ADVERTISEMENT

ന്യൂഡല്‍ഹി ∙ കോവിഡ് വ്യാപനത്തിന്റെ പേരില്‍ വിവാദമായ തബ്‌ലീഗ് ജമാഅത്ത് സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാന സാദ് ഖണ്ഡാലവിയെ മാര്‍ച്ച് 28 മുതല്‍ കാണാനില്ല. ഡല്‍ഹി പൊലീസിന്റെ നോട്ടിസ് ലഭിച്ച ശേഷമാണ് ഇദ്ദേഹത്തെ കാണാതായത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച കുറ്റത്തിന് മൗലാന സാദിനും മറ്റ് തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കുമെതിരെ 1897-ലെ എപിഡെമിക് ഡിസീസ് നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. നിസാമുദ്ദീന്‍ മര്‍ക്കസിലെ സംഘടനയുടെ ആസ്ഥാനത്തുനിന്ന് ആളുകളെ ഒഴിപ്പിച്ച് അണുവിമുക്തമാക്കുകയും ചെയ്തു. 

ആരാണ് മൗലാന സാദ്?

1965 മേയ് 10നു ജനിച്ച മൗലാന മുഹമ്മദ് സാദ് തബ്‌ലീഗ് ജമാഅത്തിന്റെ ഇപ്പോഴത്തെ മേധാവി (അമീര്‍) ആണ്. സംഘടനാ സ്ഥാപകനായ മൗലാന മുഹമ്മദ് ഇല്യാസിന്റെ ചെറുമകനാണ് മുഹമ്മദ് സാദ്. 214 രാജ്യങ്ങളിലായി ലക്ഷക്കണക്കിന്‌ അനുയായികളാണ് സാദിനുള്ളത്. 2015 നവംബര്‍ 16 നാണ് സാദ് തബ്‌ലീഗ് ജമാഅത്തിന്റെ തലപ്പത്തെത്തിയത്. 1995 മുതല്‍ 2015 വരെ ഷൂറാ കൗണ്‍സില്‍ അംഗമായിരുന്നു. അമ്പത്തിയാറുകാരനായ സാദിന് ഡല്‍ഹിയിലെ സക്കീര്‍ നഗറിലും ഉത്തര്‍പ്രദേശിലെ ഖണ്ഡാലയിലും വസതികളുണ്ട്.

അതിനിടെ മൗലാന സാദിന്റേത് എന്ന പേരില്‍ സാമൂഹിക അകലം പാലിക്കലിനെ എതിര്‍ക്കുന്ന ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ ആധികാരികത അധികൃതര്‍ ഉറപ്പിച്ചിട്ടില്ല. സാമൂഹിക അകലം പാലിക്കല്‍ ആവശ്യമില്ലെന്നും മതാചാരത്തില്‍ അതു പറയുന്നില്ലെന്നുമാണ് ഓഡിയോ ക്ലിപ്പില്‍ പറയുന്നത്. മരിക്കാന്‍ ഏറ്റവും നല്ലയിടം പള്ളിയാണെന്നും മര്‍ക്കസിന്റെ യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ച ക്ലിപ്പില്‍ പറയുന്നു. കൊറോണ വൈറസിന് തന്റെ അനുയായികളെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഓഡിയോയില്‍ സൂചിപ്പിക്കുന്നു. ഡല്‍ഹി ക്രൈംബ്രാഞ്ച് വിഭാഗം ഇതു പരിശോധിക്കുന്നുണ്ട്. 

രണ്ടാമത്തെ ഓഡിയോ ക്ലിപ്പില്‍ നിലപാടു മാറ്റം വന്നിട്ടുണ്ട്്. ഇപ്പോള്‍ സംഭവിക്കുന്നത് മനുഷ്യര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ ഫലമാണെങ്കിലും നമ്മള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് ശബ്ദസന്ദേശം വ്യക്തമാക്കുന്നു. ഡോക്ടര്‍മാരുടെ ഉപദേശവും ഭരണകൂടത്തിന്റെ നിര്‍ദേശവും പാലിക്കണം. ക്വാറന്റീന്‍ മതാചാരത്തിന് എതിരല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. താന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഡല്‍ഹിയില്‍ ഐസലേഷനിലാണെന്നും ക്ലിപ്പില്‍ പറയുന്നു.

English Summary: Who is Maulana Saad - the man blamed for turning Nizamuddin Markaz into coronavirus hotspot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com