ADVERTISEMENT

തിരുവനന്തപുരം∙ മഴക്കാലത്തെ നേരിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആക്‌ഷൻ പ്ലാൻ തയാറാക്കി. കോവിഡ് കാലമായതിനാൽ ക്യാംപുകൾ തയാറാക്കുന്നതിന് 101 മാർഗനിർദേശങ്ങളാണ് തയാറാക്കിയിരിക്കുന്നത്. തദ്ദേശ സ്ഥാപനത്തില്‍ ചുരുങ്ങിയത് നാല് ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിക്കാന്‍ ആവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തി ഇവയുടെ പട്ടിക വില്ലേജ് ഓഫിസര്‍ വഴി ജില്ലാ ഭരണകൂടത്തിന് കൈമാറണം. കെട്ടിടങ്ങളെ നാലായി തിരിച്ചിട്ടുണ്ട്.

പൊതുവായ ദുരിതാശ്വാസ ക്യാംപുകള്‍ നടത്താനുള്ള കെട്ടിടങ്ങളാണ് ഒന്നാമത്തെ വിഭാഗത്തിൽ‌. 60 വയസിന് മുകളിലുള്ളവര്‍ ദുരിതാശ്വാസ ക്യാംപില്‍ എത്തിയാല്‍ അവരെ പ്രത്യേകം താമസിപ്പിക്കാനുള്ളതാണ് രണ്ടാമത്തെ വിഭാഗത്തിലുള്ള കെട്ടിടങ്ങൾ. കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരെ മാറ്റി താമസിപ്പിക്കുവാനായി മുറിയോട് ചേര്‍ന്ന് ശുചിമുറി സംവിധാനങ്ങൾ ഉള്ള കെട്ടിടങ്ങളാണ് മൂന്നാമത്തെ വിഭാഗത്തിൽ.

ഹോം ക്വാറന്റീനിൽ കഴിയുന്ന വ്യക്തികളെ താമസിപ്പിക്കാന്‍ മുറിയോടു ചേര്‍ന്നു ശുചിമുറി സംവിധാനങ്ങൾ ഉള്ള കെട്ടിടങ്ങളാണ് നാലാമത്തെ വിഭാഗത്തിൽ. ഹോം ക്വാറന്റീന്‍ സമയം കഴിയുന്ന മുറയ്ക്ക്, ആരോഗ്യ വകുപ്പിന്‍റെ അനുമതിയോടെ പൊതു ക്യാംപുകളില്‍ (ഒന്നാം വിഭാഗത്തിലുള്ള കെട്ടിടത്തില്‍) താമസിപ്പിക്കാം. ഒന്ന്, രണ്ട് വിഭാഗങ്ങളിലുള്ള കെട്ടിടങ്ങൾ ഒരേ ക്യാംപസില്‍ ആകാം.

എന്നാല്‍ മൂന്നു, നാല് വിഭാഗങ്ങളിലുള്ള കെട്ടിടങ്ങൾ മറ്റൊരു ക്യാംപസില്‍ ആകുന്നതാണ് ഉചിതമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. ക്യാംപില്‍ 60 വയസിന് മുകളില്‍ ഉള്ളവര്‍ ഉണ്ടെങ്കില്‍ അത്തരത്തിലുള്ള എല്ലാവരെയും ക്യാംപിലെ തന്നെ രണ്ടാം കെട്ടിടത്തില്‍ താമസിപ്പിക്കണം. ഇവരുമായി പ്രായംകുറഞ്ഞ ക്യാംപ് അംഗങ്ങളുടെ ഇടപെടല്‍ പരമാവധി ഒഴിവാക്കണം. ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനു പ്രത്യേകം സ്ഥലം ക്യാംപില്‍ ഒരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

English Summary: Disaster Management Authority's Action pkan to deal with Monsoon Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com