ADVERTISEMENT

ചെന്നൈ/തിരുവനന്തപുരം ∙ കേരളവും തമിഴ്നാടും തമ്മിലുള്ള ഊഷ്മള ബന്ധത്തെ പ്രകീർത്തിച്ച തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയെ അനുകൂലിച്ചു കേരള മുഖ്യമന്ത്രി പിണറായി വിജയനും. കേരളവും തമിഴ്‌നാടും തമ്മിലുള്ള ബന്ധം സ്നേഹം, സാഹോദര്യം, ചരിത്രം, ഭാഷ, സംസ്കാരം എന്നിവയിൽ ഊന്നിയുള്ളതാണെന്നു പിണറായി വിജയൻ ട്വീറ്റ് ചെയ്തു. വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നവർക്കു രണ്ടു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം മനസ്സിലാക്കാൻ കഴിയില്ല. നമ്മൾ ഒരുമിച്ച് വെല്ലുവിളികളെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാടുമായുള്ള അതിർത്തികളിൽ കേരളം മണ്ണിട്ട് തടയുന്നെന്ന വ്യാജ വാർത്തയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു കാര്യം സംസ്ഥാനം ചിന്തിച്ചിട്ടു പോലുമില്ലെന്നും തമിഴ്നാട്ടിലുള്ളവരെ സഹോദരങ്ങളായി തന്നെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു നന്ദിയറിയിച്ചാണ് എടപ്പാടി പളനിസാമി ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രകീർത്തിച്ചത്.

‘കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളെ സഹോദരീസഹോദരന്മാരായി സ്നേഹിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും തമിഴ്‌നാട് കേരളത്തോട് ഒപ്പമുണ്ടാകുമെന്നു താൻ പ്രഖ്യാപിക്കുന്നു. ഈ സൗഹൃദവും സാഹോദര്യവും എപ്പോഴും നിലനിൽക്കട്ടെ!’ – എടപ്പാടി പളനിസാമി ട്വിറ്ററിൽ കുറിച്ചു.

തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് ഇതുവരെ മൂന്നു പേരാണ് മരിച്ചത്. ശനിയാഴ്ചയാണ് രണ്ടു പേർ മരിച്ചത്. തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത വില്ലുപുരം സ്വദേശി (51), തേനിയിൽ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യ (54) എന്നിവരാണു മരിച്ചത്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം നാനൂറ് കടന്നതോടെ വൈറസിന് ജനിത മാറ്റം സംഭവിച്ചോയെന്നു പഠിക്കാനായി തമിഴ്നാട് വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

English Summary: CM Pinarayi Vijayan Reply to Tamilnadu CM Edappadi K palaniswami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com