sections
MORE

കോവിഡിനെതിരായ പോരാട്ടം; കയ്യടി നേടി ഉദ്ധവും സംഘവും

mby-uddhav
ഉദ്ധവ് താക്കറെ
SHARE

മുംബൈ ∙ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ മികവിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ പുകഴ്ത്തി വിവിധ രാഷ്ട്രീയ നേതാക്കൾ. സമൂഹ മാധ്യമങ്ങളിലും ഉദ്ധവിന് പിന്തുണ ഏറുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള സംസ്ഥാനമാണെന്നിരിക്കെ, കേവലം 5 ശതമാനം സർക്കാർ ജീവനക്കാരുമായാണ് മഹാരാഷ്ട്ര സർക്കാർ പ്രവർത്തിക്കുന്നത്. അപ്പോഴും സ്ഥിതിഗതികൾ ഒരുപരിധി വരെ നിയന്ത്രണത്തിൽ നിർത്താൻ കഴിയുന്നു എന്നതാണ് ആശ്വാസകരം.

കേന്ദ്ര സർക്കാരിന്റെ ലോക്ഡൗൺ പ്രഖ്യാപനത്തിനു മുൻപേ തന്നെ ഒട്ടേറെ കാര്യങ്ങൾ ചെയ്ത് രോഗവ്യാപനം നിയന്ത്രിക്കാൻ ഒരുപരിധിവരെ മഹാ വികാസ് അഘാഡി സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, സ്വകാര്യ കമ്പനികളിലും ഓഫിസുകളിലും ഹാജർ നില പകുതിയാക്കൽ, സർക്കാർ ഓഫിസുകളിൽ ഹാജർ നില വിവിധ ഘട്ടങ്ങളിലായി കുറച്ച് 5 ശതമാനമാക്കൽ, നിരോധനാജ്ഞ, ലോക്ഡൗൺ, കർഫ്യൂ, ഗതാഗത നിയന്ത്രണം എന്നിങ്ങനെ ഓരോ ഘട്ടമായി ചെയ്ത നടപടികൾ ജനത്തെ ആശങ്കയിലാക്കാതെ വീടുകളിലേക്ക് ഒതുക്കുന്നതിനു സഹായകമായെന്നാണു വിലയിരുത്തപ്പെടുന്നത്.

അതോടൊപ്പം, അവശ്യസേവനം, സാധനങ്ങൾ എന്നിവയുടെ ലഭ്യതയിൽ കാര്യമായ കുറവു വരാതെയും മുഖ്യമന്ത്രി നേരിട്ടു നോക്കുന്നു. എംഎൽഎ പോലും ആയി പരിചയമില്ലാത്ത ഉദ്ധവ് മികച്ച ഭരണാധികാരിയെന്ന പേരു നേടുന്നതായി രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. സൗമ്യമായും ജനങ്ങളോടു ചേർന്നുനിന്നും ഇടപെടുന്ന ശൈലിയാണ് സ്വീകാര്യത വർധിപ്പിക്കുന്ന ഒന്ന്. കാലതാമസമില്ലാതെ തീരുമാനങ്ങൾ എടുക്കുന്നു എന്നത് മറ്റൊരു ഘടകം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പെട്ടെന്നും ശക്തമായും നടപ്പാക്കുന്നു എന്നതാണു മറ്റൊരു സവിശേഷത. എല്ലാം തന്റെയോ, പാർട്ടിയുടെയോ, സഖ്യത്തിന്റെയോ കഴിവാണെന്നു കാണിച്ച് രാഷ്ട്രീയ നേട്ടത്തിനുള്ള ശ്രമങ്ങളും മുഖ്യമന്ത്രിയോ കൂട്ടാളികളോ നടത്തുന്നില്ലെന്നതും ശ്രദ്ധേയം.

