ADVERTISEMENT

ന്യൂഡൽഹി ∙ ലോക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14ന് അർധരാത്രിക്കുശേഷം പുറത്തിറങ്ങാമെന്നു കരുതിയോ? സാധ്യത വിരളമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യം പ്രഖ്യാപിച്ചതുപോലെ ലോക്ഡൗൺ ഏപ്രിൽ 14ന് പൂർണമായും അവസാനിപ്പിക്കില്ലെന്നും ഘട്ടംഘട്ടമായി മാത്രമേ നിയന്ത്രണങ്ങൾ നീക്കൂവെന്നുമുള്ള സൂചനയാണ് ഡൽഹിയിൽനിന്നു വരുന്നത്. വ്യാഴാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയെന്നാണ് സൂചനയെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഇക്കാര്യം ട്വീറ്റിൽ സൂച്ിപ്പിച്ചു. ‘ഏപ്രിൽ 15 മുതൽ സംസ്ഥാനങ്ങൾ ലോക്ഡൗൺ പിന്‍വലിക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഘട്ടംഘട്ടമായേ പിൻവലിക്കാവൂ. ആൾക്കൂട്ടം കൂടുന്നത് ഒഴിവാക്കുന്ന തരത്തിലുള്ള മുൻകരുതൽ സ്വീകരിക്കണം’ – താക്കറെ ട്വീറ്റ് ചെയ്തതിങ്ങനെ. ലോക്ഡൗൺ നീട്ടുന്ന കാര്യമല്ല. ഘട്ടംഘട്ടമായി പിന്‍വലിക്കുന്ന കാര്യമാണ് താക്കറെ ട്വീറ്റിലൂടെ പറഞ്ഞിരിക്കുന്നതെന്ന് ശ്രദ്ധേയം.

ഒറ്റയടിക്കു ലോക്ഡൗൺ പിൻവലിക്കുന്നത് സർക്കാരിന്റെ അജൻഡയിൽ ഇല്ലാത്ത കാര്യമാണ്. അങ്ങനെ പിൻവലിച്ചാൽ, 22 ാം ദിവസം മുതൽ ട്രെയിനുകളും വിമാനങ്ങളുമെല്ലാം സർവീസ് ആരംഭിച്ചാൽ, 21 ദിവസം നടപ്പാക്കിയ സാമൂഹിക അകലം പാലിക്കൽ വെറുതെയാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, സമ്പൂർണ ലോക്ഡൗൺ നീട്ടുമോ എന്നു വ്യക്തമായി പറയാൻ സർക്കാർ തയാറായിട്ടില്ല.

തബ്‌ലീഗ് സമ്മേളനത്തിനെത്തിയവർക്ക് കോവിഡ്–19 രോഗം കണ്ടെത്തിയതാണ് സ്ഥിതി അൽപം കൂടി ഗൗരവതരമാക്കിയത്. ഇന്ത്യയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് ഇതോടെ ഉണ്ടായത്. തബ്‌ലീഗ് പ്രവർത്തകരുടെ യാത്രാവഴിയും സമ്പർക്കപട്ടികയും കണ്ടെത്തി വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങൾ കൊണ്ടുപിടിച്ചു നടക്കുന്നു. ഇതിൽ 9000ൽ പരം പേരുടെ പട്ടിക തയാറാക്കി അവരെ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഇവരെയെല്ലാം ക്വാറന്റീൻ ചെയ്താലും വരുന്ന ഒരാഴ്ച നിർണായകമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറൻസിൽനിന്ന്. പിഐബി പുറത്തുവിട്ട ചിത്രം.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറൻസിൽനിന്ന്. ചിത്രം – പിഐബി.

മുഖ്യമന്ത്രിമാരുടെ യോഗത്തിനുശേഷം ലോക്ഡൗൺ 15ന് അവസാനിക്കുമെന്നും എന്നാൽ സ്വതന്ത്രമായി ഇറങ്ങിനടക്കാമെന്നു കരുതരുതെന്നും അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ട്വീറ്റ് ചെയ്തിരുന്നു. വൈറസിന്റെ വ്യാപനവേഗം കുറയ്ക്കുന്നതിന് നമ്മൾ ഉത്തരവാദിത്വം കാട്ടണമെന്നും കോവിഡ്–19നെ പ്രതിരോധിക്കാൻ ലോക്ഡൗണും സാമൂഹിക അകലം പാലിക്കലും മാത്രമാണ് ഏക പോംവഴിയെന്നുമായിരുന്നു ഖണ്ഡുവിന്റെ ട്വീറ്റ്. ഈ ട്വീറ്റിന്റെ ഉദ്ധരിച്ച് ലോക്ഡൗൺ പിൻവലിക്കുമെന്ന തരത്തിൽ വാർത്ത വന്നതിനു പിന്നാലെ ഖണ്ഡു ട്വീറ്റ് നീക്കം ചെയ്തു.

ലോക്ഡൗൺ പെട്ടെന്ന് അവസാനിപ്പിക്കുന്നതിനു പകരം ഘട്ടംഘട്ടമായി എങ്ങനെ അവസാനിപ്പിക്കാമെന്നതിൽ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി മോദി അഭിപ്രായം തേടിയെന്നും ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. നിർദേശങ്ങള്‍ അടുത്തദിവസം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന വിഡിയോ കോൺഫറൻസിൽ ചർച്ച ചെയ്യും. അതിന്റെ തീയതി തീരുമാനിച്ചിട്ടില്ല.

English Summary: India's shutdown due to Covid-19 may not end on April 14

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com