ADVERTISEMENT

കൊച്ചി ∙ കോവിഡ് കാലത്ത് ക്വാറന്റീനിലുള്ളവർക്കും പൊതുജനങ്ങൾക്കും സൈക്കൊ സോഷ്യൽ സപ്പോർട്ടാണ് നൽകുന്നതെന്നു സംസ്ഥാന മാനസികാരോഗ്യ പരിപാടിയുടെ നോഡൽ ഓഫിസർ ഡോ. പി.എസ്.കിരൺ. യോഗ്യതയില്ലാത്തവർ കൗൺസിലിങ് നൽകുന്നു എന്ന ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കേരള ഘടകത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ പദ്ധതിയിൽ പ്രധാനമായും ചികിത്സയല്ല നൽകുന്നത്. മാനസിക ചികിത്സ നൽകുമ്പോഴാണ് ശാസ്ത്രീയമായി പരിശീലനം ലഭിച്ചവരുടെ ഇടപെടൽ ആവശ്യമുള്ളത്. ചികിത്സ ആവശ്യമുള്ളവരെ അതിന് യോഗ്യതയുള്ള സൈക്യാട്രിസ്റ്റുകളോ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളോ ഇടപെട്ട് ചികിത്സ നൽകുന്നുണ്ട്. വിശക്കുന്നവന് കൗൺസിലിങ് കൊടുത്തിട്ട് കാര്യമില്ല. അതു ചോദിച്ചറിഞ്ഞ് ഭക്ഷണം ലഭിക്കാനുളള സൗകര്യം ഒരുക്കി നൽകുകയാണ് ചെയ്യുന്നത്.’ – അദ്ദേഹം വിശദീകരിച്ചു.

ടെലി കൗൺസിലിങ് നൽകുന്നത് അധികവും സാധാരണ ജനങ്ങൾക്കാണ്. അത് കേരളത്തിൽ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും ചെയ്യുന്നുണ്ട്. അവരെ വിളിച്ച് ആശ്വാസം പകരുകയാണ് ചെയ്യുന്നത്. ക്വാറന്റീനിലുള്ള രണ്ടേകാൽ ലക്ഷം പേരെ വിളിച്ച് സൈക്കൊ സോഷ്യൽ സപ്പോർട് നൽകിയിട്ടുണ്ട്. അവരോടു പറയുന്നത് നിങ്ങൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഒപ്പമുണ്ട്. എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും തിരിച്ചു വിളിക്കാം എന്നാണ്. ഒപ്പം ഒരു ഹെൽപ് ലൈൻ നമ്പരും നൽകുന്നു. വിളിക്കുന്ന സമയത്ത് തന്നെ എന്തെങ്കിലും ബുദ്ധിമുട്ടു പറയുകയാണെങ്കിൽ; അത് മാനസികമാകാം സാമൂഹികമാകാം അപ്പോൾ തന്നെ വേണ്ട ഇടപെടലുണ്ടാകുന്നു.

മാനസിക പ്രശ്നമുള്ളവരെ അപ്പോൾ തന്നെ സൈക്യാട്രിസ്റ്റ് തിരിച്ചു വിളിച്ച് ഇടപെടൽ നടത്തും. സാമൂഹികമായ പ്രശ്നമാണ് പറയുന്നതെങ്കിൽ അതിനു പരിഹാരമുണ്ടാക്കും. ആഹാരത്തിന്റെ പ്രശ്നമോ മരുന്നു വാങ്ങാൻ പുറത്തു പോകാൻ പറ്റുന്നില്ല എന്നോ പറയുന്നവരുടെ വിവരം അപ്പോൾ തന്നെ ഐസിഡിഎസ് വഴി അങ്കണവാടികൾക്ക് കൈമാറി അവിടെയുള്ളവർ അവരുടെ ആവശ്യം എത്തിച്ചു നൽകും. ഇതാണ് ഒരു സംവിധാനം. അതുപോലെ തന്നെയാണ് ലോക്ഡൗൺ തുടങ്ങിയ ശേഷം ചികിത്സയിലുള്ള മാനസിക രോഗികളുടെ കാര്യത്തിലും ചെയ്യുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുണ്ട്, അവരുടെ മാതാപിതാക്കളും പ്രശ്നത്തിലാണ്. ആക്ടിവിറ്റി കുറയുമ്പോൾ കുട്ടികൾക്ക് പെരുമാറ്റ പ്രശ്നങ്ങൾ ഉണ്ടാകും.

