ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചത്: കാസർകോട് 4, കണ്ണൂർ 3, കൊല്ലം 1, മലപ്പുറം 1. ഇവരിൽ വിദേശത്തു നിന്നു വന്ന 4 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 2 പേരും ഉൾപ്പെടുന്നു. സമ്പർക്കം മൂലം രോഗം ബാധിച്ചവർ 3 ആണ്. 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കണ്ണൂർ 5, എറണാകുളം 4, തിരുവനന്തപുരം, ആലപ്പുഴ, കാസർകോട് ഓരോന്നു വീതം. ഇതുവരെ 336 പേർക്കാണ് രോഗം ബാധിച്ചത്. അതിൽ 263 പേർ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 1,46,686 പേർ നിരീക്ഷണത്തിലാണ്. ആശുപത്രികളിൽ 752 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നു മാത്രം 131 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 11,232 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 10,250 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി.

ലോക്ഡൗൺ കാലത്തിനുശേഷമുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർണാടക അതിർത്തി പ്രശ്നത്തിൽ തീരുമാനമായി. രോഗികളെ കടത്തിവിടുമെന്ന് കർണാടക സർക്കാരും കേന്ദ്രസർക്കാരും സമ്മതിച്ചു. ഉത്തരവും ഇറങ്ങിയിട്ടുണ്ട്.

ഇന്ന് ചരക്കു ഗതാഗതത്തിൽ ചെറിയ കുറവ് വന്നു. സംസ്ഥാനത്തിന്റെ ഭക്ഷ്യ സ്റ്റോക്കിൽ പ്രശ്നങ്ങളില്ല. 1745 ട്രക്കുകളാണ് തമിഴ്നാട്, കർണാടക അതിർത്തി കടന്ന് വന്നത്. ഇതിൽ 43 എൽപിജി ടാങ്കറുകളും സിലിണ്ടറുകളുമായുള്ള 65 ട്രക്കുകളുമുണ്ട്. ലോക്ഡൗണിന് മുൻപ് ഒരു ദിവസം 227 എൽപിജി ടാങ്കറുകൾ എത്തിയിരുന്നു. സ്റ്റോക്ക് വർധിപ്പിക്കാൻ തീരുമാനിച്ചു.

കർഷകർക്ക് ഉത്പന്നങ്ങൾ വിൽക്കാൻ ബുദ്ധിമുട്ടുണ്ട്. വിഷു, ഈസ്റ്റർ വിപണി സജീവമാകേണ്ട കാലമാണിത്. വിപണി കിട്ടാതിരിക്കുന്നത് കർഷകരെ ബാധിക്കും. അതുകൊണ്ട് കൃഷിവകുപ്പ് കർഷക വിപണി വഴി പച്ചക്കറി സംഭരിക്കും. കർഷകർ ഈ വിപണികളെ പ്രയോജനപ്പെടുത്തണം. പഴം, പച്ചക്കറി വ്യാപാരികൾ വിൽക്കുന്ന ഉത്പന്നങ്ങളിൽ പ്രാദേശികമായി ലഭ്യമാകുന്നത് കേരളത്തിൽനിന്ന് തന്നെ ശേഖരിക്കണം.

റേഷൻ വിതരണത്തിൽ നല്ല മുന്നേറ്റം ഉണ്ടായി. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും അമിത വില ഈടാക്കലും തടയാൻ നടപടികൾ സ്വീകരിക്കും. ചെറിയ പരാതികൾ പോലും ഗൗരവമായി കാണണമെന്ന് നിർദേശം നൽകി. 326 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 144 നടപടികൾക്കു ശുപാർശ ചെയ്തു. മത്സ്യ പരിശോധനയിൽ ഗുരുതരമായ പ്രശ്നം കണ്ടെത്തി. വളത്തിന് വച്ച മീൻ ഇങ്ങോട്ട് കൊണ്ടുവരുന്നതായി ശ്രദ്ധയിൽപെട്ടു. ലോക്ഡൗണിന്റെ മറവിൽ ഭാരത പുഴയിൽനിന്ന് മണൽ വാരുന്നുവെന്ന് വിവരം ലഭിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ അനുവദിക്കില്ല. നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകി.

മൃഗശാലകൾ അണുവിമുക്തമാക്കും. വളർത്തു മൃഗങ്ങളുടെ കൂടുകളും അണുവിമുക്തമാക്കണം. കമ്മ്യൂണിറ്റി കിച്ചൺ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. അപൂർവമായി ചില ഇടങ്ങളിൽ അനാവശ്യ പ്രവണതകൾ. പത്തനംതിട്ട ജില്ലയിൽ 9 സ്ഥലങ്ങളിൽ മത്സരസ്വഭാവത്തോടെ സമാന്തരകിച്ചണുകൾ നടത്തുന്നു. ഇതിൽ മത്സരത്തിന് ഇടമില്ല. ആവശ്യത്തിനാണ് ഇടപെടൽ വേണ്ടത്. നടൻ മോഹൻലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ലോക ആരോഗ്യ ദിനമാണ്. നഴ്സുമാരെയും പ്രസവ ശുശ്രൂഷകരെയും പിന്തുണയ്ക്കുകയെന്നതാണ് ഈ ദിനത്തിന്റെ മുദ്രാവാക്യമായി ലോകാരോഗ്യ സംഘടന കാണുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളി നഴ്സുമാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആശങ്കയുണ്ടാക്കുന്നു. കോട്ടയത്ത് കൊറോണ ബാധിച്ച വയോധിക ദമ്പതികൾക്ക് സുഖം പ്രാപിച്ചത് ആരോഗ്യ മേഖലയുടെ നേട്ടമാണ്. ഇവരെ ശുശ്രൂഷിക്കവെ സ്റ്റാഫ് നഴ്സ് രേഷ്മ മോഹൻദാസിന് രോഗം ബാധിച്ചിരുന്നു. രോഗം മാറി തിരിച്ചെത്തുമ്പോള്‍ ഇനിയും കോവിഡ് വാർഡിൽ ജോലി ചെയ്യാൻ തയാറാണെന്നാണ് നഴ്സ് രേഷ്മ പ്രതികരിച്ചത്. കോട്ടയത്ത് തന്നെയുള്ള മറ്റൊരു നഴ്സ് പാപ്പാ ഹെൻറി കോവിഡ് ബാധയുള്ള ജില്ലകളിൽ ജോലി ചെയ്യാനുള്ള സന്നദ്ധത അറിയിച്ചതായി മാധ്യമവാർത്തകളുണ്ടായിരുന്നു. അവർക്കു അതേ കരുതലാണ് നൽകേണ്ടത്.– മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com