sections
MORE

ഭീകരര്‍ എത്തിയത് അമ്മമാരെ കൊല്ലാന്‍; നേരെ പ്രസവവാര്‍ഡിലെത്തി തുടരെ വെടിയുതിര്‍ത്തു

afgan-terror-attack
ദഷത് ഇ ബറാച്ചി ആശുപത്രിയില്‍ ഭീകാരക്രമണത്തിൽ അമ്മമാർ കൊല്ലപ്പെട്ടതിനെ തുടർന്ന് അനാഥരായ കുഞ്ഞുങ്ങളെ പരിചരിക്കുന്ന നഴ്സുമാർ
SHARE

കാബുള്‍∙ അഫ്ഗാനിസ്ഥാനില്‍ ആശുപത്രി ആക്രമിച്ച ഭീകരര്‍ രണ്ട് നവജാത ശിശുക്കളെയും അമ്മമാരെയും നഴ്‌സുമാരെയും ഉള്‍പ്പെടെ 24 പേരെ വെടിവച്ചു കൊന്ന സംഭവത്തിന്റെ ഞെട്ടലില്‍നിന്നു വിമുക്തമായിട്ടില്ല കാബൂള്‍ നിവാസികള്‍. കാബൂളിലെ ദഷത് ഇ ബറാച്ചി ആശുപത്രിയില്‍ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. അമ്മമാരെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ചു തന്നെയാണ് ആയുധധാരികളായ ഭീകരര്‍ എത്തിയത്. 

ആശുപത്രിയിലെത്തിയ ഭീകരര്‍ കവാടത്തിനു സമീപത്തുള്ള പല വാര്‍ഡുകളും മറികടന്നാണ് പ്രസവവാര്‍ഡിലെത്തിയത്. അതുകൊണ്ടു തന്നെ ഇതൊരു അബദ്ധമായിരുന്നില്ല, കരുതിക്കൂട്ടി ചെയ്തതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. അമ്മമാരെ കൊല്ലാനുറപ്പിച്ചാണ് ഭീകരര്‍ എത്തിയതെന്ന് ആശുപത്രി സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസിലാകുമെന്ന് അധികൃതര്‍ പറയുന്നു. 

പല വാര്‍ഡുകളിലൂടെയും നടന്ന ഭീകരര്‍ പ്രസവ വാര്‍ഡില്‍ തന്നെയെത്തി കട്ടിലില്‍ കിടന്ന അമ്മമാരെ വെടിവയ്ക്കുകയായിരുന്നു. 55 കിടക്കകളുള്ള പ്രസവവാര്‍ഡില്‍ മൂന്നു ഭീകരരാണു വെടിവയ്പ് നടത്തിയത്. 26 സ്ത്രീകളാണു വാര്‍ഡില്‍ ഉണ്ടായിരുന്നത്. ചിലര്‍ അമ്മമാരും ചിലര്‍ ഗര്‍ഭിണികളുമായിരുന്നു. വെടിയൊച്ച കേട്ട് ചിലര്‍ക്ക് മറ്റു മുറികളിലേക്ക് ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞു. എന്നാല്‍ പൂര്‍ണഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഭൂരിഭാഗം പേരും വെടിയേറ്റു വീണു. കട്ടിലില്‍ കിടന്നിരുന്ന പിഞ്ചുകുഞ്ഞുങ്ങളും പിടഞ്ഞുമരിച്ചു. 

അടുത്തിടെ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ഉള്‍പ്പെടെ വെടിവയ്പില്‍ പരുക്കേറ്റിട്ടുണ്ട്. ആമിന എന്ന പിഞ്ചുകുഞ്ഞിന്റെ കാലിലാണു വെടിയേറ്റത്. ഒരു ശസ്ത്രക്രിയ കഴിഞ്ഞു. കൂടുതല്‍ ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. അക്രമത്തില്‍നിന്നു രക്ഷപ്പെട്ട പല അമ്മമാരും അതിന്റെ ഞെട്ടലില്‍നിന്നു മുക്തരായിട്ടില്ല. ഭീകരരും അഫ്ഗാന്‍ സേനയും തമ്മില്‍ നാലു മണിക്കൂറാണ് വെടിവയ്പ് നടന്നത്. ഭീകരരെ എല്ലാം വകവരുത്തി. 

വെടിവയ്പ് നടക്കുന്നതിനിടെ ആശുപത്രിയില്‍ ഒരു സ്ത്രീ കുഞ്ഞിനു ജന്മം നല്‍കി. ഒരു മിഡ്‌വൈഫാണ് ഈ വിവരം പുറത്തുവിട്ടത്. വെടിയൊച്ച കേട്ട് സുരക്ഷിതമായ മുറിയിലേക്ക് തനിക്കൊപ്പം ഓടിക്കയറിയവരില്‍ ഒരു പൂര്‍ണഗര്‍ഭിണിയും ഉണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

കരച്ചില്‍ ഉള്‍പ്പെടെ യാതൊരു ശബ്ദവും പുറത്തു കേള്‍ക്കാതെ ഏറെ ശ്രമപ്പെട്ടാണു കുഞ്ഞിനെ പുറത്തെടുത്തത്. ടൊയ്‌ലറ്റ് പേപ്പറുകളും കുറച്ചു തുണികളും അല്ലാതെ ഒന്നും മുറിയിലുണ്ടായിരുന്നില്ല. വെറുംകൈയിലേക്കാണു കുഞ്ഞിനെ എടുത്തത്. പൊക്കിള്‍ക്കൊടി കൈ കൊണ്ടു തന്നെ വേര്‍പെടുത്തുകയായിരുന്നു. തല മൂടിയിരുന്ന തുണി അഴിച്ചാണ് കുഞ്ഞിനെയും അമ്മയെയും പുതപ്പിച്ചത്. ദിവസങ്ങളായി നിരവധി പേരുടെ ജീവനെടുത്ത് ശക്തമായ ഭീകരാക്രമണങ്ങളാണ് അഫ്ഗാന്റെ വിവിധയിടങ്ങളില്‍ നടക്കുന്നത്.

English Summary: Afghan maternity ward attackers 'came to kill the mothers'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA