ADVERTISEMENT

കയ്യില്‍ വെറും 500 രൂപയും ഒരു ബാഗുമായി ഗള്‍ഫിലെത്തി കഠിനാധ്വാനം കൊണ്ടു സ്വപ്‌നതുല്യമായ ഉയരങ്ങളിലേക്കു പറന്നു കയറിയ ജീവിതമായിരുന്നു ബി.ആര്‍. ഷെട്ടിയുടേത്. ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് 2018-ല്‍ 4.2 ബില്യണ്‍ ഡോളര്‍ ആയിരുന്നു ഷെട്ടിയുടെ ആസ്തി. എന്നാല്‍ നിലവില്‍ വിവിധ ബാങ്കുകളിലായി ഏതാണ്ട് 50000 കോടിയുടെ കടബാധ്യത അദ്ദേഹത്തിന്റെ കമ്പനിയായ എന്‍എംസിക്കുണ്ടെന്നാണു റിപ്പോര്‍ട്ട്.

പ്രവാസി വ്യവസായിയും ശതകോടീശ്വരനുമായ ബി.ആര്‍. ഷെട്ടി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് ഉത്തരവിട്ടെന്നുമുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. തന്റെ കമ്പനിയിലെ ചില ജീവനക്കാര്‍ ചതിച്ചതാണ് പ്രതിസന്ധികള്‍ക്കു കാരണമെന്നു ഷെട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ചെറിയൊരു വിഭാഗം ജീവനക്കാര്‍ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി ചെക്കുകള്‍ ഉപയോഗിച്ചു തട്ടിപ്പു നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

ബി.ആര്‍ ഷെട്ടിക്കെതിരായ ഒരു വാര്‍ത്തയും കര്‍ണാടകത്തിന്റെ തീരമേഖലയായ ഉഡുപ്പിയിലും ചുറ്റുവട്ടത്തുമുള്ളവര്‍ അംഗീകരിക്കില്ല. ഷെട്ടിയെന്ന പേര് അവര്‍ക്ക് അഭിമാനമാണ്. 1942-ല്‍ ഉഡുപ്പിയിലെ കാപ്പുവിലാണ് ബാവഗുതു രഘുറാം ഷെട്ടിയെന്ന് ബി.ആര്‍. ഷെട്ടിയുടെ ജനനം. പിതാവിന്റെ പാത പിന്തുടര്‍ന്ന് ഉഡുപ്പി മുന്‍സിപ്പല്‍ കൗണ്‍സിലിലേക്ക് മത്സരിച്ച് ജയിച്ചു. പിതാവ് കോണ്‍ഗ്രസുകാരന്‍ ആയിരുന്നെങ്കിലും  ജനസംഘത്തിന്റെ ടിക്കറ്റിലാണു ഷെട്ടി മത്സരിച്ചത്. ജനസംഘത്തിന്റെ പ്രചാരണം നയിച്ചിരുന്നത് അടല്‍ബിഹാരി വാജ്‌പേയിയും കോണ്‍ഗ്രസിന്റെ ഇന്ദിരാ ഗാന്ധിയുമായിരുന്നു. 1968-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തറപറ്റിച്ച് 15 സീറ്റില്‍ 12 എണ്ണവും ജനസംഘം നേടി. രണ്ടാം തവണയും ജയിച്ച ഷെട്ടി കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റുമായി.

ഫാര്‍മസിസ്റ്റ് ബിരുദം നേടിയ ഷെട്ടി എഴുപതുകളില്‍ പുണെയിലുള്ള ഒരു ഫാര്‍മസി കമ്പനിയുടെ ഉഡുപ്പിയിലെ വിതരണം ഏറ്റെടുത്തു. കൂടുതല്‍ സമയം രാഷ്ട്രീയത്തില്‍ ചെലവിട്ടത് ബിസിനസിനെ ബാധിച്ചു. സഹോദരിയുടെ വിവാഹത്തിനെടുത്ത വായ്പയും കൂടിയായപ്പോള്‍ ഗള്‍ഫിലേക്കു കടക്കാന്‍ ഷെട്ടി തീരുമാനിച്ചു. 1973-ല്‍ വെറും 500 രൂപയും ഒരു ബാഗുമായാണ് ഷെട്ടി അബുദബിയില്‍ ഇറങ്ങുന്നത്.

