ADVERTISEMENT

കൊച്ചി∙ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ ആറു ലക്ഷത്തിലധികം പേർക്ക് ടെലികൗൺസിലിങ് നൽകിയെന്ന ആരോഗ്യ മന്ത്രിയുടെ അവകാശ വാദത്തിനെതിരെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കേരള ഘടകം. സർക്കാരിനെ ഒരു വിഭാഗം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സി. പി. സതീഷ് മനോരമ ഓൺലൈനോടു പറഞ്ഞു.

കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ ഏത് രീതിയിലുള്ള ഇടപെടലിനും റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്ട്രേഷനുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളെ ലഭ്യമാക്കാം എന്നറിയിച്ച് സർക്കാരിന് കത്തെഴുതിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവർ പറയുന്നു. ‌

കോവിഡ് ഭീതിയിലായിട്ടുള്ള പൊതുജനങ്ങൾക്ക് മാനസിക സാമൂഹിക പിന്തുണ നല്‍കുന്നതിനായി നിയോഗിച്ച 1064 മാനസികാരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ കഴിയുന്ന 2,22,848 വ്യക്തികള്‍ക്ക് ടെലി കൗൺസിലിങ് നൽകിയതായി മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഭിന്നശേഷിക്കാരും അതിഥി തൊഴിലാളികളും പൊതുജനവും ഉൾപ്പെടെ 6,31,127 പേർക്ക്  സൈക്കോ സോഷ്യല്‍ സപ്പോർട്ട് ടീം ടെലി കൗണ്‍സിലിങ് നൽകിയതായും പറയുന്നുണ്ട്. കൊറോണ രോഗ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനും ടെലി കൗണ്‍സിലിങ് നല്‍കുന്നതായാണ് മന്ത്രി അറിയിച്ചത്. 

എന്നാൽ യോഗ്യതയുള്ള ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ പോലും ഉൾപ്പെടുത്താതെയാണ് സർക്കാർ ഈ പ്രോഗ്രാം തയാറാക്കിയതെന്ന് തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റും അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ഡോ. വി. ബിജി പറഞ്ഞു. നിലവിൽ ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിലുള്ള കൗൺസിലിങ് ശാസ്ത്രീയമായ രീതിലല്ല നടക്കുന്നത്.

പൊതുജനത്തെ ഫോണിൽ വിളിച്ച് വിവരങ്ങൾ എടുക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. മാനസികമായ ഇടപെടൽ നടത്തുന്നതിനു യോഗ്യതയുള്ളവരെ അല്ല നിലവിൽ സർക്കാർ ഉപയോഗപ്പെടുത്തുന്നത്. ഈ പദ്ധതി തയാറാക്കിയപ്പോൾ ഈ വിഷയം സൈക്കോളജിസ്റ്റുകളുമായി ചർച്ച ചെയ്യാൻ സർക്കാരും തയാറായിട്ടില്ല. 

സൈക്കോളജിക്കൽ ഇടപെടൽ എന്താണെന്ന് സർക്കാരിനോ  പദ്ധതി നടപ്പാക്കുന്നവർക്കോ അറിയില്ലെന്നതാണ് പ്രധാന പ്രശ്നം. വ്യക്തികളുടെ വൈകാരിക വശങ്ങൾ കൈകാര്യം ചെയ്യുന്നതിന് യോഗ്യതയുള്ളവർ തന്നെ വേണം. കുറഞ്ഞത് ഇവരുടെ മേൽനോട്ടത്തിൽ ചെയ്യേണ്ട കാര്യമാണിത് എന്നിരിക്കെയാണ് വേണ്ടത്ര പരിശീലനമില്ലാത്ത സംഘത്തെ നിയോഗിച്ചത്. എല്ലാ ജില്ലയിലുള്ളവരെയും ഉൾപ്പെടുത്തി പരിശീലനം നൽകുകയും ട്രെയിനിങ് കിട്ടിയവർക്ക് മറ്റ് കൗൺസിലേഴ്സിനെ ട്രെയിൻ ചെയ്യുകയുമാണ് വേണ്ടത്.

കൗൺസിലർക്ക് ഓരോ കേസുകളിലും എത്രത്തോളം ഇടപെടാനാകും, ഓരോരുത്തരെയും എവിടേയ്ക്ക് റഫർ ചെയ്യണം എന്നതിലെല്ലാം വേണ്ട പരിശീലനം നൽകണം. പല കേസുകളിലും വളരെ ഉൽകണ്ഠയും ഡിപ്രഷനും ഉള്ളവരാണ് വിളിക്കുന്നത്. മെഡിക്കൽ ട്രീറ്റ്മെന്റ് വേണ്ടവരുമുണ്ട്. ആത്മഹത്യാ പ്രവണത കാണിക്കുന്നവരും വിളിക്കും. ഇതെല്ലാം തിരിച്ചറിഞ്ഞ് ഇടപെടൽ  നടത്തിയില്ലെങ്കിൽ കൗൺസിലിങ്ങിലൂടെ ഉദ്ദേശിച്ച ഫലമായിരിക്കില്ല ലഭിക്കുകയെന്നും ഇവർ പറഞ്ഞു.

മെന്റൽ ഹെൽത്ത് പ്രഫഷനലിന്റെ യോഗ്യത എന്നു പറയുന്നത് ക്ലിനിക്കൽ സൈക്കോളജിയിലുള്ള എംഫില്ലാണ്. ഒപ്പം റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷനും വേണം. ഇത്തരത്തിൽ രജിസ്ട്രേഡ് ആയ ഒരാളുടെ മേൽനോട്ടത്തിൽ ഒരാൾക്ക് മാനസികാരോഗ്യ സേവനം നൽകാവുന്നതാണ്. എന്നാൽ സ്വതന്ത്രമായി രോഗികളെ കാണുന്നതിനോ ചികിത്സകൾ നിർദേശിക്കുന്നതിനോ അനുമതിയില്ല. അങ്ങനെ ചെയ്യുമ്പോൾ വ്യക്തികളുടെ മനോനില തിരിച്ചറിയാതെ പ്രവർത്തിക്കുന്നതിനാൽ ഗുണത്തേക്കാളേറെ ദോഷമാണ് സംഭവിക്കുന്നതെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ഗീതാഞ്ജലിയും അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com