ഒറ്റയ്ക്കു താമസിക്കുന്ന വയോജനങ്ങളുണ്ട്. അവരും നിരവധി പ്രശ്നങ്ങൾ നേരിടുന്നു. ഇവരെ എല്ലാം വേർതിരിച്ച് വിളിക്കുന്നുണ്ട്. ഓരോരുത്തർക്കും പ്രത്യേക പ്രോട്ടോക്കോളുകളാണ്. ഈ വിളികൾ അവർക്ക് ഒരു ആശ്വാസം നൽകുന്നു. അതോടൊപ്പം ബുദ്ധിമുട്ടുള്ളവരെ തിരിച്ചറിഞ്ഞാൽ സൈക്യാട്രിസ്റ്റ് വിളിച്ച് മെഡിക്കേഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ നൽകുന്നു. വളരെ അധികം വിളികളും എത്തുന്നത് പൊതുജനങ്ങളിൽ നിന്നാണ്. വളരെ ചുരുങ്ങിയ ആളുകൾക്കാണ് മാനസിക ഇടപെടൽ വേണ്ടി വരികയുള്ളൂ. എല്ലാവർക്കും ഇന്റർവെൻഷനും ചികിത്സയും നൽകാൻ അവർ രോഗികളല്ല. ടെലി കൗൺസിലിങ് എന്ന വാക്കാണെങ്കിൽ അങ്ങനെ മാത്രമേ പറയാൻ സാധിക്കൂ.

മൊത്തം വിളിച്ചിട്ടുള്ളവരിൽ 30,000 പേർക്ക് ശരിക്കും കൗൺസിലിങ് ആവശ്യമുള്ളവരായിരുന്നു. അവർക്ക് കൗൺസിലിങ് കൊടുത്തിട്ടുണ്ട്. ഈ വിളിക്കുന്ന ടീമുകൾക്ക് നേതൃത്വം നൽകുന്നത് യോഗ്യതയുള്ളവർ തന്നെയാണ്. സൈക്കൊ സോഷ്യൽ കൗൺസിലിങ് നൽകുന്നത് യോഗ്യതയില്ലാത്തവരാണ് എന്ന് ഇവർ പറയുമ്പോൾ ഇത് ചെയ്യുന്നത് സ്കൂൾ കൗൺസിലേഴ്സ് ആണ് എന്നറിയണം. ഇവർ കൗൺസിലർമാരായി സർക്കാരിൽ ജോലി ചെയ്യുന്നവരാണ്. സ്കൂൾ കൗൺസിലേഴ്സിന് യോഗ്യതയില്ലെന്ന് പറയുന്നെങ്കിൽ അത് അവരുടെ പ്രഫഷനൽ റൈവൽറിയാണ്. കൗൺസിലർമാരെ ഹെഡ് ചെയ്യുന്നത് എല്ലാ ജില്ലയിലും സൈക്കോളജിസ്റ്റുകളാണ്. ഓരോ ജില്ലകളിലെയും നോഡൽ ഓഫിസർമാർ എന്നു പറയുന്നത് എസ്റ്റാബ്ലിഷ്ഡ് മെന്റൽ ഹെൽത് പ്രോഗ്രാമിന്റെ നോഡൽ ഓഫിസർമാരാണ്.

