‘സ്പ്രിൻക്ലർ ഡേറ്റ വിൽപ്പനയ്ക്ക്, കാണാൻ ബിറ്റ്കോയിൻ’; വ്യാജനെ പൊളിച്ച് വിദഗ്ധർ

Mail This Article
തിരുവനന്തപുരം ∙ സ്പ്രിൻക്ലർ ഉൾപ്പെട്ട കോവിഡ് വിവരശേഖരണവുമായി ബന്ധപ്പെട്ട ആരോഗ്യ ഡേറ്റാബേസ് ചോർന്നുവെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം പൊളിച്ചടുക്കി സാങ്കേതികവിദഗ്ധർ. 19നാണ് സ്പ്രിൻക്ലർ ഡേറ്റാബേസിൽ നിന്നു ചോർന്ന കേരളത്തിലെ 1.6 ലക്ഷം പേരുടെ ആരോഗ്യവിവരങ്ങൾ ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടെന്ന അറിയിപ്പ് പേസ്ബിൻ സൈറ്റില്‍ പ്രത്യക്ഷപ്പെടുന്നത്. ആധാർ, ഫോൺ നമ്പർ, ചികിത്സാവിവരങ്ങൾ, സിവിൽ സപ്ലൈസ് വിവരങ്ങൾ എന്നിവയും ഇതിലുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. സാംപിൾ ഡേറ്റാബേസ് കാണാനായി ബിറ്റ്കോയിൻ അയയ്ക്കണമെന്നായിരുന്നു നിർദേശം. വിവരശേഖരത്തിന്റെ സാംപിള്‍ കാണാനായി 2 ജിബി വലുപ്പമുള്ള ഒരു ഫയൽ ലഭ്യമാകുന്ന ലിങ്കും ഒപ്പമുണ്ടായിരുന്നു.
പിന്നിലെ തട്ടിപ്പിങ്ങനെ
ഏതാനം ദിവസങ്ങൾക്കു മുൻപ് ആപ്റ്റോയിഡ് എന്ന ആൻഡ്രോയിഡ് ആപ്പിലെ ഉപയോക്താക്കളുടെ വിവരങ്ങൾ ചോരുകയും ഇന്റർനെറ്റിലൂടെ പുറത്തുവരികയും ചെയ്തിരുന്നു. ഈ വിവരശേഖരത്തിന്റെ അതേ ലിങ്കാണ് സ്പ്രിൻക്ലറിന്റേതെന്ന പേരിൽ ഒപ്പം നൽകിയിരുന്നത്. 2 ജിബി വലുപ്പമുള്ളതിനാൽ അധികമാരും തുറക്കാൻ ശ്രമിക്കില്ല എന്നതിനാലാണ് തെറ്റിദ്ധരിപ്പിക്കാനായി ഈ ലിങ്ക് നൽകിയത്. ഇതിലുണ്ടായിരുന്നത് ആപ്റ്റോയിഡിന്റെ വിവരങ്ങൾ തന്നെയാണെന്നു പരിശോധിച്ച ക്ലൗഡ് സെർവർ അഡ്മിനിസ്ട്രേറ്ററായ ബജ്പൻ ഘോഷ് വ്യക്തമാക്കി. ഇതിനു പുറമേ ബിറ്റ്കോയിൻ അയയ്ക്കാൻ നൽകിയിരുന്ന ബിറ്റ്കോയിൻ വിലാസവും വ്യാജമായിരുന്നു. ചുരുക്കത്തിൽ പൗരന്മാരുടെ വിവരങ്ങൾ പുറത്തുപോയെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യമെന്ന് വ്യക്തം.
ഇടപെട്ട് ഹൈക്കോടതി
ഇതിനിടെ ഡേറ്റാ വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്‍പ്രിൻക്ലറിനും സര്‍ക്കാരിനും ഐടി സെക്രട്ടറിക്കും ഹൈക്കോടതിയുടെ നോട്ടിസ്. സ്‍പീഡ് പോസ്റ്റ് വഴിയും ഇ-മെയില്‍ വഴിയും നോട്ടിസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനു നോട്ടിസ് അയക്കുന്നതു പിന്നീട് പരിഗണിക്കും. മുഖ്യമന്ത്രിയെ ഏഴാം കക്ഷിയാക്കിയായിരുന്നു ഹര്‍ജി. കോവിഡ് പശ്ചാത്തലത്തിൽ വ്യക്തികളിൽനിന്നു ശേഖരിച്ചു സ്പ്രിൻക്ലർ കമ്പനിക്കു നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ സർക്കാരിനും കമ്പനിക്കും ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു.
വിവരങ്ങൾ ആരെ സംബന്ധിച്ചുള്ളതാണെന്നു സർക്കാർ അജ്ഞാതമായി സൂക്ഷിക്കണം. ഡേറ്റ രഹസ്യമായി സൂക്ഷിക്കുമെന്നും ദുരുപയോഗിക്കില്ലെന്നും മറ്റാർക്കും കൈമാറുന്നില്ലെന്നും കമ്പനി ഉറപ്പാക്കണം. വിവരദാതാക്കളുടെ രേഖാമൂലമുള്ള അനുമതി തേടാനുള്ള വ്യവസ്ഥ സർക്കാർ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. കോവിഡ് വ്യാധിക്കു ശേഷം ഡേറ്റാ വ്യാധി തടയുകയാണു ലക്ഷ്യമെന്നു കോടതി വ്യക്തമാക്കി. അതേസമയം, കരാറിൽ തുടർനടപടിയോ അപ്‌ലോഡിങ്ങോ തടഞ്ഞിട്ടില്ല. ഹർജികളിൽ ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങളിൽ തീർപ്പിനു സമഗ്ര പരിശോധന വേണമെന്നും തൽക്കാലം ഡേറ്റയുടെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനാണ് ഊന്നലെന്നും കോടതി വ്യക്തമാക്കി.
English summary: Fake news spreading about Sprinklr data breach