sections
MORE

വെനീസിലെ ഡോൾഫിൻ, ഉന്മത്തരായ ആനക്കൂട്ടം വ്യാജം; മേപ്പയ്യൂര്‍ അങ്ങാടിയിലെ പുള്ളിവെരുകോ...

civet-calicut
കോഴിക്കോട്ട് മേപ്പയ്യൂർ അങ്ങാടിയിലെത്തിയ വെരുക്.
SHARE

ഇരുട്ടുപടരുംപോലെ ഭൂഗോളത്തിനുമേൽ പതിയെ പരക്കുകയാണ് കോവിഡ് 19 എന്ന കൊറോണ വൈറസ്ജന്യ രോഗം. ഒരു ചൈനീസ് പട്ടണത്തിലെ മാംസച്ചന്തയിൽനിന്നു തുടങ്ങിയതെന്നു കരുതപ്പെടുന്ന ഈ രോഗം ഒരു നീരാളിയെപ്പോലെ കൈകൾ വിരിച്ചപ്പോൾ ചെറുപട്ടണങ്ങളും മഹാനഗരങ്ങളും മുതൽ വൻശക്തികളെന്ന് അഭിമാനംകൊള്ളുന്ന രാജ്യങ്ങൾവരെ ഭയന്നു വാതിലടച്ചു. തെരുവുകളിൽ ആളും വാഹനവുമൊഴിഞ്ഞു. ലോകം അക്ഷരാർഥത്തിൽ നിശ്ചലമായി. വായു, ജല മലിനീകരണത്തോത് ഉയർന്നിരുന്ന പല നഗരങ്ങളിലും അത് കുത്തനെ താഴ്ന്നു. അന്തരീക്ഷവും വെള്ളവും തെളിഞ്ഞു.

സമൂഹമാധ്യമ കാലത്തിന്റെ പതിവായ വ്യാജ വാർത്തകൾക്ക് അപ്പോഴും പഞ്ഞമില്ല. നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം വിജനമായതോടെ വൻതോതിൽ കാട്ടുമൃഗങ്ങളും പക്ഷികളും നാട്ടിലിറങ്ങുന്നു എന്നതായിരുന്നു വളരെ പ്രചാരം കിട്ടിയ വാർത്തകളിലൊന്ന്. മനുഷ്യസാന്നിധ്യം കുറഞ്ഞതോടെ ജീവികൾ നാട്ടിലിറങ്ങി സ്വൈരസഞ്ചാരം നടത്തുന്നുവെന്ന് ഇത്തരം വാർത്തകൾ‌ വ്യക്തമാക്കി. ലോകത്തിന്റെ പലഭാഗത്തുനിന്നും ഇത്തരം ചിത്രങ്ങളും വിഡിയോകളും വരികയും ചെയ്തു. പ്രകൃതി അതിന്റെ വഴികൾ തിരിച്ചുപിടിക്കുന്നു എന്ന മട്ടിലായിരുന്നു പല പ്രചാരണങ്ങളും. അത്തരം വാർത്തകളിൽ ഭൂരിഭാഗവും വ്യാജമാണെന്ന് പിന്നീട് നാഷനൽ ജിയോഗ്രഫി അടക്കമുള്ള മാധ്യമങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം വാർത്തകൾക്കിടയിൽ കൗതുകം നിറഞ്ഞ ഒരു യഥാർഥ വിഡിയോയുമുണ്ട്. കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ അങ്ങാടിയിലൂടെ നിർഭയം നടന്നു നീങ്ങുന്ന പുള്ളിവെരുകാണ് കൗതുകമായത്. മെരു എന്ന് നാട്ടിൽ അറിയപ്പെടുന്ന ഇതിന്റെ  ഇംഗ്ലിഷ് പേര് സ്മോൾ ഇന്ത്യൻ സിവറ്റ് എന്നാണ്. പൊതുവേ വനങ്ങളിലും വിരളമായി വനാതിർത്തികളിലെ ഗ്രാമങ്ങളിലും കാണുന്ന ഇത് അങ്ങാടിയിലെത്തിയത് എങ്ങനെയെന്നു വ്യക്തമല്ല. ഇടതിങ്ങിയ രോമങ്ങളുള്ള വാലും ചെറിയ ചെവികളും നീണ്ട മുഖവും ഇളംമഞ്ഞ നിറമുള്ള ശരീരത്തിൽ കറുത്ത പുള്ളികളും ചിലയിടങ്ങളിൽ വരകളുമുള്ള ഈ ജീവി രാത്രിയാണ് ഇരതേടിയിറങ്ങുക.

