ADVERTISEMENT

ന്യൂഡല്‍ഹി ∙ കോവിഡ് 19 മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേരിട്ടുള്ള പണം കൈമാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച തുടക്കം കുറിച്ചു. ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകളുടെ അക്കൗണ്ടിലേക്ക് 30,000 കോടി രൂപയും ഉജ്വല എല്‍പിജി യോജനയുമായി ബന്ധപ്പെടുത്തിയ എട്ടു കോടി ദരിദ്രകുടുംബങ്ങള്‍ക്കായി 5000 കോടി രൂപയുമാണു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.

പിഎം ജന്‍ധന്‍ ട്രാന്‍സ്ഫര്‍ പദ്ധതിയുടെ ആദ്യദിനത്തില്‍ നാലു കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 500 രൂപ വീതമാണ് നല്‍കിയത്. എല്ലാവര്‍ക്കും പണം ലഭിക്കുന്നതിനായി, നിഷ്‌ക്രിയമായി കിടന്നിരുന്ന അക്കൗണ്ടുകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാന്‍ സര്‍ക്കാര്‍ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഏപ്രില്‍ 9 ഓടെ എല്ലാ അക്കൗണ്ടുകളിലും പണം എത്തിക്കാനാണ് ശ്രമിക്കുന്നത്. പണം പിന്‍വലിക്കാന്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ബാങ്കുകള്‍ അറിയിച്ചു. എന്നാല്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ക്കു വിപരീതമായി ചിലയിടങ്ങളില്‍ ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്നതും തലവേദനയായിട്ടുണ്ട്.

ഏപ്രിലില്‍ പാചകവാതക സലിണ്ടര്‍ സൗജന്യമായി വാങ്ങാനായി പണം കൈമാറ്റം ചെയ്യുന്ന പദ്ധതിയും ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ കോവിഡ് സഹായ പാക്കേജ് പ്രകാരം എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി വാങ്ങാന്‍ ഉജ്വല ഉപയോക്താക്കള്‍ക്കു പണം നല്‍കുന്ന പദ്ധതിയാണിത്. പൊതുമേഖലാ പാചകവാതക വിതരണ കമ്പനികള്‍ വഴിയാവും ഇതു നടപ്പാക്കുക. ഇതുപ്രകാരം 14.2 കിലോയുടെ സിലിണ്ടര്‍ മൂന്നുവട്ടം സൗജന്യമായി നിറയ്ക്കുകയോ അഞ്ചു കിലോയുടെ എട്ടു സിലിണ്ടറുകള്‍ വരെ സൗജന്യമായി വാങ്ങുകയോ ചെയ്യാം. ജൂണിനുള്ളില്‍ മൂന്നു സിലിണ്ടറുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ ആ പണം ഉപയോഗിച്ച് 2021 മാര്‍ച്ച് വരെ ഏതു സമയത്തും ഒരു സിലിണ്ടര്‍ റീഫില്‍ ചെയ്യാനാകും.

English Summary: Govt launches mega cash transfer to fight Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com