ADVERTISEMENT

കൊച്ചി∙ യാത്രാ വിലക്കിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും ലോക്ഡൗൺ അവസാനിക്കുന്നതിനു തൊട്ടടുത്ത ദിവസം മുതൽ തന്നെ സർവീസുകൾ നടത്താനൊരുങ്ങി വിമാനക്കമ്പനികൾ. ആഭ്യന്തര സർവീസ് നടത്തുന്ന കമ്പനികൾ ഏതാണ്ട് പൂർണമായും രാജ്യാന്തര സർവീസുകൾ നടത്തുന്ന കമ്പനികൾ ഭാഗികമായും ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്. ഈ മാസത്തെ ബുക്കിങ്ങുകൾക്ക് റീഫണ്ട് അനുവദിക്കില്ല എന്ന പുതിയ ഉപാധിയോടെയാണ് മിക്ക വിമാനക്കമ്പനികളും ടിക്കറ്റ് വിൽക്കുന്നത്.

എന്തെങ്കിലും കാരണവശാൽ ടിക്കറ്റുകൾ റദ്ദാക്കേണ്ടി വന്നാൽ ഉപയോക്താവിന് ഒരു ക്രെഡിറ്റ് നോട്ട് നൽകി ഒരു വർഷത്തേയ്ക്ക് സൗജന്യ ടിക്കറ്റുമാറ്റം അനുവദിക്കുന്ന തരത്തിലാണ് എയർലൈൻ കമ്പനികളുടെ പുതിയ ഗൈഡ് ലൈൻ. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള സർവീസുകളുടെ കാര്യത്തിൽ അതതു രാജ്യങ്ങളിലെ വിലക്കുകൾ നീങ്ങുന്നതുകൂടി പരിഗണിച്ചായിരിക്കും സർവീസുകൾ പുനഃരാരംഭിക്കുക. എയർ ഇന്ത്യ, ഗോ എയർ കമ്പനികൾ 15 മുതൽ ടിക്കറ്റ് വിൽപന അനുവദിച്ച് ട്രാവൽ കമ്പനികൾക്ക് അറിയിപ്പു കൈമാറിയിട്ടുണ്ട്.

കൊച്ചിയിൽ നിന്നും കോഴിക്കോടു നിന്നും 15ന് എയർ ഇന്ത്യ ദുബായിലേക്കു സർവീസ് നടത്തുന്നതിന് ടിക്കറ്റ് വിൽപനയ്ക്ക് വച്ചിട്ടുണ്ട്. 10,000നും 12,000നും ഇടയ്ക്കാണ് ടിക്കറ്റ് നിരക്ക്. ആഭ്യന്തര സർവീസ് നടത്തുന്ന ഗോ എയർ, ഇൻഡിഗൊ, സ്പൈസ് ജെറ്റ്, എയർ ഏഷ്യ, വിസ്താര തുടങ്ങിയ കമ്പനികൾ നെടുമ്പാശേരി ഉൾപ്പടെയുള്ള സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ആഭ്യന്തര സർവീസുകൾക്കുള്ള ടിക്കറ്റുകൾ വിൽപന തുടങ്ങിയിട്ടുണ്ട്. 

ആഭ്യന്തര സർവീസുകൾക്ക് സാധാരണ ടിക്കറ്റ് നിരക്കുകളെക്കാൾ കുറഞ്ഞ തുകയാണ് ഈടാക്കുന്നത് എന്നാണ് മറ്റൊരു പ്രത്യേകത. പരമാവധി ടിക്കറ്റുകൾ വിറ്റഴിക്കുകയെന്ന ലക്ഷ്യമാണ് കുറഞ്ഞ നിരക്ക് ഈടാക്കുന്നതിനു പിന്നിൽ എന്നാണ് വിലയിരുത്തൽ. ഏതെങ്കിലും കാരണവശാൽ ലോക്ഡൗൺ നീണ്ടു പോയാലോ, യാത്രാ വിലക്ക് തുടർന്നാലോ പുതിയ ഉപാധി പ്രകാരം പണം തിരിച്ചു നൽകേണ്ടതില്ലാത്തതിനാൽ ഈ പണം കമ്പനിക്ക് യഥേഷ്ടം കൈകാര്യം ചെയ്യാൻ ലഭിക്കും എന്നതാണ് നേട്ടം.