br-shetty-billionaire-businessman
ബി.ആര്‍. ഷെട്ടി

ബാഗ് മോഷണം പോയി. അറബി അറിയാത്തതിനാല്‍ സര്‍ക്കാര്‍ ജോലി തരപ്പെട്ടില്ല. തുടര്‍ന്നു മരുന്ന് വില്‍പനയിലേക്കു തിരിഞ്ഞു. ഒരുപക്ഷെ ഗള്‍ഫിലെ ആദ്യ ഔട്ട്‌ഡോര്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവ് താനായിരിക്കുമെന്ന് ഷെട്ടി തന്നെ പിന്നീടു പറഞ്ഞിട്ടുണ്ട്. ഒരു ഷര്‍ട്ട് മാത്രമാണ് ഉണ്ടായിരുന്നത്. ജോലി കഴിഞ്ഞു മടങ്ങിയെത്തി കഴുകി ഉണക്കി പിറ്റേന്നും അതുതന്നെയാണു ധരിച്ചിരുന്നത്. ഒരു ബാഗില്‍ മരുന്നുമായി നാടു മുഴുവന്‍ അലഞ്ഞാണു വിറ്റിരുന്നത്. തന്റെ പ്രതിസന്ധി ഘട്ടങ്ങള്‍ ഓര്‍മിക്കാനായി ആ ബാഗ് ഷെട്ടി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. മരുന്നുവില്‍പ്പനയ്‌ക്കൊപ്പം കമ്മിഷന്‍ പറ്റി കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പനയും ആരംഭിച്ചു.

1975-ല്‍ ഒരു സ്വകാര്യ ക്ലിനിക്ക് തുടങ്ങാനുള്ള ഷെട്ടിയുടെ തീരുമാനമാണ് കളി മാറ്റിയത്. സര്‍ക്കാര്‍ സൗജന്യ ആരോഗ്യ സേവനം നല്‍കിയിരുന്നെങ്കിലും ക്ലിനിക്ക് തുടങ്ങാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ന്യൂ മെഡിക്കല്‍ സെന്റര്‍ (എന്‍എംസി) എന്ന പേരില്‍ രണ്ടു മുറികളിലായി ക്ലിനിക്കും ഫാര്‍മസിയും തുറന്നു. ഭാര്യ ചന്ദ്രകുമാരി ഷെട്ടിയായിരുന്നു ആദ്യ ഡോക്ടര്‍. പിന്നീട് എട്ടു രാജ്യങ്ങളിൽ 45 ആശുപത്രികളും രണ്ടായിരം ഡോക്ടര്‍മാരുമായി പ്രസ്ഥാനം പടര്‍ന്നു പന്തലിച്ചു.  പ്രവാസികൾ നാട്ടിലേക്കു പണം അയയ്ക്കാനായി ആശ്രയമാക്കിയ യുഎഇ എക്‌സ്‌ചേഞ്ചും അഞ്ചു വര്‍ഷത്തിനകം ഷെട്ടി എന്ന പേരിനൊപ്പം പ്രശസ്തമായി.

ബാങ്കുകള്‍ ഈടാക്കിയിരുന്നതിനേക്കാള്‍ കുറഞ്ഞ ചാര്‍ജിന് പണം അയയ്ക്കാന്‍ തുടങ്ങിയതോടെ യുഎഇ എക്‌സ്‍ചേഞ്ചും കളംപിടിച്ചു. പിന്നീട് 31 രാജ്യങ്ങളിലായി 850 നേരിട്ടുള്ള ശാഖകള്‍ തുറന്നു. 1981-ല്‍ എന്‍എംസി ട്രേഡിങ് കമ്പനി തുടങ്ങി. 2003-ല്‍ അബുദബിയില്‍ നിയോഫാര്‍മയെന്ന പേരില്‍ മരുന്നു നിര്‍മാണ സംരംഭം ആരംഭിച്ചു. 2007-ല്‍ ബെംഗളൂരു ആസ്ഥാനമായി ബയോകോൺ എന്ന കമ്പനി ആരംഭിച്ച കിരണ്‍ മജുംദാര്‍ ഷായുമായി ഒരു പങ്കാളിത്ത കമ്പനിക്കും ഷെട്ടി തുടക്കമിട്ടു. നിയോബയോകോണ്‍ എന്ന ഈ പങ്കാളിത്ത കമ്പനി അബുദബിയിലാണ് പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.

