ADVERTISEMENT

കൊച്ചി∙ കോവിഡ്–19 രോഗികളുടെ വിവര വിശകലനത്തിൽനിന്ന് സ്പ്രിൻക്ലറിനെ ഒഴിവാക്കിയതായി സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഇനി കോവിഡ് ഡാറ്റാ ശേഖരണവും വിശകലനവും നടത്തുന്നതിനുള്ള ചുമതല സിഡിറ്റിനായിരിക്കും. സ്പ്രിൻക്ലർ ആപ്പിനെ സിഡിറ്റിന്റെ ആമസോൺ ക്ലൗഡുമായി ബന്ധിപ്പിച്ചതായും സർക്കാർ കോടതിയിൽ അറിയിച്ചു.

സ്പ്രിൻക്ലർ കമ്പനിയുമായി സർക്കാരിന് കരാർ ഉള്ളത് സമയാ സമയങ്ങളിലെ അപ്ലിക്കേഷൻ അപ്ഡേഷന് മാത്രമായിരിക്കും. അതുപോലെ സിഡിറ്റിന്റെ ആമസോൺ ക്ലൗഡ്‌ അക്കൗണ്ടിലേക്ക് സ്പ്രിൻക്ലർ കമ്പനിയിലെ ജീവനക്കാർക്ക് അനുമതി ഉണ്ടാവില്ല. ഏതെങ്കിലും കാരണവശാൽ പ്രവേശനം വേണ്ടി വന്നാൽ വ്യക്തിവിവരങ്ങൾ മറച്ചു വച്ചായിരിക്കും ഇതിന് അനുവദിക്കുക.

സ്പ്രിൻക്ലറിന്റെ കൈവശം ഉള്ള ഡേറ്റകൾ നശിപ്പിക്കുന്നതിന് അവർക്കു നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനു മുമ്പ് രോഗികളുടെ അനുമതിപത്രം വാങ്ങും. പൗരന്മാരുടെ സ്വകാര്യതയ്ക്കാണു സർക്കാർ ഏറ്റവും അധികം പ്രാധാന്യം നൽകുന്നത്. അതു സർക്കാർ ബഹുമാനിക്കുന്നുണ്ടെന്നും കോടതിയിൽ അറിയിച്ചു.

കരാർ റദ്ദാക്കിയ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെയും ഹർജികൾ നിലനിൽക്കില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഹർജികളിലെ ആരോപണങ്ങൾ ഊഹാപോഹങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണെന്നും പറഞ്ഞിട്ടുണ്ട്.

നേരത്തെ സ്പ്രിൻക്ലർ ജീവനക്കാർക്ക് ആവശ്യമെങ്കിൽ ക്ലൗഡിലേയ്ക്ക് ആക്സസ് നൽകുമെന്നാണ് അറിയിച്ചിരുന്നത്. ആ സാഹചര്യത്തിലാണ് വിവരങ്ങൾ അനോണിമൈസ് ചെയ്യണം എന്ന് കോടതി ആവശ്യപ്പെട്ടത്. നിലവിൽ വിശകലനത്തിൽ ഇനി സ്പ്രിൻക്ലറിന് ഇടപെടാനാകില്ല.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ വിദേശത്ത് റജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനിക്ക് കൈമാറിയതിൽ അഴിമതി ആരോപിച്ചായിരുന്നു പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്. കരാറിന്റെ നടപടിക്രമങ്ങളിലുണ്ടായ വീഴ്ചയും ഉയർത്തിയരുന്നു. ഇതേ തുടർന്ന് ഇരു പക്ഷത്തിന്റെയും വാദം കേട്ട കോടതി കർശന ഉപാധികളോടെ കരാറുമായി മുന്നോട്ടു പോകാൻ സർക്കാരിന് അനുമതി നൽകുകയായിരുന്നു. അസാധാരണ സാഹചര്യം എന്ന നിലയിലായിരുന്നു കോടതിയുടെ അനുമതി.

ഈ സാഹചര്യത്തിലാണ് സ്പ്രിൻക്ലറുമായുള്ള കരാർ റദ്ദാക്കി കമ്പനിയുടെ അപ്ലിക്കേഷൻ മാത്രം ഉപയോഗിച്ച് രോഗികളുടെ വിവരങ്ങൾ വിശകലനം ചെയ്യുന്നത് സിഡിറ്റിനെ ഏൽപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

English Summary: Covid data row, govt cancel contract with Sprinkler 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com