ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടില്‍ ചൊവ്വാഴ്ച വൈകിട്ട് 6 മുതല്‍ മാർച്ച് 31 അര്‍ധരാത്രി വരെ സംസ്ഥാന സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ തുറക്കും. ജില്ലകൾ തമ്മിലുള്ള അതിര്‍ത്തികള്‍ അടച്ചിടും. അതിനിടെ, സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി കോവിഡ്–19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഒൻപതായി. കോവിഡ് ബാധിച്ച ഒരാൾ സുഖംപ്രാപിച്ച് മടങ്ങിയിരുന്നു.

നിലവിൽ 54 പേർ ആശുപത്രിയിൽ ഐസലേഷനിൽ ചികിത്സയിലാണ്. 9400 ലധികം പേർ വീടുകളിൽ നിരീക്ഷണത്തിലും. പരിശോധനയ്ക്ക് അയച്ച 443 സാംപിളുകളിൽ 352 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. മറ്റുള്ളവയുടെ ഫലം കിട്ടിയിട്ടില്ല. കൊറോണ വൈറസ് വ്യാപിക്കുന്നതിനെതിരായ മുൻകരുതൽ നടപടിയായി ചെന്നൈ, ഈറോഡ്, കാഞ്ചീപുരം എന്നീ ജില്ലകൾ പൂർണമായും അടച്ചിടാൻ കേന്ദ്ര സർക്കാർ ശുപാർശ ചെയ്തിരുന്നു.

സർക്കാരിന്റെ പ്രധാന നിർദേശങ്ങൾ:

∙ നാല് പേരിൽ കൂടുതൽ എവിടെയും കൂട്ടംകൂടരുത്.

∙ അവശ്യകാര്യങ്ങൾക്കായി ഒരു കുടുംബത്തിലെ ഒരാൾ മാത്രം പുറത്തിറങ്ങുക.

∙ ദിവസ വേതനക്കാർക്കു (വെള്ള റേഷൻ കാർഡ്) ഒരു മാസത്തേയ്ക്ക് 12 കിലോ അരി (ഓരോരുത്തർക്കും) സൗജന്യമായി നൽകും. കുടുംബത്തിനു 1500 രൂപയും നൽകും

∙ അവശ്യസേവങ്ങൾ അല്ലാത്ത എല്ലാ സർക്കാർ ഉദ്യോഗസ്ഥരും വീട്ടിൽ ഇരുന്ന് ജോലി ചെയ്യണം.

∙ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർച്ച് 31 വരെ അടച്ചിടണം. അങ്കണവാടികൾക്കു ബാധകം. എങ്കിലും കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരം വീട്ടിൽ എത്തിച്ചു നൽകണം.

∙ സർക്കാർ, സ്വകാര്യ മേഖലയിലെ കെട്ടിട നിർമാണ തൊഴിലാളികൾ, കരാർ ജീവനക്കാർ, ദിവസ വേതനക്കാർ എന്നിവർക്കു ശമ്പളം ഉറപ്പാക്കും.

∙ ആശുപത്രികളിൽ അടിയന്തര സേവനങ്ങൾ ലഭിക്കും.

∙ പൊതു, സ്വകാര്യ ഗതാഗത സംവിധാനങ്ങൾ പൂർണമായും നിർത്തണം.

∙ അന്തർസംസ്ഥാന ഗതാഗതവും നിർത്തും. ചരക്കുവാഹനങ്ങൾക്കു വിലക്കുണ്ടാവില്ല.

∙ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കും.

English Summary: Section 144 in Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com