ബിജെപി സഖ്യം വെടിഞ്ഞ് കോൺഗ്രസും എൻസിപിയുമായി ചേർന്നു സർക്കാർ രൂപീകരിച്ചിട്ടും പ്രധാനമന്ത്രിയുമായുള്ള ബന്ധം നിലനിർത്താനും ഉദ്ധവ് ശ്രമിക്കുന്നു. കോവിഡ് സ്ഥിതിഗതികൾ ധരിപ്പിക്കാനും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അറിയിക്കാനും നരേന്ദ്ര മോദിയുമായി ഉദ്ധവ് ഫോണിൽ സംസാരിക്കുന്നുമുണ്ട്. ഉദ്ധവിനെ മുന്നിൽ നിർത്തി ശരദ് പവാറാണ് സംസ്ഥാനം ഭരിക്കുന്നതെന്ന പ്രചാരണം ശക്തമായിരുന്നു എന്നിരിക്കെ, പവാറിന്റെ നിഴലിൽ നിന്നു പറന്നുയരുന്ന ഉദ്ധവിനെയാണ് ഇപ്പോൾ കാണുന്നത്. തന്റെ മുൻഗാമിയായ ദേവേന്ദ്ര ഫഡ്നാവിസ് സഖ്യകക്ഷിയായിരുന്ന ശിവസേനയെ ഒതുക്കാനാണ് ശ്രമിച്ചതെങ്കിൽ, ശിവസേനയുടെ ഇപ്പോഴത്തെ സഖ്യകക്ഷികളായ എൻസിപിയെയും കോൺഗ്രസിനെയും കൂട്ടിച്ചേർത്ത് സർക്കാരിനെ നയിക്കാനും ഉദ്ധവ് മുൻകൈ എടുക്കുന്നു എന്നതും ശ്രദ്ധേയം.

∙ കുമാർ കേത്കർ, കോൺഗ്രസ് രാജ്യസഭാംഗം, മാധ്യമപ്രവർത്തകൻ - ‘ശാരീരികമായും മാനസികമായും കരുത്തു കുറവുള്ള ഒരാളായാണ് ഉദ്ധവ് പൊതുവെ കരുതപ്പെട്ടിരുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മഹാരാഷ്ട്രയ്ക്ക് ഏറ്റവും അനുയോജ്യനായ മുഖ്യമന്ത്രിയാണ് അദ്ദേഹം’.

∙ പങ്കജ് ശങ്കർ, രാഹുൽ ഗാന്ധിയുടെ മുൻ സംഘാംഗം – ‘ആശങ്ക വിതയ്ക്കാതെയും ആളുകളുടെ ആത്മവിശ്വാസം ഉയർത്തിയുമുള്ള മുഖ്യമന്ത്രിയുടെ ഇടപെടലുകൾ ജനങ്ങൾക്കിടെ സർക്കാർ സംവിധാനത്തിലെ വിശ്വാസ്യത വർധിപ്പിച്ചിട്ടുണ്ട്’.

∙ റൂപൻ മസ്ക്രീനാസ്, ആം ആദ്മി പാർട്ടി ദേശീയ ജോയിന്റ് സെക്രട്ടറി – ‘നല്ല രീതിയിൽ നാടിനെ നയിക്കുന്നു’.

∙ ബാലാസാഹെബ് തോറാട്ട്, റവന്യു മന്ത്രി, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ – ‘എല്ലാവരെയും കൂട്ടിയിണക്കി, അദ്ദേഹം ഭരണം നയിക്കുന്നു. മെച്ചപ്പെട്ട രീതിയിലാണ് ഭരണനിർവഹണം’.

∙ സവിത കുൽക്കർണി, ബിജെപി അനുകൂലി – ‘കോവിഡ് പ്രതിസന്ധിയുടെ പേരിൽ ഒരാൾക്കും ശമ്പളം നിഷേധിക്കരുതെന്നും ആരെയും ജോലിയിൽ നിന്നു പറഞ്ഞുവിടരുതെന്നും ഉദ്ധവ് ആവർത്തിച്ച് അഭ്യർഥിക്കുന്നുണ്ട്. വീട്ടുവേലക്കാരോടും പോലും ഇൗ പരിഗണന കാണിക്കണമെന്ന് അദ്ദേഹം പറയുന്നു. ഇത് സാധാരണ ജനങ്ങളിൽ ഉണ്ടാക്കിയിരിക്കുന്ന ധൈര്യം ചെറുതല്ല’.

English Summary: Uddhav Thackeray is winning over even his critics with calm demeanour and strong decisions

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA