ADVERTISEMENT

ലണ്ടൻ ∙ മരണത്തിന്റെ മുനമ്പിൽനിന്നും തന്റെ ജീവൻ രക്ഷിച്ച ഡോക്ടർമാരുടെ പേര് സ്വന്തം കുഞ്ഞിന് നൽകി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ‘വിൽഫ്രഡ് ലോറ നിക്കോളാസ് ജോൺസൺ’ എന്നാണ് ബോറിസ് ജോൺസണും പങ്കാളി കാരി സിമണ്ട്സും ഇവരുടെ ആൺകുഞ്ഞിന് പേരിട്ടത്. ഇതിൽ നിക്കോളാസ് എന്ന മിഡിൽ നെയിമാണ് സെന്റ് തോമസ് എൻഎച്ച്എസ് ആശുപത്രിയിൽ തന്റെ ജീവൻ രക്ഷിച്ച ഡോക്ടർമാരോടുള്ള നന്ദിസൂചകമായി ചേർത്തത്.

കോവിഡ് ബാധിതനായി നാലുദിവസം തീവ്രപരിചരണ വിഭാഗത്തിൽ കഴിയേണ്ടിവന്ന ബോറിസിനെ  ഡോക്ടർമാരായ നിക്ക് പ്രൈസും നിക്ക് ഹാർട്ടുമായിരുന്നു ചികിൽസിച്ചത്. ഇവരെ സ്മരിച്ചുകൊണ്ടാണ് കാരിയുടെ യഥാർഥ പേരായ ലോറയോടൊപ്പം മിഡിൽ നെയിമായി നിക്കോളാസ് എന്നുകൂടി ചേർത്തത്. കാരി സിമണ്ട്സ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വിൽഫ്രഡ് എന്ന പേര് ബോറിസിന്റെ മുത്തച്ഛന്റേതാണ്. 

മരണനിരക്കിൽ കുറവില്ല 

ലോക്ഡൗൺ ഇളവുകളെക്കുറിച്ച് ബ്രിട്ടൻ ചിന്തിക്കുമ്പോഴും രാജ്യത്തെ ഭയാനകമായ സ്ഥിതിവിശേഷത്തിനു കുറവില്ല. മരണസംഖ്യയിൽ യൂറോപ്പിൽ ഏറ്റവും മുന്നിലുള്ള ഇറ്റലിക്ക് ഒപ്പമെത്തി നിൽക്കുന്ന ബ്രിട്ടന് (28,131) ഇപ്പോഴും ആശ്വസിക്കാൻ പറ്റിയ കണക്കുകളൊന്നും പുറത്തുവരുന്നില്ല. ശനിയാഴ്ച മാത്രം മരിച്ചത് 621 പേരാണ്. ടെസ്റ്റിങ് സംവിധാനങ്ങൾ വിപുലമായതോടെ ദിനംപ്രതി രോഗികളാകുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. ദിവസേന ആറായിരത്തോളം പേരാണ് പുതുതായി കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവർ. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഇപ്പോൾ 182,260 ആണ്. 

റോൾസ് റോയ്സും ജെസിബിയും പ്രതിസന്ധിയിൽ

കോവിഡ് കാലത്തിനുശേഷം ബ്രിട്ടനിലെ സാമ്പത്തിക രംഗം നേരിടാൻ പോകുന്ന തകർച്ചയുടെയും തിരിച്ചടിയുടെയും കൂടുതൽ സൂചനകളാണ് ദിവസവും പുറത്തുവരുന്നത്. ഡിഗർ നിർമാതാക്കളായ ജെസിബിയുടെ രാജ്യത്തെ ഒമ്പത് നിർമാണ യൂണിറ്റുകളും മേയ് 31 വരെ പൂട്ടിയിടാൻ തീരുമാനിച്ചു. ഇതോടെ ഏഴായിരത്തോളം തൊഴിലാളികൾ ഒരുമാസംകൂടി പകുതി ശമ്പളത്തിനു വീട്ടിലിരിക്കേണ്ട സ്ഥിതിയിലായി.

