൂപ്പർമാർക്കറ്റുകളുടെ അകത്തേക്കു കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ചു കൈ കഴുകണം. രോഗം നേരിടാൻ രാജ്യത്തെ സ്വകാര്യ ആശുപത്രികൾ ദേശസാത്കരിച്ചത് വലിയ മാറ്റമാണ്.

ഒരു നഴ്സിങ് ഹോമിലെ ഇരുപതോളം പേർ ആശുപത്രിയിൽ ചികിത്സ കിട്ടാതെ കോവിഡ് ബാധിച്ചു മരിച്ച സംഭവത്തെ ഗൗരവത്തോടെയാണു സർക്കാർ കാണുന്നത്. വൃദ്ധ സദനങ്ങളിൽ ഉള്ളവരാണ് മരിച്ചവരിലേറെയും. നാലു ലക്ഷത്തോളം പേരാണു രാജ്യത്തെ വൃദ്ധ സദനങ്ങളിൽ കഴിയുന്നത്.‌ ഇവരെ പരിചരിക്കാൻ ഒന്നര ലക്ഷത്തോളം പേരുമുണ്ട്. ഇവിടങ്ങളിൽ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ സന്ദർശനങ്ങൾക്കു നിയന്ത്രണമുണ്ടായിരുന്നില്ല. വൃദ്ധ സദനങ്ങളിലെ എത്ര പേർക്കു രോഗം ബാധിച്ചെന്നു കണക്കില്ല. ഇവരിൽനിന്ന് എത്രയാളുകളിലേക്കു കോവിഡിന്റെ ചങ്ങല നീണ്ടുപോയെന്നതിനെപ്പറ്റിയും സൂചനയില്ല. ഈ ആശങ്കയ്ക്കൊപ്പമാണു കഴിഞ്ഞദിവസം 60 വയസ്സിൽ താഴെയുള്ള ആളുകളും മരിച്ചത്. വയോധികരുടെ ജീവനാണു കോവിഡ് കൂടുതലെടുക്കുക എന്ന ധാരണ ഇല്ലാതായിരിക്കുന്നു.

Spain Covid

വയോധികർക്കു പ്രത്യേക പരിഗണനയാണു സർക്കാർ നൽകുന്നത്. ഒറ്റയ്ക്കു കഴിയുന്ന വയോധികരും മറ്റ് അവശ ജനവിഭാഗങ്ങളും ഒരു നമ്പരിൽ വിളിച്ചാൽ പട്ടാളം അവർക്കു ഭക്ഷണം വീടുകളിൽ എത്തിക്കുന്നുണ്ട്. വീടിനകത്തു കഴിയുന്നതിന്റെ പ്രശ്നങ്ങൾ ലഘൂകരിക്കാൻ ഇന്റർനെറ്റ് സൗകര്യങ്ങൾ കൂട്ടി. മലയാളികൾക്കാർക്കും ഇതുവരെ രോഗമുള്ളതായി അറിവില്ല. വിദേശികൾക്ക് ആശുപത്രികളിൽ അധിക പരിഗണന കിട്ടുന്നുണ്ട്. ഹോട്ടലുകൾ പലതും താൽക്കാലിക ആശുപത്രികളായി മാറ്റിക്കൊണ്ടിരിക്കുകയാണ്. നിരീക്ഷണത്തിലുള്ളവരെ പാർപ്പിക്കുന്നത് ഇവിടങ്ങളിലാണ്. മഡ്രിഡിലെ ഹോട്ടലുകൾ ഇതുവരെ അറുപതിനായിരത്തോളം ബെഡുകളാണ് ആരോഗ്യവകുപ്പിനു കൈമാറിയത്. വർക്ക് അറ്റ് ഹോം മാതൃകയാണു സ്ഥാപനങ്ങൾ സ്വീകരിച്ചിട്ടുള്ളത്.

