ADVERTISEMENT

മുംബൈ∙ കോവി‍ഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗൺ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സാരമായി ഉലയ്ക്കുമെന്നു വിദഗ്ധർ. ലോക്ക്ഡൗൺ കാരണം രാജ്യത്തിന് 120 ബില്യൻ ഡോളർ (ഏകദേശം 9 ലക്ഷം കോടി) അല്ലെങ്കിൽ ആഭ്യന്തര മൊത്ത ഉത്പാദനത്തിന്റെ (ജിഡിപി) 4 ശതമാനമോ നഷ്ടമുണ്ടാക്കുമെന്നാണു സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. വളർച്ചാ പ്രവചന നിരക്കുകൾ വെട്ടിക്കുറച്ച വിദഗ്ധർ, സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന നിലപാടിലാണ്.

വരുന്ന ഏപ്രിൽ മൂന്നിനു റിസർവ് ബാങ്ക് നയം പ്രഖ്യാപിക്കുമ്പോൾ നിരക്കുകൾ വലിയ തോതിൽ കുറച്ചാൽ മാത്രമെ രക്ഷയുള്ളൂവെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ച അർധരാത്രി മുതൽ രാജ്യം ലോക്ക്ഡൗണിലാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെ ബുധനാഴ്ച ഓഹരി വ്യാപാരത്തിന്റെ തുടക്കത്തിലേ 0.47% ഇടിവുണ്ടായി. ഇന്ത്യയ്ക്കു 120 ബില്യൻ ഡോളറോ ജിഡിപിയുടെ 4 ശതമാനമോ നഷ്ടമുണ്ടാകുമെന്നാണു വിലയിരുത്തലെന്നു ബ്രിട്ടിഷ് ബ്രോക്കറേജ് സ്ഥാപനമായ ബർക്ലിസ് അഭിപ്രായപ്പെട്ടു.

അടുത്ത പാദത്തിലേക്കുള്ള വളർച്ചനിരക്ക് പ്രവചനം ബർക്ലിസ് 1.7% കുറച്ച് 3.5 ശതമാനവുമാക്കി. മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ എംകെ, മറ്റു രാജ്യങ്ങളേക്കാൾ വേഗത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ തീരുമാനിച്ചതിനെ അഭിനന്ദിച്ചു. എന്നാൽ, ഇതിന്റെ സാമ്പത്തിക പ്രത്യാഘാതം താങ്ങുന്നത് എങ്ങനെയെന്നതിനെപ്പറ്റി ഇന്ത്യൻ സർക്കാർ ഒന്നുംപറയുന്നില്ല. നോട്ടുനിരോധനം, ജിഎസ്ടി എന്നിവയാൽ വലഞ്ഞ അസംഘടിത മേഖലയ്ക്കു വലിയ ആഘാതമാണു ലോക്ക്ഡൗൺ സൃഷ്ടിക്കുകയെന്നും അവർ മുന്നറിയിപ്പ് നൽകി.

സാമ്പത്തിക പാക്കേജിനല്ല, രോഗം വ്യാപിക്കുന്നതു തടയാനുള്ള നടപടികൾക്കാണ് കേന്ദ്ര സർക്കാർ ഊന്നൽ നൽകുന്നത്. പ്രധാനമന്ത്രി തന്നെ ഇക്കാര്യം ലോക്സഭയിലെ കക്ഷിനേതാക്കളോടു സൂചിപ്പിച്ചു. പ്രതിപക്ഷത്തുനിന്നു പലരും പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദീർഘകാല പ്രത്യാഘാതമുണ്ടാകാവുന്ന സാമ്പത്തിക പ്രതിസന്ധിക്കു സാധ്യതയുള്ളതിനാൽ ഓരോ മേഖലയെക്കുറിച്ചും വിശദമായി വിലയിരുത്തിയുള്ള നടപടി വേണമെന്നും ഇപ്പോൾ പ്രതിരോധ വ്യവസ്ഥ ശക്തമായി നടപ്പാക്കുന്നതിലാണ് ഊന്നലെന്നുമാണു മോദിയുടെ നിലപാട്.

ഉടനില്ലെങ്കിലും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനുള്ള സാധ്യതയാണു കഴിഞ്ഞദിവസം ധനമന്ത്രി നിർമല സീതാരാമൻ സൂചിപ്പിച്ചത്. താൻ നേതൃത്വം നൽകുന്ന സാമ്പത്തിക കർമസമിതിയുമായി ബന്ധപ്പെട്ടു വിവിധ ഉപസമിതികളുണ്ടെന്നും അവ പല നിർദേശങ്ങളും തയാറാക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ നിലവിലുള്ള പദ്ധതികളിൽനിന്നു പണം ലഭ്യമാക്കുന്നതിനു നടപടികൾ ഊർജിതപ്പെടുത്താനുള്ള ശ്രമവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. 

English Summary: Experts Say India May Lose Rs 9 Lakh Crore in Covid-19 Lockdown, Urge Govt to Announce Economic Package

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com