വിമാന എൻജിൻ നിർമാതാക്കളായ റോൾസ് റോയ്സും പ്രതിസന്ധിയിലാണെന്നാണു വാർത്തകൾ. ലോകമാകെ വിമാനനിർമാണം കുറയ്ക്കേണ്ട സ്ഥിതിയായതോടെ 8,000 ജോലികളാണ് ഇവിടെ ഒറ്റയടിക്ക് നഷ്ടമാകുന്നത്. 52,000 പേർ ജോലിചെയ്യുന്ന റോൾസ് റോയ്സിന് ബ്രിട്ടനിൽ മാത്രം 23,000 ജീവനക്കാരാണുള്ളത്.

റോൾസ് റോയ്സിൽനിന്നും എൻജിൻ വാങ്ങിയിരുന്ന എയർബസ്, ബോയിങ് തുടങ്ങിയ കമ്പനികൾ വിമാനനിർമാണം മൂന്നിലൊന്നായി കുറച്ചതാണു പെട്ടെന്നുണ്ടായ പ്രതിസന്ധിക്കു കാരണം. ബ്രിട്ടിഷ് എയർവേസ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ പോലും ചിറകൊടിഞ്ഞ അവസ്ഥയിലാണ്. 

പ്ലാസ്മ ചികിൽസയ്ക്ക് സന്നദ്ധത

രാജ്യത്ത് രോഗം ഭേദമായവരുടെ രക്തം ഉപയോഗിച്ചുള്ള പ്ലാസ്മ ചികിൽസയ്ക്ക് സമ്മതമറിയിച്ച് 6500 പേർ റജിസ്റ്റർ ചെയ്തു. രോഗം ഭേദമായ 148 പേർ ഇതിനായി രക്തദാനത്തിനും തയാറായിട്ടുണ്ട്. അടുത്തദിവസം സെന്റ് തോമസ് ആശുപത്രിയിൽ ഈ ചികിൽസയ്ക്കു തുടക്കം കുറിക്കും. 

ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിക്കുന്നവരിൽ 52 ശതമാനം പേരും 80 വയസ്സിനു മുകളിൽ പ്രായമുള്ളവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 60 മുതൽ 80 വയസുവരെ പ്രായമുള്ളവരാണ് 39 ശതമാനം പേർ. എട്ടുശതമാനമാണ് 40നും 60നും മധ്യേ പ്രായമുള്ളവർ. 20 മുതൽ 40 വയസ് പ്രായമുള്ളവരിലെ മരണനിരക്ക് ഒരു ശതമാനമാണ്. 0.05 ശതമാനം പേർ മാത്രമാണ് മരിച്ചവരിൽ 20 വയസിൽ താഴെയുള്ളവരുടെ എണ്ണം.

ഇതുവരെ ഏറ്റവും അധികം മരണങ്ങൾ നടന്നത് ബർമിങ്ങാം യൂണിവേഴ്സിറ്റി ആശുപത്രിയിലാണ്- 767 പേർ. ഇത്തരത്തിൽ ഇതുകൂടാതെ പത്തോളം ആശുപത്രികളിൽ മാത്രം മുന്നൂറിലേറെ ആളുകൾവീതം  മരിച്ചു. ലോക്ഡൗൺ കാരണം വീടുകളിൽ ദുരിതം അനുഭവിക്കുന്നവരെയും മറ്റും സഹായിക്കാൻ 76 മില്യന്‍ പൗണ്ടിന്റെ പദ്ധതിയാണ് ബ്രിട്ടിഷ് സർക്കാർ പ്രഖ്യാപിച്ചത്.

കുടുംബകലഹം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഭവനരഹിതരായ നിരവധി ആളുകൾക്കും വേണ്ടിയുള്ള പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. ഇത്തരം പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കർമസമിതി രൂപീകരിക്കുമെന്നും കമ്യൂണിറ്റി സെക്രട്ടറി റോബർട്ട് ജെനറിക് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.  

English Summary: Boris Johnson names son after doctors who saved his life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com