ADVERTISEMENT

ഹൈദരാബാദ്∙ റോഡിലിറങ്ങിയ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍നിന്നു രണ്ടുപേര്‍ തലനാരിഴയ്ക്കു രക്ഷപ്പെടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഒരാളുടെ കാലില്‍ പുള്ളിപ്പുലി കടിച്ചുവലിച്ചെങ്കിലും അയാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. തെരുവുനായ്ക്കളാണു പുള്ളിപ്പുലിയെ തുരത്തി ഓടിച്ചത്. നായ്ക്കള്‍ക്കു നേരെ പുലി ചീറിയടുക്കുന്നതും വിഡിയോയില്‍ കാണാം. വ്യാഴാഴ്ച രാവിലെയാണു സംഭവം.

രണ്ടു പേര്‍ ഭയന്നോടുന്നതാണു വിഡിയോയില്‍ ആദ്യം കാണുന്നത്. ഒരാള്‍ ഓടി അടുത്തുള്ള ലോറിയില്‍ കയറി. രണ്ടാമന്‍ തെരുവിലെ ഒരു കടയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു പരാജയപ്പെട്ടു വീണ്ടും റോഡിന് എതിര്‍വശത്തുള്ള ലോറിക്കരികിലേക്കു തന്നെ തിരിച്ചോടി. ഇയാള്‍ ലോറിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കുതിച്ചെത്തിയ പുള്ളിപ്പുലി കാലില്‍ കടിച്ചു വലിച്ചു. പെട്ടെന്നുള്ള ആക്രമണത്തില്‍ താഴെ വീഴാന്‍ തുടങ്ങിയെങ്കിലും കാല്‍ കുടഞ്ഞു പുള്ളിപ്പുലിയുടെ കടി വിടുവിച്ച് വീണ്ടും ലോറിയിലേക്കു തന്നെ കയാറാന്‍ കഴിഞ്ഞതു ഭാഗ്യമായി.

ഇതോടെ റോഡിന്റെ മറുഭാഗത്തേക്ക് ഓടിയ പുള്ളിപ്പുലിയെ ക്ഷണനേരം കൊണ്ടു തെരുവുനായ്ക്കള്‍ വളഞ്ഞു. നായ്ക്കളുടെ ആക്രമണത്തില്‍ പകച്ച പുലി അവയ്ക്കു നേരെ ചീറിയടുക്കുന്നതും വിഡിയോയില്‍ ഉണ്ട്. ഒടുവില്‍ പരിക്ഷീണനായ പുലി ലോറിക്കടിയിലൂടെ നടന്നുനീങ്ങുന്നതും കാണാം. ഇതോടെയാണു ലോറിയില്‍ ഓടിക്കയറിയവര്‍ക്കു ശ്വാസം നേരെ വീണത്. ചീറിയെത്തിയ മരണത്തിന്റെ മുഖത്തുനിന്നു രക്ഷപ്പെട്ടത്തിന്റെ ആശ്വാസവും.

വിഡിയോ വൈറലായതോടെ പൊലീസ് കളത്തിലിറങ്ങി. പൊലീസ് നായ്ക്കള്‍ പുലിയെ ഹൈദരാബാദ് കാര്‍ഷിക സര്‍വകലാശാലയ്ക്കു സമീപത്തുള്ള കുളത്തിനരികില്‍ വരെ പിന്തുടന്നെങ്കിലും പിന്നീടു കണ്ടെത്താന്‍ കഴിഞ്ഞില്ല. ലോക്ഡൗണിൽ വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

English Summary: Stray Dogs Corner Leopard After It Attacks Man In Hyderabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com