ADVERTISEMENT

രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ച തൃശൂരിലെ പെൺകുട്ടിയും തൃശൂരിൽ രണ്ടാമത് രോഗം സ്ഥിരീകരിച്ച യുവാവും രോഗം ഭേദമായി ആശുപത്രി വിട്ടതിനു പിന്നാലെ വ്യാഴാഴ്ച തൃശൂരിൽ ലഭിച്ച 46 പരിശോധനാഫലങ്ങളിൽ 44 എണ്ണം നെഗറ്റീവ്. ജില്ലയിൽ അഞ്ചു പേരെയാണ് ആശുപത്രിയിൽ നിന്ന് വിട്ടയച്ചത്. 662 പേർ വീടുകളിലെ ക്വാറന്റീൻ പൂർത്തിയാക്കി.

ശ്രീചിത്രയിൽ കോവിഡ് ബാധിച്ച ഡോക്ടർക്ക് രോഗം ഭേദമായെന്ന ആശ്വാസവാർത്തയാണ് തിരുവനന്തപുരത്ത് നിന്ന്. ഡോക്ടറുമായി ബന്ധപ്പെട്ടവരില്‍ ഒൻപതു പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇവരെ (അഞ്ചു പേര്‍ ഹൈ റിസ്‌ക് ലിസ്റ്റുള്ളവരും നാലു പേര്‍ ലോ റിസ്‌ക് ലിസ്റ്റിലുള്ളവരും) മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ്.

എറണാകുളത്ത് ചികിൽസയിലായിരുന്ന മൂന്നു കണ്ണൂർ സ്വദേശികളെയും രണ്ടു വിദേശ പൗരൻമാരെയും രോഗം ഭേദമായതോടെ വ്യാഴാഴ്ച ആശുപത്രിയിൽനിന്ന് വിട്ടയച്ചു. പത്തനംതിട്ടയിൽ ചികിൽസയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി.

വ്യാഴാഴ്ച പ്രതീക്ഷകൾ പരത്തിയ ചില വാർത്തകൾ ചുവടെ:

∙ ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. 55 ലക്ഷംപേർക്ക് 2,400രൂപ വീതം.

∙ ഭക്ഷണം പാകം ചെയ്യാൻ കഴിയാത്തവർക്കായി കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം തുടങ്ങി.

∙ റേഷൻ കാർഡില്ലാതെ വാടക വീടുകളിൽ കഴിയുന്നവർക്കും റേഷൻ.

∙ രോഗികളുടെ കൂട്ടിരിപ്പിന് സന്നദ്ധരായി 1,465 സന്നദ്ധ പ്രവർത്തകർ.

∙ കോവിഡ് പ്രതിരോധത്തിന് 2,36,000 പേർ അടങ്ങുന്ന സന്നദ്ധസേന.

∙ തെരുവോരങ്ങളിൽ ഭക്ഷണം ഇല്ലാതെ കഴിയുന്നവർക്ക് ഭക്ഷണം നൽകാൻ പദ്ധതിയുമായി കേരള പൊലീസ്.

∙ കമ്മ്യൂണിറ്റി കിച്ചണിനായി ഹോട്ടലുകൾ വിട്ടു നൽകാമെന്ന് ഉടമകൾ.

∙ ഏപ്രില്‍ 14 വരെ നീളുന്ന ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ചരക്കുകളുടെയും ആവശ്യ വസ്തുക്കളുടെയും ഗതാഗതവും വിതരണവും തത്സമയം നിരീക്ഷിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഇവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ ഇന്റേണല്‍ ട്രേഡ് കണ്‍ട്രോള്‍ റൂം തുറന്നു. 

∙ നിര്‍മ്മാതാക്കള്‍ക്കോ, ചരക്ക് കടത്തുന്നവര്‍ക്കോ, വിതരണക്കാര്‍ക്കോ, മൊത്തക്കച്ചവടക്കാര്‍ക്കോ, ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കോ ചരക്ക് ഗതാഗതത്തിലും വിതരണത്തിലും വിഭവ വിന്യാസത്തിലും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്ന പക്ഷം +91 11 23062487 എന്ന ടെലിഫോണ്‍ നമ്പരിലോ, controlroom-dpiit@gov.in എന്ന ഇമെയിലിലോ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറു വരെ ടെലിഫോണ്‍ നമ്പര്‍ പ്രവര്‍ത്തനക്ഷമമായിരിക്കും. കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്ന വിഷയങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ബന്ധപ്പെട്ട സംസ്ഥാന സർക്കാർ, ജില്ലാ, പൊലീസ് അധികൃതരുടെയും മറ്റ് ഏജന്‍സികളുടെയും ശ്രദ്ധയില്‍പ്പെടുത്തും.

∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ വാർ റൂം രൂപീകരിച്ചു.  ഡോ.കെ.ഇളങ്കോവൻ ഐഎഎസിനാണ് സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ പ്രവർത്തിക്കുന്ന വാർറൂമിന്റെ ചുമതല. പി.ഐ.ശ്രീവിദ്യ ഐഎഎസ്, ജോഷി മൃൺമയി ശശാങ്ക് ഐഎഎസ്, ഹരിത വി.കുമാർ ഐഎഎസ്, എസ്.ചന്ദ്രശേഖരൻ ഐഎഎസ്, കെ.ഇമ്പശേഖർ ഐഎഎസ് എന്നിവർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ വാർ റൂമിൽ പ്രവർത്തിക്കും. ആരോഗ്യം, പൊലീസ്, റവന്യൂ, തദ്ദേശം, ഗതാഗതം, ഫുഡ് ആൻറ് സിവിൽ സപ്ലൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും വാർ റൂമിന്റെ ഭാഗമായി ഉണ്ടാകും. വാർ റൂം നമ്പർ: 0471–2517225.

English Summary : First covid affected girl in Kerala cured and left hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com