തൊട്ടടുത്തെങ്ങും വനമില്ലാത്ത മേപ്പയ്യൂർ അങ്ങാടിയിൽ വെരുക് എങ്ങനെ എത്തിപ്പെട്ടുവെന്നറിയില്ല.  മനുഷ്യന്റെ നിഴൽ കണ്ടാൽപോലും ഓടി രക്ഷപ്പെടുന്ന ഈ മൃഗം രോഗബാധയോ കാഴ്ചശക്തി കുറവോ കൊണ്ടാകാം അങ്ങാടിയിലൂടെ പതുക്കെ നടന്നതെന്നാണ് കരുതുന്നത്. ഷബീർ ജന്നത്ത് എന്ന മേപ്പയൂർ സ്വദേശിയാണ് വിഡിയോ എടുത്തത്. 

വെനീസിലെ കനാലുകളിൽ ജലം തെളിഞ്ഞെന്നും മീനുകളും അരയന്നങ്ങളും തിരിച്ചെത്തി എന്നുമായിരുന്നു ഒരു വാർത്ത. തെളിഞ്ഞ കനാലിൽ നീന്തുന്ന അരയന്നങ്ങളുടെയും ഡോൾഫിനുകളുടെയും ചിത്രങ്ങളും വിഡിയോകളും വളരെവേഗം വൈറലായി. ലക്ഷക്കണക്കിനു ലൈക്കുകളാണ് അവയ്ക്കു കിട്ടിയത്. പ്രശസ്തരടക്കം അവ പങ്കുവച്ചു. 

swan-venice
വെനീസിലെ കനാലുകളിൽ തിരിച്ചെത്തിയ അരയന്നങ്ങള്‍ എന്ന പേരിൽ പ്രചരിച്ച ചിത്രങ്ങൾ. യഥാർഥത്തിൽ ഇത് ബുറാനോ ദ്വീപിലെ കനാലുകളിലുള്ള അരയന്നങ്ങളുടെ ചിത്രങ്ങളാണ്

കനാൽവെള്ളം തെളിഞ്ഞുവെന്നത് വാസ്തവമാണ്. പക്ഷേ അതിൽ നീന്തുന്ന അരയന്നങ്ങൾ എന്ന മട്ടിൽ പ്രചരിച്ചത് വെനീസിനു സമീപമുള്ള ബുറാനോ ദ്വീപിലെ കനാലുകളിലുള്ള അരയന്നങ്ങളുടെ ചിത്രമായിരുന്നു. വെനീസിൽ പ്രത്യക്ഷപ്പെട്ട ഡോൾഫിനുകൾ എന്ന പേരിൽ വന്നത് സാർഡീനിയയിലെ ഒരു തുറമുഖത്തു നിന്നുള്ള ഡോൾഫിനുകളുടെ വിഡിയോയും.

സഞ്ചാരികൾ തീരെയെത്താത്ത വെനീസിൽ ഇപ്പോൾ ആളനക്കം കുറവാണ്. കനാലുകളിൽ വാപ്പൊറാറ്റോ എന്ന വലിയ ബോട്ടുകളോ വെനീസിന്റെ മുഖമുദ്രയായ ഗൊണ്ടോള എന്ന ചെറുവള്ളങ്ങളോ ഇല്ല. അതുകൊണ്ടുതന്നെ വെള്ളം തെളിഞ്ഞ് അടിത്തട്ടിലെ ജലസസ്യങ്ങളും ചെറുമീനുകളും വരെ ദൃശ്യമാണ്. കൊറോണ വിനോദസഞ്ചാരമേഖലയെ തകർത്തതോടെ വെനീസിന്റെ സമ്പദ്‌ വ്യവസ്ഥയുടെ നട്ടെല്ലുതന്നെ തകർന്നു. 

elephants-china-1
യുനാൻ പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ ചോളവൈൻ കുടിച്ച് തേയിലത്തോട്ടത്തിലൂടെ ഉന്മത്തരായി ചുറ്റിത്തിരിയുന്ന ആനക്കൂട്ടം എന്ന പേരിൽ പ്രചരിച്ച ചിത്രം. ഗ്രാമത്തിലെത്തിയ ആനക്കൂട്ടത്തിന്റെ ചിത്രമല്ല ഇത്.

