ADVERTISEMENT

പാലക്കാട് ∙ കേ‍ാവിഡ് രേ‍ാഗവ്യാപനത്തെ തുടർന്ന് മുഴുവൻ വരുമാനമാർഗങ്ങളും അടഞ്ഞതേ‍ാടെ ഉടലെടുത്ത കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുളള നടപടികളുടെ ഭാഗമായി വാർഷികപദ്ധതി വിഹിതത്തിൽ ആദ്യഘട്ടം 40% വെട്ടിക്കുറയ്ക്കും. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ വിഹിതം 70% വരെ കുറയ്ക്കുമെന്ന സൂചനയും നൽകിയിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭാ യേ‍ാഗത്തിൽ ഇതുസംബന്ധിച്ച് പ്രാഥമിക ചർച്ച നടത്തി. രേ‍ാഗ പ്രതിരേ‍ാധ രംഗത്തു മുൻപിലുളള ആരേ‍ാഗ്യവകുപ്പ്, പെ‍ാലീസ് സേന എന്നിവക്കുളള വിഹിതം തുടരണമെന്നു അഭിപ്രായമുയർന്നെങ്കിലും തീരുമാനമായിട്ടില്ല.

രോഗ ബോധവൽക്കരണം, പുനരധിവാസം, ക്ഷേമ പ്രവർത്തനം എന്നിവയ്ക്ക് ഇപ്പേ‍ാൾ പ്രധാന കേന്ദ്രമായി മാറിയ തദ്ദേശവകുപ്പിനും വരുംദിവസങ്ങളിൽ ഫണ്ട് കൂടുതൽ ആവശ്യമുണ്ട്. വകുപ്പിന് വാർഷിക പദ്ധതിയുടെ ഒന്നാം ഗഡു നേരത്തെ അനുവദിച്ചിരുന്നു. വരും ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷയും ശുദ്ധജല ലഭ്യതയും അതിപ്രധാനമായതിനാൽ അതിനു പ്രധാന്യം നൽകേണ്ടിവരും. വ്യവസായമേഖല സജീവമാക്കുന്നതും വെല്ലുവിളിയാണ്. കാലവർഷം പ്രവചിച്ചതുപേ‍ാലെ കടുത്താൽ സാമ്പത്തിക സ്ഥിതി കൂടുതൽ വളഷാകും. ജൂൺ ജൂലൈ മാസങ്ങളിൽ കേ‍ാവിഡ് രേ‍ാഗബാധയുടെ വ്യാപന സാധ്യതയും വിദഗ്ധർ സൂചിപ്പിച്ചിട്ടുണ്ട്.

രേ‍ാഗ പ്രതിരേ‍ാധം, അനുബന്ധ ക്ഷേമപ്രവർത്തനങ്ങൾ, വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആളുകളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ടും വൻതുക കണ്ടെത്തണം. സർക്കാരിന്റെ ദൈനംദിന ചെലവ് ഇതിനു പുറമെയാണ്. വാർഷിക വിഹിതം കുറയ്ക്കുന്നതിന്റെ ഭാഗമായി പദ്ധതികളുടെ മുൻഗണനാ പട്ടിക അടിയന്തരമായി ആസൂത്രണ ബോർഡിനു നൽകാൻ വകുപ്പുകൾക്കുളള നിർദ്ദേശം നൽകി. മുൻഗണനാ പദ്ധതികൾക്ക് ആദ്യ ആറു മാസത്തേക്കു വേണ്ടിവരുന്ന ചെലവും വകുപ്പുകൾ രേഖാമൂലം നൽകണം.

ജീവനും ഉപജീവനമാർഗവും ഒരു പേ‍ാലെ സംരക്ഷിക്കേണ്ട അസാധാരണമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്തിനുളളതെന്നാണ് വിലയിരുത്തൽ. നികുതി വരുമാനം നാലിൽ ഒന്നായി ചുരുങ്ങിയിരിക്കുകയാണ്. നികുതിയേതര വരുമാനം മാർച്ചിനുശേഷം കുറഞ്ഞതേ‍ാതിലാണ് ഉണ്ടായത്. പ്രധാന വരുമാന മാർഗമായ ലേ‍ാട്ടറിയും ബവ്റിജസ് മേഖലയും ഒരു മാസമായി അടഞ്ഞുകിടക്കുന്നു. പ്രളയക്കെടുതികളെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ കഴിഞ്ഞ വർഷം വാർഷികപദ്ധതിയിൽ 35% കുറക്കാനായിരുന്നു ആദ്യം തീരുമാനമങ്കിലും അവസാനഘട്ടത്തിൽ അത് 57% വരെയായി.

English Summary: Economic Crisis: Govt may cut 40 percent of Annual Plan Outlay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com