ADVERTISEMENT

ബെംഗളൂരു∙ മുംബൈ ഹിന്ദുജ ആശുപത്രിയിൽ കോവിഡിനെത്തുടർന്ന് ചികിത്സയിലിരുന്ന 82 വയസ്സുള്ള ഡോക്ടർ മരണമടഞ്ഞു. ഇതോടെ, മഹാരാഷ്്ട്രയിൽ കോവിഡ് മരണം ആറായി. രാജ്യത്തെ മരണങ്ങൾ 18 ആയി. ഇദ്ദേഹത്തിന്റെ കൊച്ചുമകൻ ലണ്ടനിൽ നിന്ന് ഇൗ മാസം 12ന് മുംബൈയിലെ വസതിയിൽ തിരിച്ചെത്തി സ്വയം ക്വാറന്റീനിൽ കഴിയുകയായിരുന്നു. കുടുംബത്തിലെ 6 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കർ‌ണാടകയിലെ തൂമക്കുരുവില്‍ അറുപത്തഞ്ച് വയസുകാരനും മരിച്ചു. ദുബായില്‍ നിന്ന് ഡല്‍ഹി വഴിയാണ് ഇയാള്‍ നാട്ടിലെത്തിയത്. അതേസമയം, രാജ്യത്ത് 724 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 66 പേര്‍ക്ക് രോഗം മാറിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നും എത്തിയ ഇന്ത്യക്കാരെ നിരീക്ഷിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ ഭാഗത്തു നിന്നും വീഴ്ച്ചയുണ്ടായെന്നും അത് അടിയന്തരമായി പരിഹരിക്കണമെന്നും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നിര്‍ദേശിച്ചു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവര്‍ണര്‍മാരുമായി ചര്‍ച്ച നടത്തി. ലോക് ഡൗണിന്‍റെ നാലാംദിനവും രാജ്യം ഏറെക്കുറെ നിശ്ചലമാണ്. 

കൊറോണ വൈറസ് കേസുകളുടെ എണ്ണം 724 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് മഹാരാഷ്ട്രയിൽ നാലു മരണങ്ങളും ഗുജറാത്തിൽ മൂന്നു മരണങ്ങളും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ ഇതുവരെ രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധ്യപ്രദേശ്, തമിഴ്‌നാട്, ബിഹാർ, പഞ്ചാബ്, ഡൽഹി, ബംഗാൾ, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഒരോ മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് സജീവമായ കോവിഡ്–19 കേസുകളുടെ എണ്ണം 640 ആണ്. ഇതുവരെ 66 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 724. ഇതിൽ 47 പേർ വിദേശികളാണ്.

അതേസമയം, ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5.31 ലക്ഷം പിന്നിട്ടു. രോഗികളുടെ എണ്ണത്തിൽ ചൈനയെ മറികടക്കുന്ന സ്ഥിതിയിലേക്കു പോവുകയാണ് ഇറ്റലിയും യുഎസും. 85,000 ലേറെ പേർക്കു രോഗം സ്ഥിരീകരിച്ച യുഎസ് ആണ് ഇപ്പോൾ മുന്നിൽ. 81,340 പേരാണു ചൈനയിൽ കോവിഡ് ബാധിച്ചവർ. 80,000ലേറെ പേരുമായി ഇറ്റലിയും 57,000ലേറെ രോഗികളുമായി സ്പെയിനും കോവിഡിനോടു മല്ലിടുകയാണ്.

ലോകത്തു കോവിഡ് മരണം 24,071 ആയി. 8215 പേർ ഇറ്റലിയിലും 4365 പേർ സ്പെയിനിലും 3292 പേർ ചൈനയിലും 2234 പേർ ഇറാനിലും 1696 പേർ ഫ്രാൻസിലും 1293 പേർ യുഎസിലും മരണപ്പെട്ടു. ഇന്ത്യയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 669 ആയി. വിവിധ സംസ്ഥാന സർക്കാരുകൾ സ്ഥിരീകരിച്ച കണക്കു കൂടി ചേരുമ്പോൾ എണ്ണം 694 ആകും. കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർ (137); തൊട്ടുപിന്നിൽ മഹാരാഷ്ട്ര (125). 

യുഎസിൽ രോഗികൾക്കായി കിടക്ക കണ്ടെത്താൻ നെട്ടോട്ടമോടുകയാണ് അധികൃതർ. പല ആശുപത്രികളും വാർഡുകളിൽ നിന്നു മറ്റു രോഗികളെ മാറ്റി കോവിഡ് രോഗികൾക്ക് സ്ഥലമൊരുക്കുകയാണ്. ലൂസിയാനയിൽ 3 വിനോദ പാർക്കുകൾ ഐസലേഷൻ യൂണിറ്റുകളാക്കി മാറ്റി. വാഷിങ്ടൻ ഡിസിയിൽ അവശ്യ സ്വഭാവമില്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചു. ആൾക്കൂട്ടം നിരോധിച്ചു. എന്നാൽ ജനങ്ങൾ സാമൂഹിക അകലം പാലിച്ചതു മൂലം ന്യൂയോർക്കിൽ, രോഗികളുടെ എണ്ണം കുറയുകയാണെന്ന് അധികൃതർ പറഞ്ഞു.

English Summary: Coronavirus Outbreak: Number of positive cases increases around the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com