എണ്ണയുടെ ചിറകിലേറി ഗള്‍ഫ് കുതിച്ചപ്പോള്‍ ഒപ്പം ഷെട്ടിയും വളര്‍ന്നു. ഇന്ത്യന്‍ സമൂഹത്തിലും യുഎഇ ഭരണാധികാരികള്‍ക്കിടയിലും അദ്ദേഹം പ്രിയപ്പെട്ടവനായി. 2005-ല്‍ ഓര്‍ഡര്‍ ഓഫ് അബുദാബി അവാര്‍ഡ് നല്‍കി സര്‍ക്കാര്‍ ആദരിച്ചു. 2009-ല്‍ ഇന്ത്യ പത്മശ്രീ പുരസ്‌കാരം സമ്മാനിച്ചു. പിന്നീട് ഇന്ത്യയിലും നിരവധി സ്ഥാപനങ്ങള്‍ സ്വന്തമാക്കി. 180 വര്‍ഷം പഴക്കമുള്ള അസം കമ്പനി, മുംബൈയിലെ സെവന്‍ ഹില്‍സ് ആശുപത്രി, കേരളത്തിലും ഒഡിഷയിലുമായി നിരവധി ആശുപത്രികള്‍ എന്നിവ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലായി. 2010-ല്‍ ബുര്‍ജ് ഖലീഫയില്‍ 100, 140 നിലകള്‍ ഷെട്ടി സ്വന്തമാക്കി. പാം ജുമൈറയിലും ദുബായിലെ വേള്‍ഡ് ട്രേഡ് സെന്ററിലും വസ്തുവകകളുണ്ട്. ഏഴ് റോള്‍സ് റോയ്‌സ്, ഒരു മേബാക്, ഒരു വിന്റേജ് മോറിസ് മൈനര്‍ തുടങ്ങിയവയാണ് ഷെട്ടിയുടെ വാഹനശേഖരത്തിൽ. 

2012-ല്‍ എന്‍എംസി ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് 187 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. 2017-ല്‍ ആയിരം കോടി മുടക്കില്‍ മഹാഭാരതം ആസ്പദമാക്കി സിനിമ പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞ വര്‍ഷമാണ് മഡ്ഡി വാട്ടേഴ്‌സ് എന്‍എംസിയുടെ സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. ഇതോടെയാണ് എൻഎംസിയുടെയും ഷെട്ടിയുടെയും കുതിപ്പിനു തിരിച്ചടിയേൽക്കുന്നത്. തുടര്‍ന്ന് ഷെട്ടി എന്‍എംസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലാണെന്നും വിമാനസര്‍വീസ് പുനരാരംഭിച്ചാല്‍ യുഎഇയില്‍ മടങ്ങിയെത്തുമെന്നും ഷെട്ടി ഏപ്രില്‍ 20-ന് അറിയിച്ചിരുന്നു. ഇതിനു ശേഷമാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് ഉത്തരവിട്ടത്.

അബുദബി കൊമേഴ്സൽ ബാങ്കിൽ 963 ദശലക്ഷം ഡോളർ, ദുബായ് ഇസ്‌ലാമിക് ബാങ്കിൽ 541 ദശലക്ഷം ഡോളർ, അബുദബി ഇസ്‌ലാമിക് ബാങ്കിൽ 325 ദശലക്ഷം ഡോളർ, സ്റ്റാന്റേഡ് ചാർട്ടേഡിൽ 250 ദശലക്ഷം, ബാർക്ലേസിൽ 145 ദശലക്ഷം എന്നിങ്ങനെയാണ് എൻഎംസിയുടെ ബാധ്യതകൾ എന്നാണ് റിപ്പോർട്ടുകൾ. കടബാധ്യതയുടെ ഈ അഴിയാക്കുരുക്കഴിക്കാൻ ഷെട്ടി വീണ്ടും യുഎഇയിൽ മടങ്ങിവരുമോ? കാത്തിരുന്നു കാണാം.

English Summary: Rise and fall of businessman BR Shetty 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com