അടച്ചുപൂട്ടിയ സ്ഥാപനങ്ങൾക്കു നികുതി ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ജോലി നഷ്ടപ്പെട്ടവർക്കു നികുതി കിഴിച്ചു കിട്ടിയിരുന്ന വരുമാനം ബാങ്ക് അക്കൗണ്ടിൽ സർക്കാർ നിക്ഷേപിക്കുന്നതും വലിയ ആശ്വാസമാണ്. സ്പെയിനിലെ അവസ്ഥ ഗുരുതരമായതു വളരെപ്പെട്ടെന്നാണ്. അതു പാഠമാക്കിയെടുത്താൽ നമ്മുടെ കേരളത്തിനും ഇന്ത്യയ്ക്കും കോവിഡിനെ തടയാനാകും. ഇനിയും ബോധവൽക്കരണം നടത്തുന്നതിൽ അർത്ഥമില്ല. സമൂഹവ്യാപനത്തിന് ഇന്ത്യയിൽ സാധ്യതയേറെയാണ്. ഇവിടത്തെ ജനസംഖ്യയും ജനസാന്ദ്രതയും കാര്യങ്ങൾ സങ്കീർണമാക്കും. ശക്തമായ നടപടികളാണു സർക്കാരുകളുടെ ഭാഗത്തുനിന്നു വേണ്ടത്. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുത്.

ജനങ്ങൾക്കു വേണ്ട ഭക്ഷണ സാധനങ്ങൾ ഉറപ്പാക്കി ഒന്നുരണ്ട് ആഴ്ചത്തേക്കു രാജ്യം പൂർണമായി അടച്ചിടണം. രോഗലക്ഷണങ്ങളുള്ള, രോഗം സംശയിക്കുന്ന എല്ലാവരും ആശുപത്രികളിലേക്കു പോകുന്ന അവസ്ഥ ഒഴിവാക്കണം. പ്രാഥമിക ചികിത്സയ്ക്കു വാർഡ് തലത്തിലോ മറ്റോ ചെറിയ ക്ലിനിക്കുകൾ തുടങ്ങണം. എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കാൻ സാധനങ്ങളുമായി പാചകപ്പുരകൾ സന്നദ്ധമായിരിക്കണം. ആശുപത്രികൾ ഐസിയു ആവശ്യങ്ങൾക്കു മാത്രമാക്കി നിജപ്പെടുത്തണം. കൊറോണ വൈറസിന്റെ കാരിയർമാരായവർ ആശുപത്രികളിലെത്തുന്നതു ഡോക്ടർമാർക്കും നഴ്സുമാർക്കും അസുഖം വരുത്താനിടയാക്കും. ആരോഗ്യപ്രവർത്തകർ വീണുപോയാൽ പിന്നെ ആർക്കും ഒന്നും ചെയ്യാനാവില്ല.

Spain Covid

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും നടപ്പാക്കുന്ന നിർദേശങ്ങൾ ഫലപ്രദമാണെങ്കിലും കടുത്ത നടപടികൾ അനിവാര്യമായിരിക്കുന്നു. സ്പെയിൻ ഇപ്പോൾ കോവിഡിന്റെ തിക്തഫലങ്ങൾ മനസ്സിലാക്കിയിരിക്കുന്നു, നിയന്ത്രണങ്ങളോടു പൊരുത്തപ്പെട്ടു. സ്പെയിനിൽ രാത്രിയിൽ വീടുകളുടെ ബാൽക്കണിയിൽ വന്ന് ആളുകൾ പാത്രങ്ങളിൽമുട്ടി പാട്ടുപാടി ആരോഗ്യപ്രവർത്തകർക്കു നന്ദി അറിയിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും പതിവായി. നിങ്ങൾ ഒറ്റയ്ക്കല്ല, ഞങ്ങളുണ്ട് കൂടെ എന്നു തോന്നിപ്പിക്കാൻ പ്രത്യേക താളത്തിൽ ഹോണടിച്ചു പട്ടാളവണ്ടികൾ ഇടയ്ക്കിടെ റോന്തു ചുറ്റുന്നതും പലർക്കും ആശ്വാസമാണ്. മഹാമാരിയെ കീഴടക്കാമെന്ന ആത്മവിശ്വാസത്തിലാണു സർക്കാരും സ്പെയിൻ ജനതയും’– ഫാ. മാർട്ടിൻ ഉപ്പുകുന്നേൽ പറഞ്ഞു.

English Summary: Covid-19 lessons from amid coronavirus affected Spain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com