ADVERTISEMENT

കോട്ടയം ∙ പായിപ്പാട് അതിഥി തൊഴിലാളികൾ പ്രതിഷേധിച്ചത് ആസൂത്രിതമെന്നു മന്ത്രി പി.തിലോത്തമന്‍. പത്തനംതിട്ട ജില്ലയിലെ തൊഴിലാളികള്‍ വരെ പായിപ്പാട്ടെത്തി. പ്രതിഷേധം സംഘടിപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദേശം നൽകി. തൊഴിലാളികളുടെ പ്രധാന ആവശ്യം നാട്ടിലേക്ക് തിരിച്ചു പോകാൻ സൗകര്യം വേണമെന്നതാണ്. അതിനു സാധിക്കില്ലെന്നു കലക്ടറും ജില്ലാ പൊലീസ് മേധാവിയും അവരോട് അറിയിച്ചിട്ടുണ്ട്. ക്യാംപുകളിലേക്ക് ഉദ്യോഗസ്ഥരെ ഉടൻ അയക്കും. അവരുടെ ആവശ്യങ്ങൾ മനസിലാക്കി ഉദ്യോഗസ്ഥർ തിരിച്ചു വന്ന ശേഷം മാത്രമേ ചങ്ങനാശേരിയിൽ നിന്ന് മടങ്ങുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികളുടെ രുചിക്ക് അനുസരിച്ച് ഭക്ഷണം നൽകണമെങ്കിൽ അതും ചെയ്തു നൽകുമെന്നു മന്ത്രി വ്യക്തമാക്കി. യോഗത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലാ കലക്ടർമാർ, ജില്ലാ പൊലീസ് മേധാവികൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 250 വീടുകളിലായി ഏകദേശം 3500ഓളം പേർ അവിടെയുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തഹസിൽദാറും കലക്ടറും നേരിട്ടു സന്ദർശിച്ച് അവരുടെ ക്ഷേമം അന്വേഷിച്ചിരുന്നു. അപ്പോഴൊന്നും ഒരു പരാതിയും പറഞ്ഞിരുന്നില്ല. എന്നാൽ ഞായറാഴ്ച പെട്ടെന്ന് അവർ സംഘടിച്ചത് ആസൂത്രിതമായിട്ടാണെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് അയക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിൽ അറിയിച്ചു. ഇപ്പോള്‍ യാത്ര ചെയ്യുന്നതു കോവിഡ് പ്രതിരോധ നടപടികളെ അട്ടിമറിക്കും. തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം പായിപ്പാട് ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം നടന്നതിനോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇതരസംസ്ഥാനക്കാര്‍ കൂട്ടത്തോടെ തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഭക്ഷണം കിട്ടാത്ത സാഹചര്യത്തില്‍ നാട്ടിലേക്കു പോകാന്‍ വാഹനം ഏര്‍പ്പാടാക്കണമെന്നായിരുന്നു ആവശ്യം. ജില്ലാ കലക്ടറും ജില്ലാ പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചു. വടക്കേ ഇന്ത്യന്‍ രീതിയിലുള്ള ഭക്ഷണം തയാറാക്കാന്‍ ആവശ്യമായവ എത്തിച്ചുനല്‍കാമെന്ന് ജില്ലാ ഭരണകൂടം ഇവര്‍ക്ക് ഉറപ്പുനല്‍കി. തുടര്‍ന്ന് സമരം ചെയ്തവർ പിരിഞ്ഞുപോവുകയായിരുന്നു.

English Summary: Migrant workers protest is pre planned said minister P Thilothaman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com