ADVERTISEMENT

പെന്‍സില്‍വാനിയ ∙ അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ കടയിലെത്തിയ യുവതി മനഃപൂര്‍വം ഭക്ഷണസാധനങ്ങള്‍ക്കു മേല്‍ ചുമച്ചു തുപ്പിയതിനെ തുടര്‍ന്ന് നശിപ്പിക്കേണ്ടിവന്നത് 35,000 ഡോളറിന്റെ ഭക്ഷ്യവസ്തുക്കള്‍. കോവിഡ് രോഗഭീതി നിലനില്‍ക്കെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച യുവതിക്കെതിരെ ക്രിമിനല്‍ കേസെടുക്കും. 

ഹനോവറിലെ ഗ്രെറ്റി സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവതിയാണ് ബേക്കറി, മാംസ ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കു മേല്‍ ചുമച്ചു തുപ്പിയത്. സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. യുവതിയുടെ അസാധാരണ പ്രവൃത്തി ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ അവരെ ഉടന്‍ തന്നെ കടയ്ക്കു പുറത്താക്കി പൊലീസിനെ വിവരം അറിയിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് അവരെ കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്കു കൊറോണ വൈറസ് ബാധയുണ്ടോയെന്ന് വ്യക്തമായിട്ടില്ല. കൃത്യമായ പരിശോധന നടത്തുമെന്നു പൊലീസ് അറിയിച്ചു. 

യുവതി കടയില്‍ പോയ വഴികളെല്ലാം കൃത്യമായി കണ്ടെത്തി അവര്‍ ചുമച്ചു തുപ്പിയ വസ്തുക്കളെല്ലാം ഉടന്‍ തന്നെ നശിപ്പിച്ചു കളയാന്‍ തീരുമാനിച്ചു. തുടര്‍ന്ന് കട അണുവിമുക്തമാക്കാനുള്ള നടപടിയും സ്വീകരിച്ചു. കോവിഡ് രോഗം രൂക്ഷമായി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം പ്രവൃത്തികള്‍ വളരെ ഗൗരവത്തോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്. മനഃപൂര്‍വം രോഗം പടര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഭീകരവാദ കുറ്റം ചുമത്തുമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു.

ഈ ആഴ്ച ആദ്യം ന്യൂജഴ്‌സിയില്‍ ഇത്തരത്തില്‍ പലചരക്കു കടയിലെത്തി ഉല്‍പന്നങ്ങള്‍ക്കു മേല്‍ ചുമച്ചുതുപ്പിയ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. തനിക്കു കോവിഡ് ഉണ്ടെന്നു പറഞ്ഞ യുവാവിനെതിരെ ഭീകരവാദ ഭീഷണി കുറ്റമാണു ചുമത്തിയിരിക്കുന്നത്.

English Summary: Grocery store threw out $35,000 in food that a woman intentionally coughed on

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com