ADVERTISEMENT

സോൾ ∙ ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉൻ പൊതുവേദിയിൽ വരാത്തത്, കോവിഡ് പിടിപെടാതിരിക്കാനുള്ള മുൻകരുതലാകാമെന്ന് ദക്ഷിണ കൊറിയ ആരോപണം ഉന്നയിച്ചതിനു തൊട്ടുപിന്നാലെ കിം ജോങ് ഉന്നിന്റെ ഉല്ലാസനൗകകൾ അദ്ദേഹത്തിന്റെ കടലോര റിസോർട്ടിനടുത്ത് നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഒപ്പിയെടുത്ത് ഉപഗ്രഹ ക്യാമറ.

ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം കിമ്മിന്റെ ആരോഗ്യം മോശമായെന്ന റിപ്പോർട്ടിനിടെയാണ്  വൊൻസാനിൽ ആഡംബര നൗകകളുടെ നീക്കം ശ്രദ്ധയിൽപെട്ടത്. നേരത്തെ തന്നെ വോൾസാൻ മേഖലയിലെ സ്റ്റേഷനിൽ കിം ഉപയോഗിക്കുന്ന ട്രെയിൻ നിർത്തിയിട്ടിരിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ യുഎസ് നിരീക്ഷ സംഘമായ 38 നോർത്ത് പുറത്ത് വിട്ടിരുന്നു. 

കോവി‍ഡ് മുൻകരുതലായി നേതാവും കുടുംബവും പൊതുസമ്പർക്കം ഒഴിവാക്കി മാറിക്കഴിയുകയായിരിക്കാം എന്ന ദക്ഷിണ കൊറിയ, യുഎസ് നിരീക്ഷണം ശരിവയ്ക്കുന്നതാണിത്. എന്നാൽ, കിം കുടുംബത്തിന്റെ ആരോഗ്യകാര്യങ്ങൾക്കു കടുത്ത വാർത്താവിലക്കുള്ള ഉത്തര കൊറിയയിൽ എന്താണു സംഭവിക്കുന്നത് എന്നതിനെക്കുറിച്ചുളള നിഗമനങ്ങൾ ശരിയാകണമെന്നില്ല. രാജ്യത്തെങ്ങുമായി കിമ്മിന് 13 വസതികളാണ് ഉള്ളത്. അതിൽ ഏറ്റവും പ്രിയപ്പെട്ടതാണ് വോൾസാനിലെ കടലോര റിസോർട്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഉത്തര കൊറിയയില്‍ ഇതു വരെ ഒരാള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. വോൾസാനിലാണ് കിം കുട്ടിക്കാലം കൂടുതൽ ചെലവഴിച്ചതിനാൽ വോൾസാൻ കിമ്മിന്റെ ജൻമസ്ഥലം എന്നാണ് അറിയപ്പെടുന്നത്.

എന്നാൽ പൊതുരംഗത്ത് നിന്ന് കിം അപ്രത്യക്ഷനാകുന്നത് ഇത് ആദ്യമല്ല. 2014ല്‍  ഒരു മാസത്തിലേറെക്കാലം അദ്ദേഹത്തിന്‍റെ ചിത്രമോ അദ്ദേഹത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളോ ഔദ്യോഗിക മാധ്യമങ്ങളിൽ  നൽകിയിരുന്നില്ല. അതിനുശേഷം അദ്ദേഹം എത്തിയത് ചെറിയൊരു മുടന്തും ഊന്നുവടിയുമായിട്ടാണ്. എന്തു പറ്റിയതാണെന്നു വിശദീകരണമൊന്നും നൽകിയതുമില്ല. ഏതാണ്ടു 36 വയസ്സുള്ള കിമ്മിനു ഹൃദ്രോഗമുള്ളതായി മുന്‍പ് കേട്ടിരുന്നില്ലെങ്കിലും അതിനുളള സാധ്യത ആധികമാരും തള്ളിക്കളഞ്ഞതുമില്ല. 

English Summary: Satellite images of luxury boats 'suggest Kim Jong Un is in North Korean coastal resort'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com