അവരെല്ലാം സൈക്യാട്രിസ്റ്റുകളാണ്. 26 സൈക്യാട്രിസ്റ്റുകൾ ഈ പ്രോഗ്രാമിൽ വർക്ക് ചെയ്യുന്നുണ്ട്. 12 ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുണ്ട്. ആരോപണം ഉന്നയിച്ച അസോസിയേഷനിൽ ഉള്ളവർ തന്നെയാണ് ഇവർ എല്ലാം. ഭിന്നശേഷി കുട്ടികളെ നോക്കുന്ന ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്ററിൽ നിന്നുള്ളവരുടെ സേവനവും ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള എട്ടു പേരെങ്കിലും സംഘത്തിലുണ്ട്. അതായത് ആകെ 20 ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ തന്നെ വർക്കു ചെയ്യുന്നു. കൂടെ സൈക്യാട്രിക് സോഷ്യൽ വർക്കേഴ്സുണ്ട്. ഇവരുടെയെല്ലാം കീഴിലാണ് കൗൺസിലർമാർ ജോലി ചെയ്യുന്നത്. കൗൺസിലർമാർ എന്നു പറയുന്നത് എംഎസ്ഡബ്ലിയു മെഡിക്കൽ ആൻഡ് സൈക്യാട്രിയുള്ളവരോ എംഎസ്‍സി സൈക്കോളജിക്കാരോ ആണ്. എംഫിൽ ഉള്ളവരും ഉണ്ട് ഇതിൽ. അതുകൊണ്ട് യോഗ്യതയില്ല എന്ന പ്രചാരണം തെറ്റായ വസ്തുതയാണ്.

പ്രശ്നം ഉള്ള ഏത് ഏത് കേസ് ഉണ്ടെങ്കിലും സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റും സൈക്യാട്രിക് സോഷ്യൽ വർക്കറും കൈകാര്യം ചെയ്താണ് മുന്നോട്ടു പോകുന്നത്. പ്രശ്നമുള്ളവരെ തിരിച്ചു വിളിക്കുന്നത് ഈ യോഗ്യതകളുള്ളവരാണ്. ഇവർക്ക് ക്വാളിഫിക്കേഷൻ ഇല്ല എന്നു പറയുമ്പോൾ രാപകലില്ലാതെ ജോലി ചെയ്യുന്ന ഇവർക്കു ബുദ്ധിമുട്ടാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് അവർ ആളുകളെ വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നത്. ദിവസം 100 കോൾ ചെയ്യുക എന്നാൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പലപ്രാവശ്യം വിളിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. ഇത്തരത്തിലുള്ള ആരോപണം ഇവർക്കെല്ലാം വിഷമമുണ്ടാക്കിയിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. പല അസോസിയേഷനുകളും സ്വമേധയാ വന്ന് ചേർന്ന് പ്രോഗ്രാമിനൊപ്പം പ്രവർത്തിക്കുന്നവരാണ്. സന്നദ്ധത അറിയിച്ച് വരുന്നവരുടെ പട്ടിക ജില്ലകൾക്ക് അയച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ആരേയും അങ്ങോട്ട് പോയി വിളിച്ചിട്ടല്ല പ്രവർത്തിക്കുന്നത്.

വന്നവരെ എല്ലാം ഉൾപ്പെടുത്തിയിട്ടുമുണ്ട്. സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ സന്നദ്ധത അറിയിച്ചു മുന്നോട്ടു വന്നാണ് ഇപ്പോൾ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. ജില്ലാ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. സംസ്ഥാന തലത്തിൽ കോഓർഡിനേഷൻ മാത്രമാണ് നടക്കുന്നത്. ജില്ലകളിലെ അതതു നോഡൽ ഓഫിസർമാരുമായി ബന്ധപ്പെട്ടാൽ യോഗ്യതയുള്ളവർക്ക് വർക്കു ചെയ്യാം. പ്രഫഷനൽ സൈക്കോളജിസ്റ്റ് അസോസിയേഷനും ഒപ്പം ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. കൗൺസിലർമാർ എന്ന് പറയുന്നത് എംഎസ്ഡബ്ലിയു മെഡിക്കൽ ആൻഡ് സൈക്യാട്രിയുള്ളവരോ എംഎസ്‍സി സൈക്കോളജിക്കാരോ ആണ്. എംഫിൽ ഉള്ളവരും ഉണ്ട് ഇതിൽ. അതുകൊണ്ട് യോഗ്യതയില്ല എന്ന പ്രചാരണം തെറ്റായ വസ്തുതയാണ്. ഏത് കേസ് പ്രശ്നം ഉണ്ടെങ്കിലും സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റും സൈക്യാട്രിക് സോഷ്യൽ വർക്കറും ഡീൽ ചെയ്താണ് പോകുന്നത്. പ്രശ്നമുള്ളവരെ തിരിച്ചു വിളിക്കുന്നത് ഈ യോഗ്യതകളുള്ളവരാണ്.

