ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഞായറാഴ്ചത്തെ ജനതാ കർഫ്യൂവിന് പൂർണമായി ഒരുങ്ങി രാജ്യം. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെല്ലാം കർഫ്യൂവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ജനങ്ങൾ പുറത്തിറങ്ങാതെ വീടിനകത്ത് ഇരിക്കണമെന്നാണു പ്രധാനമന്ത്രിയുടെ ആഹ്വാനം.

14 മണിക്കൂർ നീളുന്ന കർഫ്യൂവിന്റെ ഭാഗമായി നിരത്തുകളിൽനിന്നു മാറിനിൽക്കാനും പൊതുഗതാഗതം ഉപയോഗിക്കാതിരിക്കാനും ജനം ശ്രദ്ധിക്കണമെന്നാണു രാജ്യത്തെ അഭിസംബോധന ചെയ്തു മോദി ആവശ്യപ്പെട്ടു. ജനം ജനങ്ങൾവേണ്ടി നടപ്പാക്കുന്ന കർഫ്യൂ ആണിതെന്നും മോദി വിശേഷിപ്പിച്ചു. അവശ്യ സേവനങ്ങളായ ആരോഗ്യവകുപ്പ്, പൊലീസ്, മാധ്യമങ്ങൾ എന്നിവയ്ക്കു മാത്രമാണ് ഇളവുള്ളത്.

അറിയാം കർഫ്യൂ ഒരുക്കങ്ങൾ

∙ ശനിയാഴ്ച അർധരാത്രി മുതൽ ഞായറാഴ്ച രാത്രി 10 വരെ രാജ്യത്തു പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തില്ലെന്ന് ഇന്ത്യൻ റെയിൽവേ

∙ മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ ഞായറാഴ്ച പുലർച്ചെ നാലിനു സർവീസ് അവസാനിപ്പിക്കും. ഞായറാഴ്ച രാത്രി 10 വരെ എല്ലാ ഇന്റർസിറ്റി ട്രെയിനുകളും റദ്ദാക്കി

∙ മുംബൈ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, സെക്കന്തരാബാദ് എന്നിവിടങ്ങളിലെ എല്ലാ സബർബൻ ട്രെയിനുകളും സർവീസുകളുടെ എണ്ണം വെട്ടിച്ചുരുക്കി. ഏതാനും സർവീസുകളുണ്ടാകും

∙ ഞായറാഴ്ച എല്ലാ വിമാനങ്ങളുടെയും സർവീസ് സസ്പെൻഡ് ചെയ്തതായി ഗോ എയർ. മാർച്ച് 22ന് ടിക്കറ്റ് ബുക്ക് ചെയ്തവർക്കു ഒരു വർഷത്തിനുള്ളിൽ മറ്റേതെങ്കിലും ദിവസം അധികതുക നൽകാതെ യാത്ര ചെയ്യാം. ടിക്കറ്റ് തുക മടക്കിവാങ്ങാനും സൗകര്യം

∙ ഞായറാഴ്ച 60% ആഭ്യന്തര വിമാന സർവീസുകൾ മാത്രമേ നടത്തൂവെന്ന് ഇൻഡിഗോ

∙ ആഭ്യന്തര വിമാന സർവീസുകൾ പരിമിതപ്പെടുത്തുമെന്നും യാത്രക്കാർക്കു പ്രയാസമുണ്ടായെങ്കിൽ പരിഹരിക്കുമെന്നും എയർ വിസ്താര

∙ 18 വർഷത്തിനിടെ ആദ്യമായി മുഴുവൻ സർവീസുകളും നിർത്തിവയ്ക്കുമെന്നു ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി)

∙ ഡ്രൈവർമാരോട് പരമാവധി വീട്ടിലിരിക്കാൻ നിർദേശിച്ച് മൊബൈൽ ആപ് കാബ് സേവന കമ്പനികളായ ഊബറും ഒലയും. അടിയന്തര ആവശ്യങ്ങൾക്ക് സേവനം ലഭ്യമാക്കും

∙ പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ അറിയിച്ച് ഡൽഹിയിലെ 95,000ലേറെ ഓട്ടോറിക്ഷകൾ

∙ രാജ്യ തലസ്ഥാനത്തെ 15 ലക്ഷത്തിലേറെ വ്യാപാരികൾ കടകൾ അടയ്ക്കും. മാർച്ച് 21 മുതൽ മൂന്നു ദിവസത്തേക്ക് കർഫ്യൂ നടത്താൻ ചില വ്യാപാരികളുടെ തീരുമാനം

∙ സർക്കാർ ബസുകൾ നിരത്തിലിറങ്ങില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി

∙ സർക്കാർ ബസുകളും മെട്രോ സർവീസുകളും ഞായറാഴ്ച നിർത്തിവയ്ക്കുമെന്നു തമിഴ്നാട് സർക്കാർ.

∙ ലക്നൗ മെട്രോ, നോയിഡ മെട്രോയുടെ അക്വ ലൈൻ സർവീസ് എന്നിവ ഉണ്ടാകില്ല

∙ ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും അടച്ചിടും. ബെംഗളൂരു മെട്രോ സർവീസുകൾ വെട്ടിച്ചുരുക്കും. പബ്, ബാർ, മാൾ, തിയറ്റർ തുടങ്ങിയവ അടച്ചിടും.

പൂർണമായി സഹകരിച്ച് കേരളം

പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം നടക്കുന്ന ജനതാ കർഫ്യൂവിൽ കേരളം പൂർണമായി സഹകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസിയും കൊച്ചി മെട്രോയും ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിശ്ചലമാകും. എല്ലാവരും വീടുകളിൽ കഴിയുന്നതിനാൽ കുടുംബാംഗങ്ങൾ മാത്രമായി പരിസര ശുചീകരണം നടത്തണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു. ബാറുകൾ ഉൾപ്പെടെ മദ്യശാലകൾ പ്രവർത്തിക്കില്ല. എല്ലാ കച്ചവടക്കാരും സഹകരിക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ പറ‍ഞ്ഞു. 

ഹോട്ടലുകളും റസ്റ്ററന്റുകളും ബേക്കറികളും അടച്ചിടുമെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്നു കേരള ബസ് ഓപറേറ്റഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ടി ഗോപിനാഥൻ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ലോറൻസ് ബാബു എന്നിവർ അറിയിച്ചു. പെട്രോൾ പമ്പുകൾ അടച്ചിടുമെന്നു ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് നാഷനൽ വൈസ് പ്രസിഡന്റ് ആർ.ശബരീനാഥ് പറഞ്ഞു.

ജനതാ കർഫ്യൂവിനെ എൽഡിഎഫും യുഡിഎഫും പിന്തുണച്ചു. കോവിഡിനെക്കുറിച്ചു രാജ്യമെങ്ങും ആശങ്കയുള്ള സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളെയും പിന്തുണയ്ക്കുമെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ അറിയിച്ചു. ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും ദേശീയതലത്തിൽ തന്നെ കോൺഗ്രസ് ജനതാ കർഫ്യൂവിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. 

English Summary: No trains, metros, buses: Here is how India is gearing up for Janata Curfew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com