ADVERTISEMENT

കൊച്ചി ∙ ‘പേടിക്കണ്ട വർക്കിച്ചാ.. പാലായീന്നും പൂഞ്ഞാറീന്നുമൊക്കെ കുടിയേറിയോമ്മാരാ.. രായ്ക്കുരായ്മാനം അവൻമാരതിനെ പിടിച്ച് കശാപ്പ് ചെയ്യും.’ – ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ടിലെ ടൈറ്റിൽ സീൻ ഓർക്കുന്നുണ്ടാകും. അതിന്റെ നേരാവർത്തനമായിരുന്നു കൊച്ചി കലൂരിൽ എജെ ഹാളിനു സമീപം കത്രിക്കടവ് ഫിഫ്ത്ത് അവന്യൂവിൽ രാവിലെ കണ്ടത്. അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. പാവക്കുളം അമ്പലത്തിനു സമീപത്തുനിന്നു തുടങ്ങിയ ഓട്ടം നിന്നത് ഈ ലൈനിൽ ആയത് എല്ലാവരുടെയും ഭാഗ്യം. 

‘കലൂര്‍ പ്രവർത്തിക്കുന്ന കശാപ്പു ശാലയിൽ വിൽപനയ്ക്കായി കൊണ്ടുവന്ന മഹിഷം..!’

‘മഹിഷമോ?’

‘പോത്തിനു പറയുന്നതാ മഹിഷമെന്ന്.. ഭാഷ അറിയത്തില്ലേ..?’

‘അതിന് പോത്തെന്ന്് അങ്ങ് എഴുതിയാപ്പോരേ?’

‘എന്നാ അങ്ങോട്ടങ്ങ് എഴുത്..’ – സിനിമയിൽ നിന്നു തന്നെ.. 

നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്നാണു പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയത്. പിന്നെ പോത്തിനെ പിടികൂടാനുള്ള നെട്ടോട്ടം. സിനിമയിൽ കണ്ട ഓട്ടമൊന്നും ഓടിയില്ലെങ്കിലും നാട്ടുകാരും പൊലീസും തടി കേടുവരാതെ രക്ഷപെട്ടതു തലനാരിഴയ്ക്ക്. കൊറോണ ഭീതിയിൽ വിലക്കു നിലനിൽക്കുന്നതു കൊണ്ടു മാത്രം ആളുകൾ അധികം നിരത്തിലില്ലാതിരുന്നതുകൊണ്ട് കാര്യമായ ആളപായങ്ങളുണ്ടായില്ല. ഫിഫ്ത്ത് അവന്യൂ ഒരു ‘ഡെഡ് എൻഡ്’ ആയതുകൊണ്ടു മാത്രം ഫയർഫോഴ്സ് വിരിച്ച വലയിൽ പോത്ത് കുടുങ്ങി.

ഇതിനിടെ ഉദ്യോഗസ്ഥരെ കുത്തുന്നതിനു പോത്ത് ആയുന്നതും കഷ്ടിച്ചു രക്ഷപ്പെടുന്നതുമെല്ലാം വിഡിയോയിൽ കാണാം. ഗാന്ധിനഗറിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണു സ്ഥലത്തെത്തി അതിസാഹസികമായി പോത്തിനെ കീഴടക്കി ഉടമയെ ഏൽപിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സുനിൽകുമാർ എം.ആർ, സീനിയർ ഫയർ ഓഫിസർ അരുൺ എന്നിവർക്കൊപ്പം റോജോ, ലിപിൻദാസ്, ഷാനവാസ്, രാംരാജ്, ശ്യാംകുമാർ, ഗോകുൽ, സിൻ മോൻ എന്നിവരും ‘കലൂർ ജെല്ലിക്കെട്ടിൽ’ പങ്കാളികളായി.

കലൂരിൽ വിരണ്ടോടിയ പോത്തിനെ പിടികൂടാനുള്ള ശ്രമം.
കലൂരിൽ വിരണ്ടോടിയ പോത്തിനെ പിടികൂടാനുള്ള ശ്രമം.

English Summary: Kaloor witnessed Jallikattu in the morning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com