ADVERTISEMENT

ഇറ്റലി ∙ ഒരു മാസത്തിലേറെയായി ഭീതിജനകമായ അന്തരീക്ഷത്തിൽ കഴിഞ്ഞിരുന്ന ഇറ്റലിയിലെ ജനങ്ങളുടെ ആശങ്കകൾക്ക് അൽപമെങ്കിലും ആശ്വാസം പകരുന്ന വിവരങ്ങളാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും സംഭവിക്കുന്ന മരണങ്ങളുടെ എണ്ണത്തിലും പുതിയതായി ഉണ്ടാകുന്ന രോഗബാധിതരുടെ എണ്ണത്തിലും കുറവ് കണ്ടുതുടങ്ങിയത് സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും സർവ്വോപരി ജനങ്ങൾക്കും വലിയ ഒരു ആശ്വാസമാവുകയാണ്. നിലവിലെ സ്ഥിതിയിൽ നേരിയ മാറ്റങ്ങൾ സംഭവിച്ചേക്കാമെന്നും എന്നാൽ 7 മുതൽ 10 വരെ ദിവസങ്ങൾക്കുള്ളിൽ മരണത്തിന്റെയും രോഗബാധയുടെയും ഗ്രാഫ് പൂർണമായും താഴേക്ക് ആകുമെന്നും ആരോഗ്യ സഹമന്ത്രി പിയർപൗളോ സിലേരി അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 21ന് വടക്കൻ ഇറ്റലിയിൽ മിലാൻ ഉൾപ്പെടുന്ന ലൊംബാർദിയ റീജിയനിലാണ് 16 പേർക്ക് കോവിഡ് 19 വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. തൊട്ടടുത്ത ദിവസം ഇവിടെത്തന്നെ വൈറസ് ബാധ മൂലമുള്ള ആദ്യ മരണവും റിപ്പോർട്ട് ചെയ്തു. തുടർന്നുള്ള ഓരോ ദിവസങ്ങളിലും മരണസംഖ്യയും പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും ക്രമമായി ഉയർന്നുകൊണ്ടിരുന്നു. മാർച്ച് 27 ന് മരണസംഖ്യ അതിന്റെ ഏറ്റവും ഉയർച്ചയിൽ എത്തി. ഒരു രാജ്യത്ത് കോവിഡ് 19 വൈറസ് മൂലം ഒരുദിവസം ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞത് അന്നായിരുന്നു. 969 പേരാണ് അന്നു മാത്രം ഇറ്റലിയിൽ മരണത്തിന് കീഴടങ്ങിയത്. മാർച്ച് 9ന് പ്രഖ്യാപിച്ച ലോക്ഡൗൺ മൂന്നാഴ്ചകൾ എത്തിയിട്ടും മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും കുറയാതിരുന്നത് ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന അവസ്ഥയിൽ വരെയെത്തി.

എന്നാൽ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ലോകം കാത്തിരുന്ന ശുഭ സൂചനകളാണ് ഇറ്റലിയിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മരണനിരക്കും രോഗവ്യാപനനിരക്കും ക്രമമായി കുറഞ്ഞു വരികയാണ്. കഴിഞ്ഞ 28ന് മരണമടഞ്ഞത് 889 പേരായിരുന്നുവെങ്കിൽ 29 ന് അത് 756 ആയി കുറഞ്ഞു. ഇന്നലെ മരണസംഖ്യയിൽ ചെറിയ വർധനവുണ്ടായെങ്കിലും പുതിയ രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. 4401 പേർക്കാണ് 28ന് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നതെങ്കിൽ 29ന് അത് 3815 പേരിലേക്ക് ചുരുങ്ങി. ഇന്നലെ പുതിയ രോഗികളുടെ എണ്ണം 1648 എന്ന വലിയ കുറവിലേക്ക് എത്തി. രോഗവ്യാപനം തുടങ്ങിയതു മുതൽ ഇതുവരെ 14620 പേർ പൂർണമായി സുഖം പ്രാപിച്ചിട്ടുമുണ്ട്. 22 ദിവസങ്ങളായി തുടരുന്ന ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഫലം പ്രത്യക്ഷത്തിൽ പ്രതിഫലിച്ചു തുടങ്ങിയ സൂചനകളാണ് ഈ ദിവസങ്ങളിലായി കണ്ടു കൊണ്ടിരിക്കുന്നത് എന്ന് വിലയിരുത്താം.

വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അതിശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ലോക്ഡൗൺ പ്രഖ്യാപിച്ചതും ഇറ്റലിയിലെ മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. റസ്റ്ററന്റ്, ബാർ ഉൾപ്പെടെയുള്ളവ തുറന്നു പ്രവർത്തിക്കാത്തത് ഈ മേഖലയിൽ ജോലിചെയ്യുന്ന മലയാളികൾക്ക് തിരിച്ചടിയായി. ഇറ്റലിയുടെ വിവിധ പ്രദേശങ്ങളിൽ ജോലിചെയ്യുന്ന മലയാളികളിൽ പലർക്കും കോവിഡ് 19 വൈറസ് ബാധയുണ്ടായെങ്കിലും ആരുടെയും നില ഗുരുതരമായ അവസ്ഥയിലേക്ക് എത്തിയില്ല എന്നത് മലയാളി സമൂഹത്തിന് ആശ്വാസം പകരുന്ന കാര്യമായിരുന്നു. എന്തായാലും രോഗ ബാധിതരുടെ എണ്ണവും മരണസംഖ്യയും കുറഞ്ഞുവരുന്നത് ഇറ്റലി സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് ആരംഭിച്ചു എന്നതിന്റെ ഏറ്റവും പ്രകടമായ മാറ്റമായി വിലയിരുത്താവുന്നതാണ്.

English Summary: Some good news for Italy: Coronavirus deaths fall for second day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com