മധ്യവേനൽ അവധിക്കാലം കൂടി ആയതിനാൽ ആഭ്യന്തര, രാജ്യാന്തര ടിക്കറ്റുകളിൽ ഏറ്റവും അധികം ആവശ്യക്കാർ ഉണ്ടാകാറുള്ള മാസങ്ങളാണ് ഇത്. കുടുംബങ്ങൾക്കൊപ്പം യാത്രകളും മറ്റും പ്ലാൻ ചെയ്യുന്ന മാസത്തിൽ കൊറോണ നൽകിയ തിരിച്ചടിയിൽ കോടികളുടെ നഷ്ടമാണ് വിമാനക്കമ്പനികൾക്ക് ഉണ്ടായിരിക്കുന്നത്. ഒരു വരുമാനവും ഇല്ലാത്ത സാഹചര്യത്തിലും വിമാനങ്ങൾ വിമാനത്താവളങ്ങളിൽ നിർത്തിയിട്ടതിന്റെ വാടക, ശമ്പളം തുടങ്ങി വൻ തുകയുടെ ചെലവാണ് കമ്പനികൾക്ക് വഹിക്കേണ്ടി വരുന്നത്. ഓഫ് സീസണുകളിൽ സർവീസ് നടത്തിയതിന്റെ നഷ്ടങ്ങളും കമ്പനികൾ സാധാരണ നികത്താറുള്ളത് ഈ രണ്ട് മാസത്തെ സർവീസുകൾകൊണ്ടാണ്.

ഈ സാഹചര്യത്തിൽ നേരിട്ടിരിക്കുന്ന വരുമാന നഷ്ടം കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് നേരിടുന്നത് ലക്ഷ്യമിട്ടാണ് സർവീസ് നടത്താൻ സാധിക്കും എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലും കുറഞ്ഞ നിരക്കിലാണെങ്കിലും പരമാവധി ടിക്കറ്റുകൾ വിറ്റഴിച്ച് പണം അക്കൗണ്ടിലെത്തിക്കാൻ കമ്പനികൾ ശ്രമിക്കുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മാർച്ച് 31 വരെ റദ്ദാക്കിയ ടിക്കറ്റുകളുടെ പോലും തുക പല കമ്പനികളും ഇതുവരെയും മടക്കി നൽകിയിട്ടില്ല എന്ന ആരോപണവും ശക്തമാണ്. 

അതേസമയം ടിക്കറ്റ് റദ്ദാക്കിയാൽ പണം തിരിച്ചു നൽകില്ലെന്ന പുതിയ ഗൈഡ്‌ലൈൻ യാത്രക്കാർക്ക് വൻ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. യാത്ര ചെയ്യാൻ ഉദ്ദേശിച്ച തീയതി മുതൽ ഒരു വർഷം വരെ ഏതു ദിവസത്തേക്കു വേണമെങ്കിലും മാറ്റി തീരുമാനിക്കാമെങ്കിലും നിശ്ചിത യാത്രയ്ക്ക് ബുക്കു ചെയ്ത ടിക്കറ്റ് അതേ ആളുടെ പേരിൽ അതേ സ്ഥലത്തേയ്ക്കു മാറ്റുന്നതിനു മാത്രമേ അനുവാദമുണ്ടാകൂ. ഈ കാലയളവിൽ ടിക്കറ്റ് നിരക്ക് ഉയർന്നാൽ ആ തുക നൽകേണ്ടി വരും എന്നു മാത്രമല്ല, മറ്റ് കമ്പനികൾക്ക് ഈ സമയം നിരക്ക് കുറവാണെങ്കിലും ടിക്കറ്റ് എടുത്ത കമ്പനിയുടെ ഉയർന്ന നിരക്കിലുള്ള ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ  യാത്രക്കാരൻ ബാധ്യസ്ഥനാകും.

നോൺ റീഫണ്ടബിൾ ടിക്കറ്റാണെങ്കിലും കാൻസൽ ചെയ്താൽ നോ ഷോ വിഭാഗത്തിൽ വരുന്ന ഉപയോഗിച്ചിട്ടില്ലാത്ത എയർപോർട് യൂസർ ഫീ, ജിഎസ്ടി, ഏവിയേഷൻ സെസ് തുടങ്ങിയവ ടിക്കറ്റ് റദ്ദാക്കിയ ആൾക്ക് മടക്കി നൽകണമെന്നാണ് നിയമം. മിക്ക കമ്പനികളും ഇത് നൽകാതെ ഒരു വർഷത്തിനുള്ളിൽ ഉപയോഗിക്കാവുന്ന നിശ്ചിത തുകയ്ക്കുള്ള ക്രെഡിറ്റ് വൗച്ചർ നൽകുന്നതാണ് പതിവ്. മിക്ക യാത്രക്കാർക്കും ഇതു പോലും ഉപയോഗിക്കാൻ സാധിക്കാറില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിൽ റദ്ദാക്കുന്ന ടിക്കറ്റുകളുടെ തുക അഡ്വാൻസ് ആയി പരിഗണിക്കുന്നത് യാത്രക്കാർക്ക് എത്രത്തോളം ഉപയോഗപ്പെടുത്താൻ സാധിക്കും എന്ന കാര്യത്തിലും ആശങ്കയുണ്ട്.

English Summary : Airline companies to restart services the day after lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com