ചൈനയിലെ യുനാൻ പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ ചോളവൈൻ കുടിച്ച് തേയിലത്തോട്ടത്തിലൂടെ ഉന്മത്തരായി ചുറ്റിത്തിരിയുന്ന ആനക്കൂട്ടം എന്ന അടിക്കുറിപ്പുമായാണ് ഒരു ചിത്രം വൈറലായത്. യുനാനിലെ ഗ്രാമത്തിൽ ആനക്കൂട്ടമെത്തിയിരുന്നു. പക്ഷേ ചിത്രത്തിലുള്ള ആനക്കൂട്ടമല്ല അത്.

ലോക്ഡൗൺ ദിനങ്ങളിൽ മുംബൈ തീരത്ത് കടലിൽ പ്രത്യക്ഷപ്പെട്ട ഡോൾഫിനുകളുടെ ചിത്രം ബോളിവുഡ് താരം ജൂഹി ചൗള ട്വിറ്ററിൽ പങ്കുവച്ചിരുന്നു. അതു വളരെവേഗം വൈറലാകുകയും ചെയ്തു. ഇന്ത്യൻ ഓഷ്യൻ ഹംപ്ബാക്ക് ഡോൾഫിൻ എന്നറിയപ്പെടുന്ന ഇവ കഴിഞ്ഞ കുറേ വർഷമായി മുംബൈ തീരക്കടലിൽ കാണപ്പെടാറുണ്ടായിരുന്നെന്ന് കോസ്റ്റൽ കൺസർവേഷൻ‌ ഫൗണ്ടേഷൻ സഹസ്ഥാപകൻ ശൗനക് മോദി പറയുന്നു. കുറച്ചുകാലമായി അവയെ കാണാറില്ലായിരുന്നു.

ലോക്ഡൗണിനെത്തുടർന്ന് ജലഗതാഗതമുൾപ്പെടെ നിർത്തിവച്ചതും മീൻപിടിത്ത ബോട്ടുകൾ അടക്കം കടലിലിറങ്ങാത്തതും മൂലം വെള്ളം തെളിയുകയും ചെയ്തു. ജലം ശുദ്ധമായതും വൻകപ്പലുകളുടെയും മറ്റും തിരക്കൊഴിഞ്ഞതുമാവാം ഡോൾഫിനുകളെ വീണ്ടും തീരത്തേക്ക് ആകർഷിച്ചത്. ‘മുംബൈയിലെ വാ‌യു തെളിഞ്ഞു, ശുദ്ധമായി. നഗരങ്ങൾ അടച്ചിട്ടത് അത്ര മോശം കാര്യമായില്ല!’ – എന്നാണ് ഡോൾഫിൻ വിഡിയോ പങ്കുവച്ച് ജൂഹി ട്വീറ്റ് ചെയ്തത്. 

കോവിഡ് ബാധയുടെ ഭീതിക്കിടെ ഇത്തരം പോസിറ്റീവ് ചിത്രങ്ങളും വിഡിയോകളും ആശ്വാസമാണെന്ന് ചിലർ പറയുന്നു. പക്ഷേ ഏതു സാഹചര്യത്തിലും ഏതുതരം വ്യാജവാർത്തകളും ഒഴിവാക്കണമെന്നാണ് മാധ്യമനിരീക്ഷകരും മറ്റും നിർദേശിക്കുന്നത്. എന്തായാലും ആൾത്തിരക്കു കുറഞ്ഞത് ചിലയിടങ്ങളിലെങ്കിലും  മ‍ൃഗങ്ങൾക്കും പക്ഷികൾക്കും അനുകൂലസാഹചര്യമാകുന്നുണ്ട്. വാഹനങ്ങൾ റോഡിലിറങ്ങാത്തതും ഫാക്ടറികളും മറ്റും പ്രവർത്തിക്കാത്തതും കൊണ്ട് പല വലിയ നഗരങ്ങളിലും വായുമലിനീകരണത്തിന്റെ തോത് കുറയുന്നെന്നും ഇതു സംബന്ധിച്ച പഠനങ്ങൾ പറയുന്നു. 

English Summary : Social Media trending videos of animals

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA