sections
MORE

വിമാനത്താവളങ്ങളിലെ നിരീക്ഷണത്തിലൂടെ മാത്രം എല്ലാ കൊറോണാ കേസുകളും കണ്ടെത്താനാവില്ല

covid-19-temperature-checking
വിമാനത്താവളത്തിൽ യാത്രക്കാരന്റെ ശരീര താപനില പരിശോധിക്കുന്നു.
SHARE

പത്തനംതിട്ട∙ വിമാനത്താവളങ്ങളിലെ തെർമൽ സ്കാനർ ഉപയോഗിച്ചുള്ള കൊറോണ വൈറസ് പരിശോധനയുടെ വിജയസാധ്യത 54% മാത്രമെന്ന് പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനു വേണ്ടി ഏതാനും വിദഗ്‌ധർ ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ നിഗമനം. രോഗബാധിതമായ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ വിമാനമിറങ്ങുന്ന മിക്കവരിലും കോവിഡ്-19 രോഗലക്ഷണങ്ങൾ പ്രകടമാകില്ലെന്നതാണ് ഇതിനു കാരണം. വന്നിറങ്ങുന്നവരെ ക്വാറന്റീൻ ചെയ്യാനോ കുറഞ്ഞപക്ഷം കർശന നിരീക്ഷണത്തിന് അയയ്ക്കാനോ സംവിധാനം വേണം.

ഇല്ലെങ്കിൽ സാമൂഹിക വ്യാപന സാധ്യത ഏറെയാണ്. യാത്രയ്‌ക്കുശേഷം ഇവരെ നിരന്തരം പിന്തുടർന്നു നിരീക്ഷിക്കണം. ഫെബ്രുവരി 17 വരെ ചൈനയിൽനിന്ന് ‍ന്യൂഡൽഹിയിൽ ഇറങ്ങിയ 5700 യാത്രക്കാരിൽ 17 പേർക്കു (0.3%) മാത്രമാണു വിമാനത്താവളത്തിലെ പരിശോധനയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ബാക്കിയുള്ളവരോടു വീടുകളിൽ കഴിയാൻ ആവശ്യപ്പെട്ടു. ഇതിൽ 885 പേരുടെ സ്ഥിതി ഇപ്പോഴും അറിയില്ല.

ജപ്പാൻ തീരത്ത് കുടുങ്ങിയ ഡയമൻഡ് പ്രിൻസസ് കപ്പലിലെ രോഗബാധിതരുടെ സ്ഥിതി മൊബൈൽ ആപ് ഉപയോഗിച്ച് തത്സമയം പരിശോധിച്ചതുപോലെ പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ വച്ച് രോഗസ്ഥിതി വിലയിരുത്തി തക്കസമയത്തു വേണ്ട കരുതൽ നൽകാനാവും. ലക്ഷണമില്ലാത്തവരിലും രോഗം പടരുന്ന സ്ഥിതി വന്നാൽ എത്ര ആശുപത്രി കിടക്കകൾ വേണമെന്നോ എത്ര വെന്റിലേറ്ററുകൾ വേണമെന്നോ പറയാനാവില്ല.

ഡയമൻഡ് പ്രിൻസസിലെ ഏകദേശം 26% യാത്രക്കാർക്കും കോവിഡ് പടർന്നു പിടിച്ചതായാണ് കണക്ക്. ഇതു വച്ച് രാജ്യത്തെ വ്യാപനവും ഏകദേശം കണക്കു കൂട്ടാനാവും. രോഗബാധിതരിൽ 450 പേരിൽ ഒരാൾക്കു വരെ മരണം സംഭവിക്കാം. അതിനാൽ സാമൂഹിക വ്യാപനം കഴിയുന്നിടത്തോളം ഒഴിവാക്കുകയോ വൈകിക്കുകയോ ചില ഇടങ്ങളിലേക്കു മാത്രമാക്കി ചുരുക്കുന്നതിലോ ആണ് ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധ പതിയേണ്ടതെന്നും പഠനം പറയുന്നു.

ഇങ്ങനെയൊരു സ്ഥിതി സംജാതമായാൽ ബയോ സെക്യൂരിറ്റി വാർഡുകൾ തുറക്കേണ്ടി വരും. ആരോഗ്യ പ്രവർത്തകർക്ക് ഇൻഷുറൻസും അപകടസാധ്യതാ ധനസഹായവും നൽകേണ്ടി വരുമെന്നും പഠനത്തിൽ ശുപാർശയുണ്ടായിരുന്നു. (വ്യാഴാഴ്‌ച നിർമലാ സീതാരാമൻ പ്രഖ്യാപിച്ച കോവിഡ് സാമ്പത്തിക പാക്കേജിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്). 20 ദിവസം മുതൽ മാസങ്ങളോളം നീളാവുന്ന അനിശ്ചിതത്വത്തിന്റെ നിഴലാണ് രാജ്യത്തിനുമേൽ കോവിഡ് വീഴ്‌ത്തിയിരിക്കുന്നത്. മാധ്യമങ്ങളുമായി വിവരങ്ങൾ ദിവസവും പങ്കുവയ്ക്കുന്ന കേരളത്തിലെ ആരോഗ്യവകുപ്പിന്റെ രീതിയെ മാതൃകയാക്കേണ്ടതാണെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.

English Summary: Not all COVID-19 cases can be found out through airport checking

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA