ADVERTISEMENT

കൊച്ചി∙ കൊറോണ വൈറസിനെയും ഒപ്പം പ്രദേശവാസികളെയും പേടിച്ചു പുറത്തിറങ്ങാനാവാത്ത സാഹചര്യത്തിലാണ് ഹെയ്തി എന്ന കരീബിയൻ രാജ്യത്തു കുടുങ്ങിയ കൊച്ചുകുഞ്ഞുങ്ങളും കുടുംബങ്ങളും അടങ്ങിയ 33 മലയാളികൾ. ആകെ 80 ഇന്ത്യക്കാർ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്.

കൊറോണ രാജ്യത്ത് എത്തിച്ചത് വിദേശികളാണെന്ന വിശ്വാസത്തിലാണ് ഹെയ്തിയിലുളളവർ. അതിനാൽ സ്വദേശികളല്ലാത്തവരെ കണ്ടാൽ അപ്പോൾ തന്നെ ആക്രമിക്കുകയാണ് വിദ്യാഭ്യാസമോ കാര്യമായ വരുമാന മാർഗങ്ങളോ ഇല്ലാത്ത ഈ ദ്വീപ് വാസികൾ. കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ച 11 വയസുകാരനായ സ്വന്തം നാട്ടുകാരനെ ഇവരിൽ ഒരു സംഘം കഴിഞ്ഞ ദിവസം  കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി ആലപ്പുഴ സ്വദേശിയായ ജിതിൻ സിങ് പറയുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസുകാരാണ് കുഞ്ഞിനെ രക്ഷിച്ച് ചികിത്സയ്ക്കായി വേണ്ട കാര്യങ്ങൾ ചെയ്തത്.

ഹെയ്തിയിൽ ഇതുവരെ 15 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. വളരെ വേഗം ഇത് സമൂഹികവ്യാപനത്തിലെത്തുമെന്ന് ഭയപ്പെടുകയാണ് ഇവിടെയുള്ള ഇന്ത്യൻ കുടുംബങ്ങൾ. ശുചിത്വമില്ലായ്മയാണ് പ്രധാന ഘടകം. ആളുകൾ തിങ്ങിപ്പാർക്കുന്ന ചെറിയ ദ്വീപായതിനാൽ അതും വലിയ പ്രതിസന്ധി ഉയർത്തുന്നു. ഇവിടെ ഒരാഴ്ച ലോക്‌ഡൗൺ പ്രഖ്യാപിച്ചെങ്കിലും ആളുകൾ പുറത്തിറങ്ങി നടക്കുന്നതിന് യാതൊരു തടസ്സവുമില്ല. സ്വന്തമായി ഭക്ഷണ ഉൽപാദമില്ലാത്ത ഹെയ്തിയിലേയ്ക്ക് വിമാന സർവീസുകൾ പൂർണമായും നിർത്തി വച്ചിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ രാജ്യം കാര്യമായ ഭക്ഷണക്ഷാമത്തിന്റെ ഭീഷണിയിലുമാണ്. ഒരാഴ്ച കൂടി കഴിയുന്നതിനുള്ള ഭക്ഷണ സാധനങ്ങൾ മാത്രമാണ് ബാക്കി. സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയാൽ ആക്രമണത്തിന് ഇരയാകും. കൊള്ളയും തട്ടിക്കൊണ്ടു പോകലും മാത്രം പരിചയമുള്ള പ്രദേശവാസികൾ ആക്രമിക്കുമെന്ന ഭീതിയിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള ആരും പുറത്തിറങ്ങുന്നില്ലെന്നും ഇവിടെയുള്ള മലയാളികൾ പറയുന്നു. 

ടെലികോം മേഖലയിൽ ജോലി ചെയ്യുന്നവരാണ് ഇവിടെയുള്ള വിദേശികളിൽ ഏറെയും. ചികിത്സാ സൗകര്യങ്ങൾ ഇല്ല എന്നതാണ് ഇവിടുത്തെ പ്രധാന പ്രതിസന്ധി. കേരളത്തിലെ ഏറ്റവും മോശം ആശുപത്രിയിലുള്ളത്ര സൗകര്യങ്ങൾ പോലും ഇവിടെ ഏറ്റവും നല്ലതെന്ന് പറയുന്ന ആശുപത്രികളിലില്ല. രോഗം ബാധിച്ചാൽ ദൈവത്തിനു വിട്ടുകൊടുക്കുകയല്ലാതെ വേറെ വഴിയില്ലെന്നും ജിതിൻ സിങ് മനോരമ ഓൺലൈനോടു പറഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെ മലയാളികളിൽ ഒരാൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായതോടെ മലയാളിസമൂഹമാകെ ഭീതിയിലായിരുന്നു. രോഗം ഗുരുതരമായതോടെ രഹസ്യമായി ഒരു ഡോക്ടറെ കണ്ട് ചികിത്സയ്ക്ക് വിധേയമാകുകയായിരുന്നു. ഒടുവിൽ കോവിഡ് 19 അല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് എല്ലാവർക്കും ശ്വാസം വീണതെന്നും ഇവർ പറയുന്നു.

കുഞ്ഞുങ്ങളും കുടുംബവുമെല്ലാം ഉള്ളതിനാൽ എത്രയും പെട്ടെന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. അല്ലാത്ത ‌പക്ഷം ജീവിതം എന്താകുമെന്ന ആശങ്കയിലാണ് എല്ലാവരും. സൗകര്യമൊരുങ്ങിയാൽ എല്ലാ ഇന്ത്യക്കാരും രാജ്യം വിടുന്നതിന് തയാറാണ് എന്നാണ് അറിയിച്ചിരിക്കുന്നത്.

എയർ ലിഫ്റ്റിന് സാഹചര്യമൊരുക്കണമെന്ന് സർക്കാരിനോടും ഇന്ത്യൻ എംബസിയോടും ആവശ്യപ്പെട്ടിരുന്നു. 80 പേർക്ക് വേണ്ടി മാത്രമായി വിമാനം വരുത്തുന്നത് കമ്പനികൾക്ക് നഷ്ടമുണ്ടാക്കുമെന്ന വിവരമാണ് എംബസിയിൽ നിന്ന് അറിയാനായത്. അടുത്ത ദിവസം ഇവിടെ നിന്ന് യുഎസിലേയ്ക്ക് ഒരു ഫ്ലൈറ്റ് അവരുടെ പൗരൻമാർക്കായി അയയ്ക്കുന്നുണ്ട്. പണം നൽകിയാൽ അതിൽ അമേരിക്കയിൽ എത്തിക്കാമെന്ന് വിമാനക്കമ്പനി അറിയിച്ചിട്ടുണ്ട്. യുഎസിൽ നിന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങാനുള്ള അനുമതി ലഭിച്ചാൽ ഇതിൽ യുഎസ് വരെ എത്താമെന്നും ഇന്ത്യയിലേയ്ക്ക് യാത്രയ്ക്ക് സൗകര്യമൊരുക്കുകയെങ്കിലും വേണമെന്നും ജിതിൻ സിങ് പറയുന്നു.

സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലുള്ള പട്ടിണി രാജ്യമായ ഹെയ്തി ആദ്യം സ്വാതന്ത്ര്യം നേടിയ കരീബിയൻ രാജ്യമാണ്. പകർച്ച വ്യാധികളും ഭൂചലനങ്ങളുമെല്ലാം നേരിട്ട ഇവിടുത്തെ ജനം, പ്രത്യേകിച്ച് താഴെത്തട്ടിലുള്ളവരുടെ ജീവിതം വളരെ ശോചനീയമാണ്.  2010ൽ റിക്ടർ സ്കെയിലിൽ ഏഴ് രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് രാജ്യം തകർന്നടിഞ്ഞിരുന്നു. തൊട്ടു പിന്നാലെയെത്തിയ കോളറയിൽ ആയിരക്കണക്കിന് ആളുകൾ മരിച്ചു.

ചെളി പോലും ഭക്ഷിച്ച് ജീവൻ നിലനിർത്തുന്ന ഹെയ്തിയിലെ ദരിദ്രരുടെ വിവരങ്ങൾ കഴിഞ്ഞ വർഷം പുറത്തു വന്നത് രാജ്യാന്തര തലത്തിൽ വലിയ ചർച്ചയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കനത്തതോടെ രാജ്യത്ത് ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങളും ശക്തമായി ഉയർന്നു.  ഓരോഘട്ടത്തിലും പ്രതിസന്ധികളിൽ നിന്നു കരകയറിയ ചരിത്രം ഈ നാടിനുണ്ടെങ്കിലും സാധാരണക്കാരുടെ ജീവിതം എല്ലാക്കാലത്തും ദുരിതം നിറഞ്ഞതാണ്. പിടിച്ചു പറിയും ആളുകളെ തട്ടിക്കൊണ്ടു പോയി പണം ചോദിക്കലും എല്ലാം ഇവിടെ സാധാരണ സംഭവങ്ങൾ. ഇത്തരത്തിൽ തട്ടിക്കൊണ്ടു പോകപ്പെടുന്നവരെ കൊലപ്പെടുത്തുന്ന വാർത്തകളും ഇടയ്ക്ക് പുറത്തു വരാറുണ്ട്.

English Summary: Keralites stranded in Haiti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com