ADVERTISEMENT

മുംബൈ ∙ കേരളത്തിന്റെ കോവിഡ് പ്രതിരോധം ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിനെ വിമർശിച്ച ബിജെപിക്കു അതേ നാണയത്തിൽ മറുപടിയുമായി ശിവസേന. മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണു സംസ്ഥാന ബിജെപിയെ കുറ്റപ്പെടുത്തുന്നത്. കോവിഡ് നേരിടുന്നതിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ പരാജയമാണെന്നു സ്ഥാപിക്കാൻ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിനെ കഴിഞ്ഞ ദിവസം ബിജെപി മഹാരാഷ്ട്ര ഘടകം പുകഴ്‍ത്തിയിരുന്നു.

‘ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ കേരള മോഡലിനെക്കുറിച്ച് നന്നായി പഠിച്ചിട്ടില്ലെന്നാണു തോന്നുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിന്റെ കോവിഡ് നിർദേശങ്ങൾ പിന്തുടരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വിഡിയോ കോൺഫറൻസ് സമയം പാഴാക്കലായാണു പിണറായി ചിന്തിക്കുന്നത്’– മുഖപ്രസംഗം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയ്ക്കു പകരം ചന്ദ്രകാന്ത് പാട്ടീലും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കേരളത്തിലാണു സമരം നടത്തേണ്ടതെന്നും ശിവസേന പരിഹസിച്ചു.

രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിനു പ്രധാനമന്ത്രി ചുക്കാൻ പിടിക്കുന്നു. മഹാമാരിക്കെതിരായ പോരാട്ടത്തിൽ സംസ്ഥാനത്തിന് എന്തെങ്കിലും നിർദേശം തരാനുണ്ടെങ്കിൽ പ്രതിപക്ഷത്തിന് അതാവാം. മുഖ്യമന്ത്രിയുമായി അവർക്കു ചർച്ച നടത്താം. അങ്ങനെ ചെയ്യുന്നതിൽ പ്രതിപക്ഷത്തിനു നാണക്കേടുണ്ടോ? അതോ അവർക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടോ?– ശിവസേന ചോദിച്ചു.

സംസ്ഥാനത്തെ കോവിഡ് വ്യാപനം ശിവസേനയും എൻസിപിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാ വികാസ് അഘാഡി സർക്കാരിന്റെ ഭരണപരാജയമാണെന്നാണ് ബിജെപിയുടെ ആരോപണം. മഹാരാഷ്ട്ര സർക്കാരിന്റെ പിടിപ്പുകേടിനെക്കുറിച്ചു വിവരിക്കാനാണു കേരള സർക്കാരിനെ പാട്ടീൽ പുകഴ്ത്തിയത്. മുംബൈയിലെ ആരോഗ്യമേഖല പൂർണമായും തകർന്നെന്ന് ആരോപിച്ച പാട്ടീൽ പാവപ്പെട്ടവർക്കു പാക്കേജ് പ്രഖ്യാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞിരുന്നു.

English Summary: "Kerala Chief Minister Feels PM's Meets Waste Of Time": Shiv Sena's Dig At BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com