ADVERTISEMENT

കൊച്ചി∙ ഹെയ്തി ദ്വീപിൽ ലോക്ഡൗണിനെ തുടർന്നു കുടുങ്ങിയ മലയാളികൾക്ക് ആശ്വാസം പകർന്ന് നോർക്കയുടെ അടിയന്തര ഇടപെടൽ. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴിയാണ് നോർക്കയുടെ ഇടപെടൽ. നിലവിൽ ഇവർ താമസിക്കുന്ന സ്ഥലത്തു സുരക്ഷിതമല്ലാത്തതിനാൽ എയർ ലിഫ്റ്റ് വഴി സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുന്നതിനാണ് ആലോചിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴിയാണ് നോർക്ക രക്ഷാ പ്രവർത്തനത്തിനു ശ്രമിക്കുന്നത്. ഇക്കാര്യങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഉടൻ തന്നെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇവിടെ കുടുങ്ങിയവരെക്കുറിച്ച് മനോരമ ഓൺലൈനിൽ വാർത്ത വന്നതിനു പിന്നാലെയാണ് അടിയന്തര നടപടിക്ക് തീരുമാനമെന്ന് നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി പറ‍ഞ്ഞു. ലോക്ഡൗണിനെ തുടർന്ന് ചികിത്സാ സൗകര്യം ഇല്ലാത്ത വിവരം ഹെയ്തിയിലെ മലയാളി ഫെഡറേഷൻ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. ഇന്ത്യക്കാർ ഇവിടെ നേരിടുന്ന പ്രതിസന്ധി മനസിലാക്കിയാണ് അടിയന്തര നടപടിക്കു തീരുമാനിച്ചതെന്നും ഇക്കാര്യം അറിയിച്ച് ഹെയ്തിയിലെ ഇന്ത്യൻ കൗൺസിൽ ജനറലിന് കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു.

ടെലികോം മേഖലയിലും ബിസിനസിലും മറ്റുമായി 33 മലയാളികൾ ഉൾപ്പടെ 80 ഇന്ത്യക്കാരാണ് ഹെയ്തിയിൽ കുടുങ്ങിക്കിടക്കുന്നത്. വിദേശത്തു നിന്നെത്തിയവരാണു നാട്ടിൽ കൊറോണ പരത്തുന്നത് എന്ന ഭീതിയിൽ വിദേശികളെ ആക്രമിക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ഇതേ തുടർന്ന് അവശ്യ വസ്തുക്കൾ വാങ്ങുന്നതിനു പോലും പുറത്തു പോകാൻ സാധിക്കാത്ത സാഹചര്യമാണ് ഇവിടെയുള്ള ഇന്ത്യക്കാർ നേരിടുന്നത്. കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ച 11 വയസുകാരനായ സ്വന്തം നാട്ടുകാരനെ ഇവരിൽ ഒരു സംഘം കഴിഞ്ഞ ദിവസം  കൊലപ്പെടുത്താൻ ശ്രമിച്ചതും വാർത്തയായിരുന്നു. 

കഴിഞ്ഞ ദിവസം ഇവിടെ മലയാളികളിൽ ഒരാൾക്കു രോഗലക്ഷണങ്ങൾ പ്രകടമായതോടെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയതു വളരെ ഭീതിയിലും ആശങ്കയിലുമായിരുന്നെന്നു കുടുങ്ങിയ മലയാളികൾ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞു കുട്ടികൾ ഉൾപ്പടെയുള്ളവർ സംഘത്തിലുള്ളതിനാൽ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എയർ ലിഫ്റ്റിന് സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനും ഇന്ത്യൻ എംബസിക്കും ഇവർ കത്തയച്ചിരുന്നു.

English Summary: Norka help for Keralites stranded in Haiti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com