ADVERTISEMENT

തിരുവനന്തപുരം∙ ബാങ്കിൽനിന്ന് 50 പവനും 50,000 രൂപയും എടുത്തിറങ്ങിയ ആളെ റോഡിൽനിന്ന് സ്കൂട്ടർ ഉൾപ്പെടെ കാണാതായ സംഭവം തെളിയിക്കാൻ പരക്കം പായുകയാണ് ആര്യനാട് പൊലീസ്. കുളപ്പട സുവർണ നഗർ ഏദൻ നിവാസിൽ കെ. മോഹനനെയാണ് (56) ബാങ്കിൽനിന്ന് വരുന്ന വഴി സ്കൂട്ടർ ഉൾപ്പെടെ മേയ് 8ന് കാണാതായത്.

കരകുളത്തിന് അടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളിൽ മോഹനൻ സ്കൂട്ടറിൽ പോകുന്നത് കാണാമെങ്കിലും സ്കൂട്ടറിനെക്കുറിച്ചോ ആളിനെക്കുറിച്ചോ 11 ദിവസമായി യാതൊരു വിവരവുമില്ല. ലോക്ഡൗണിൽ സഞ്ചാര നിയന്ത്രണമുള്ള സമയത്താണ് മോഹനനെ കാണാതായത്.

ഭാര്യാ സഹോദരൻ പറണ്ടോട്ട് നടത്തുന്ന ഫിനാൻസ് സ്ഥാപനത്തിൽ 10 വർഷമായി മോഹനൻ ജോലി ചെയ്യുന്നു. അവിടെനിന്ന് സ്വർണം പേരൂർക്കട സർവീസ് സഹകരണ ബാങ്കിൽ കൊണ്ടുപോയി പണയം വയ്ക്കുന്നതും തിരികെ എടുക്കുന്നതും വർഷങ്ങളായി മോഹനനാണ്. പതിവുപോലെ മേയ് 8ന് ബാങ്കിൽ പോയി തിരികെ വരുന്നതിനിടെയാണ് ദുരൂഹമായ അപ്രത്യക്ഷമാകൽ. പേരൂർക്കട– നെടുമങ്ങാട് റോഡിൽ കരകുളം പഞ്ചായത്ത് ഓഫിസിനു സമീപം വരെ മോഹനൻ എത്തിയതായി തെളിവു ലഭിച്ചു. 

cc-tv-mohanan
കാണാതായ മോഹനൻ

കരകുളം അഴീക്കോടീന് അടുത്ത് ഇഷ്ടിക കമ്പനിയുടെ സമീപത്തെ കടയിലെ സിസിടിവികളിൽ 11.02ന് മോഹനൻ സ്കൂട്ടറിൽ കടന്നുപോയതായി കാണുന്നുണ്ട്. എന്നാൽ പോകുന്ന വഴിയിൽ അരുവിക്കര, മുണ്ടേല ഭാഗത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ മോഹനന്റെ യാത്ര ഇല്ല. 8 ന് രാവിലെ ഈ ഭാഗങ്ങളിൽ വൈദ്യുതി ഇല്ലാത്തതിനാൽ പല കടകളുടെയും സിസിടിവി പ്രവർത്തിച്ചിരുന്നില്ല.  

mohanan-missing

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും തുമ്പൊന്നും ലഭിച്ചില്ല. മോഹനൻ ഓടിച്ചിരുന്ന സ്കൂട്ടർ ഉൾപ്പെടെ കാണാതായത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. തെങ്കാശിയിലേക്കു പോകുന്ന പ്രധാന റോഡിൽനിന്ന് ആളെ തട്ടിക്കൊണ്ടുപോകുന്നത് എളുപ്പമല്ലെന്ന് പൊലീസ് പറയുന്നു. ബാങ്കിൽനിന്ന് ഇറങ്ങിയ മോഹനനെ ഏതെങ്കിലും വാഹനങ്ങൾ പിന്തുടർന്നിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. 

mohanana-tvm-missing

മോഹനന് സാമ്പത്തിക ബാധ്യതയില്ലെന്നു ബന്ധുക്കൾ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് ബാങ്കിലേക്ക് കൊണ്ടുപോകുന്ന സ്വർണം കുറവായിരുന്നു. മുൻപ് ഇതിനേക്കാൾ അളവ് സ്വര്‍ണം കൊണ്ടു പോയിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കുന്നു. അതിർത്തികൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. ജില്ല വിട്ടുപോകാനുള്ള സാധ്യത കുറവാണെന്നു പൊലീസ് പറയുന്നു. അന്വേഷണം നടക്കുകയാണെന്നും സഹായകരമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. കേസിലെ അന്വേഷണ പുരോഗതി ഡിഐജി വിലയിരുത്തി. 

അന്വേഷണത്തിന് പ്രത്യേക സംഘം

മോഹനന്റെ തിരോധാനം അന്വേഷിക്കുന്നത് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിൽ. ആര്യനാട് ഇൻസ്പെക്ടർ യഹിയ, അരുവിക്കര ഇന്‍സ്പെക്ടർ ഷിബു എന്നിവരുടെ നേതൃത്വത്തിൽ 5 ടീം ആയി തിരിഞ്ഞാണ് അന്വേഷണം.

cc-tv-tvm

കാണാതായ ദിവസം മോഹനന്റെ യാത്ര:

∙ 7.50 ന് കെഎൽ 21 പി 2105 സ്കൂട്ടറിൽ വീട്ടിൽനിന്ന് ഇറങ്ങി.

∙ 8.30 ന് പേരൂർക്കട ബാങ്കിലേക്ക് (പ്രഭാത ശാഖ).

∙ 10.50 ന് ബാങ്കിൽനിന്ന് ഇറങ്ങി (ഇതിനിടെ സ്വർണം പണയം വയ്ക്കുകയും പഴയ സ്വർണം തിരികെ എടുക്കുകയും ചെയ്തു. കയ്യിൽ 50,000 രൂപയും).

∙ ബാങ്കിന് അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽനിന്ന് മരുന്നുകൾ വാങ്ങി മടങ്ങുന്നു.

∙ 11.09 ന് കരകുളത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ വരെ മോഹനന്റെ യാത്ര വ്യക്തം.

English Summary: Mystery deepens over Thiruvananthapuram missing Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com