ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്രം പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് നിരാശാജനകമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക്. പാക്കേജ് രാജ്യത്തെ രക്ഷിക്കുകയോ സ്വാശ്രയ ഇന്ത്യയെ സൃഷ്ടിക്കുകയോ ചെയ്യില്ല. തൊഴിലാളികൾക്ക് ഒന്നും കൊടുക്കാതെ പാക്കേജിനെക്കുറിച്ചു പറയുന്നതിൽ എന്താണ് അർഥമെന്ന് ധനമന്ത്രി ചോദിച്ചു. സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരമായി ചുരുങ്ങിയത് 75,000 കോടി രൂപ കേന്ദ്രം കൊടുക്കാനുണ്ട്. അതിനെക്കുറിച്ച് പാക്കേജിൽ ഒന്നും പറയുന്നില്ല. 

സംസ്ഥാനങ്ങളെ മാറ്റി നിർത്തി കോവിഡിനെതിരെ പോരാടാൻ കഴിയില്ല. സംസ്ഥാനങ്ങളുടേയും ജനങ്ങളുടെയും ചെലവിൽ പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ജനങ്ങൾക്ക് കേന്ദ്രസർക്കാർ ഒന്നും നൽകുന്നില്ല. കോവിഡ് പ്രതിരോധം നേരിട്ട് നടത്തുന്ന സംസ്ഥാനങ്ങൾ‌ക്കും സഹായമില്ല. മിനുക്ക് പണിക്കാണ് കേന്ദ്ര സർക്കാർ തയാറെടുക്കുന്നതെന്നാണ് ഇതിന്റെയെല്ലാം സൂചനയെന്നും ധനമന്ത്രി പറ‍ഞ്ഞു.

ഉത്തേജക പാക്കേജിൽ വ്യക്തത വരുത്താൻ കേന്ദ്ര ധനമന്ത്രിയുടെ പത്രസമ്മേളനം സഹായകരമായില്ല. 3 ലക്ഷം കോടി രൂപയുടെ വായ്പ സർക്കാരല്ല ബാങ്കാണ് കൊടുക്കുന്നത്. ഇങ്ങനെയാണോ 20 ലക്ഷം കോടി രൂപയുടെ കണക്കൊപ്പിക്കുന്നതെന്ന് ധനമന്ത്രി ചോദിച്ചു. നഗരമേഖലയിൽ വലിയ രീതിയിൽ തൊഴിൽ നഷ്ടപ്പെട്ടു. ലോക്ഡൗൺ കഴിഞ്ഞപ്പോൾ ആരുടെ കയ്യിലും പണം ഇല്ല. അടിയന്തരമായി വേണ്ടത് ജനങ്ങളിൽ പണം എത്തിക്കലാണ്. ഡിമാൻഡ് ഉണ്ടെങ്കിലേ ചെറുകിട വ്യവസായങ്ങൾ നിലനിൽക്കൂ. നേരത്തെ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയിൽ പാവങ്ങളുടെ സഹായം ഒതുങ്ങാൻ പോകുകയാണ്. അതിൽ 30,000 കോടി രൂപ തൊഴിലാളി ക്ഷേമനിധിയിൽനിന്നാണ്. അത് സംസ്ഥാനങ്ങൾ രൂപീകരിച്ചതാണ്. തൊഴിലുറപ്പ് പദ്ധതിക്ക് 30,000 കോടി രൂപ നൽകുമെന്നാണ് പറയുന്നത്. തൊഴിലുറപ്പ് അടുത്തകാലത്തൊന്നും തുടങ്ങാൻ കഴിയില്ല. ആകെ ജൻധൻ അക്കൗണ്ടിലെ 1,500 രൂപയാണ് ജനത്തിനു കിട്ടിയത്. ഇത് അപര്യാപ്തമാണ്. കുടിയേറ്റ തൊഴിലാളികൾ വീടെത്തുമ്പോൾ അവരുടെ കയ്യിൽ ഒന്നും ഉണ്ടാകില്ല.  

ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് 3 ലക്ഷം കോടിയുടെ വായ്പ നൽകുന്നത് നല്ല കാര്യമാണെന്ന് ധനമന്ത്രി പറഞ്ഞു. ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ പ്രശ്നം അവർ എടുത്ത വായ്പകൾ കുടിശികയായി കിടക്കുന്നതാണ്. അതിന് 3 മാസം മൊറട്ടോറിയം കൊടുത്തു. ഇപ്പോൾ 3 മാസം നീട്ടി. ഈ പലിശ ആരുകൊടുക്കുമെന്ന് ധനമന്ത്രി ചോദിച്ചു. മൊറട്ടോറിയം കാലത്തെ പലിശ കേന്ദ്രവും ബാങ്കും വഹിക്കണമെന്നാണ് മുഖ്യന്ത്രി ആവശ്യപ്പെട്ടത്. 1 വർഷത്തേക്ക് മൊറട്ടോറിയം നീട്ടണം. അതിന്റെ പലിശ കേന്ദ്രം ഏറ്റെടുക്കണം. അതൊന്നും ചെയ്യാതെ കൈ നനയാതെ മീൻ പിടിക്കുകയാണ് കേന്ദ്രസർക്കാർ. എല്ലാം ബാങ്കുകളുടെ ചുമരിൽ വയ്ക്കുന്നു. ചെറുകിട, ഇടത്തരം, നാമമാത്ര സംരംഭങ്ങൾക്ക് പാക്കേജിലൂടെ ഒരു ഉത്തേജനവും ലഭിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: Finance minister Thomas Issac on covid package Atmanirbhar Bharat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com