പിന്നെ സോഷ്യൽ നീഡ് പ്രോഗ്രാമിൽ അഡ്രസ് ചെയ്യുന്നുണ്ട്. സൈക്കോളജിക്കൽ കൗൺസിലിങ് മാത്രമല്ല നമ്മൾ ചെയ്യുന്നത്, സൈക്കോ സോഷ്യൽ – ഏത് ദുരന്തമുണ്ടായാലും അത്തരത്തിലാണ് ഇടപെടുന്നത്. എല്ലാ പ്രശ്നങ്ങൾക്കും ഒരു സാമൂഹിക വശം കൂടി ഉണ്ടാകും. ഒന്നും വെറുതെ മാനസിക പ്രശ്നമായി വരുന്നതല്ല, അതിനൊരു കാരണം തീർച്ചയായും ഉണ്ടാകും. അസുഖം വരുമെന്ന പേടി, പല സാധനങ്ങളും കിട്ടുന്നില്ലെന്ന പേടി, മക്കൾ ദൂരെയാണെന്നുള്ള പ്രശ്നം. ഇതെല്ലാം ഉള്ളതുകൊണ്ട് ഇവയും അഡ്രസ് ചെയ്യേണ്ടതുണ്ട്. ആഹാരം കിട്ടാത്തവന് കൗൺസിലിങ് മാത്രം കൊടുത്തതുകൊണ്ടായില്ല. ആഹാരം എത്തിക്കുക എന്നതാണ് ആവശ്യം. ഇതാണ് സാമൂഹിക ആവശ്യം. ഇത് ഏർപ്പാടാക്കിയാണ് മുന്നോട്ടു പോകുന്നത്.

മരുന്ന് കൊടുക്കേണ്ട ആവശ്യം ചില കേസുകളിൽ വരും. ഏകദേശം 100 മുതൽ 150 പേർക്കു വരെ മരുന്ന് കൊടുത്തിട്ടുണ്ട്. സൈക്യാട്രിസ്റ്റ് ഇവർ താമസിക്കുന്ന പിഎച്ച്സിയിലെ മെഡിക്കൽ ഓഫിസറെ വിളിച്ചു പറഞ്ഞ് അദ്ദേഹം വഴി മരുന്ന് എത്തിക്കുന്നതാണ് പതിവ്. ചിലരുടെ ഉൽകണ്ഠ മാറില്ല. ആങ്സൈറ്റി, ഡിപ്രഷൻ ഇതിനെല്ലാം മരുന്ന് വേണ്ടിവരും, സൂപ്രവൈസ്ഡ് ആയിട്ടാണ് പോകുന്നത്. ആത്മഹത്യാ പ്രവണതയുളളവർക്ക് ഫോളോ അപ് കോളുകൾ കൊടുക്കും. മൂന്ന്, അഞ്ച് എന്ന നിലയിൽ അവരെ തുടർച്ചയായി വിളിച്ചുകൊണ്ടിരിക്കും. അതാണ് കണക്ക്. പ്രശ്നം കൂടുതലുള്ളവരെ ദിവസേന വിളിക്കും. ചെറിയ പ്രശ്നമുള്ളവരെ മൂന്നു ദിവസമോ അഞ്ചു ദിവസമോ ഇടവിട്ട് വിളിക്കും. ഒന്നേമുക്കാൽ ലക്ഷം പേരെ ഫോളോഅപ് കോളുകൾ മാത്രം വിളിച്ചിട്ടുണ്ട്’ – ഡോ. പി.എസ്.കിരൺ വിശദീകരിച്ചു.

English Summary: Psychosocial Support for people Due to COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com