ADVERTISEMENT

കറാച്ചി∙ പാക്കിസ്ഥാനിൽ തകർന്നുവീണ യാത്രാവിമാനത്തിൽ മൂന്നു പേർ മാത്രമാണു രക്ഷപ്പെട്ടതെന്ന് സർക്കാർ വൃത്തങ്ങൾ. 99 യാത്രക്കാരിൽ 45 പേർ മരിച്ചതായാണ് രാത്രി 11 വരെയുള്ള റിപ്പോർട്ട്. ബാങ്ക് ഓഫ് പഞ്ചാബ് ജീവനക്കാരനായ സഫർ മഹ്മൂദാണ് അദ്ഭുതകരമായി രക്ഷപ്പെട്ടവരിൽ ഒരാളെന്ന് സിന്ധ് പ്രവിശ്യ വക്താവ് അബ്ദുർ റാഷിദ് പറഞ്ഞു. സഫറിന്റെ ആരോഗ്യം സംബന്ധിച്ച് സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷായും വിവരങ്ങൾ തേടി. സഫർ സംസാരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇദ്ദേഹത്തോടൊപ്പം മറ്റു രണ്ടു പേരും ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടതായാണു വിവരം.

91 യാത്രക്കാരും എട്ടു ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ എയർബസ് എ320 വിമാനമാണ് കറാച്ചി ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപം തകർന്നുവീണത്. ഒരാൾ പോലും അപകടത്തെ അതിജീവിക്കാൻ സാധ്യതയില്ലെന്നു കറാച്ചി മേയർ വസീം അക്തർ പറഞ്ഞതിനു പിന്നാലെയാണ് സഫറിന്റെ വാർത്ത പുറത്തുവന്നത്. വിമാനത്തിൽ 31 വനിതകളും 9 കുട്ടികളുമുണ്ടായിരുന്നു. 16 വർഷം പഴക്കമുള്ളതാണു വിമാനമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു.‌

വിമാനത്താവളത്തിൽ ലാൻഡിങ്ങിനുള്ള ശ്രമത്തിനിടെ രണ്ട് എൻജിനുകളും തകരാറിലായെന്ന് പൈലറ്റ് കൺട്രോൾ ടവറിലേക്ക് സന്ദേശം അയച്ചിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തുടർന്ന് വിമാനത്താവളത്തിലെ രണ്ട് റൺവേകളിൽ ഏതെങ്കിലുമൊന്നിൽ ലാൻഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കി. ആദ്യ ശ്രമം പരാജയപ്പെട്ട് രണ്ടാമത്തെ ലാൻഡിങ്ങിനിടെ സഹായം അഭ്യർഥിക്കുന്ന ‘മേയ്ഡേ’ സന്ദേശവും പൈലറ്റിൽനിന്നെത്തി. അതിനുശേഷം എല്ലാ ആശയവിനിമയങ്ങളും നിലച്ചെന്നും റിപ്പോർട്ടിലുണ്ട്. വെള്ളി ഉച്ചയ്ക്ക് 2.17നായിരുന്നു സംഭവം. വിമാനത്തിന്റെ ലാൻഡിങ് ഗിയർ പ്രവർത്തിക്കാത്തതാണു പ്രശ്നമെന്നാണ് പ്രാഥമിക നിഗമനമെന്ന് വ്യോമയാന മന്ത്രി ഗുലാം സർവർ പറഞ്ഞു.

PAKISTAN-AVIATION-ACCIDENT
കറാച്ചിയിൽ വിമാനാപകടം നടന്ന സ്ഥലത്ത് തീയണയ്ക്കാനുള്ള ശ്രമം.

ഒട്ടേറെ പേര്‍ തിങ്ങിപ്പാർക്കുന്ന ജനവാസ മേഖലയിലാണ് വിമാനം ഇടിച്ചിറക്കിയത്. ഒട്ടേറെ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകളുണ്ട്. വിമാനത്തിന്റെ ഇരുചിറകുകളും തീപിടിച്ച് കെട്ടിടങ്ങളിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആദ്യം ഒരു മൊബൈൽ ടവറിലാണ് വിമാനം ഇടിച്ചിറക്കിയത്. തകർന്ന വീടുകളിൽനിന്ന് ഇതുവരെ 4 മൃതദേഹം കണ്ടെത്തി. വീടുകളിലുണ്ടായിരുന്ന, പരുക്കേറ്റ, 25–30 പേരെ ആശുപത്രികളിലേക്കെത്തിച്ചു. അപകടസ്ഥലത്തേക്കുള്ള ഇടുങ്ങിയ വഴികളും വൻതോതിൽ ജനം തടിച്ചുകൂടിയതും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന വിമാനസർവീസുകൾ ആരംഭിച്ച് ഒരാഴ്ച കഴിയുമ്പോഴാണ് പാക്കിസ്ഥാനിൽ ദുരന്തം. ലഹോറിൽനിന്ന് കറാച്ചിയിലേക്ക് വരികയായിരുന്നു വിമാനം. വിമാനത്താവളത്തിനു സമീപത്തെ മോഡൽ കോളനിയിലെ ജിന്ന ഗാർഡനിലാണ് വിമാനം ക്രാഷ് ലാൻഡിങ് ചെയ്തത്. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. 2016 ഡിസംബർ ഏഴിന് ഇസ്‌ലാമാബാദിലേക്കുള്ള വിമാനം തകർന്ന് 48 പേർ മരിച്ചതിനു ശേഷം പാക്കിസ്ഥാനിലുണ്ടായ ഏറ്റവും വലിയ അപകടമാണിത്. 2010ൽ ഇസ്‌ലാമാബാദിലുണ്ടായ പാക്കിസ്ഥാനിലെ ഏറ്റവും വലിയ വിമാനാപകടത്തിൽ 152 പേർ മരിച്ചിരുന്നു.

English Summary: At least two passengers survived; Pakistan crash pilot sent Mayday with 'lost engines'

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com