എണ്ണത്തിൽ കുതിച്ചുകയറ്റം; മരണനിരക്ക് കുറവ്: ഇന്ത്യയുടെ കോവിഡ് കണക്കുകൾ

INDIA-HEALTH-VIRUS
SHARE

ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. മേയ് 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ശരാശരി 3829 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് മേയ് 16 മുതൽ 21 വരെയുള്ള തീയതികളിൽ 5407 എന്ന രീതിയിലേക്ക് കേസുകൾ ഉയർന്നു. പ്രതിദിന കോവിഡ് കേസുകളിൽ ഇന്നും റെക്കോർഡ് വർധനയാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6654 പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്ത്. ഒരു ദിവസമുണ്ടാകുന്ന രോഗികളുടെ എണ്ണത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ സംഖ്യയാണിത്.

എന്നാൽ മേയ് മൂന്നിന് അവസാനിച്ച രണ്ടാംഘട്ട ലോക്ഡൗണിനു ശേഷം, കൂടുതൽ ഇളവുകൾ നിലവിൽ വന്നതിനു പിന്നാലെയുള്ള ഈ കണക്കുകൾ അധികം അത്ഭുതപ്പെടുത്തുന്നവയല്ല. മേയ് 17 ന് ആരംഭിച്ച് നാലാംഘട്ട ലോക്ഡൗണിൽ നിയന്ത്രണങ്ങൾ ഏറെക്കുറെ പൂർണമായും മാറ്റുകയും ചെയ്തു. മാത്രമല്ല കോവിഡ് ടെസ്റ്റുകൾ ഇന്ത്യ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ജൂൺ മാസത്തോടെ കോവി‍ഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യയിൽ വൻ വർധന ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. എന്നിരുന്നാലും ഇന്ത്യയിൽ കേസുകളുടെ വർധനവ് ഭയപ്പെടുന്നത്ര അടുത്ത് വന്നിട്ടില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കേസുകളുടെ വർധന ഇതുവരെ ഒരേ അളവിലാണ് മുന്നോട്ട് പോയതെന്നും അതിൽ ക്രമാതീതമായുള്ള മാറ്റം വരാൻ സാധ്യതയുണ്ടെന്നുമാണ് ഇവർ അഭിപ്രായപ്പെടുന്നത്.

എന്നാൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോഴും മരണനിരക്ക് ഇപ്പോഴും ഇന്ത്യയിൽ കുറവാണ്. ലോകരാജ്യങ്ങളുടെ കോവിഡ് കണക്കുകൾ രേഖപ്പെടുത്തുന്ന വേൾഡോ മീറ്റേഴ്സിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഒറ്റ ദിവസം 200 മരണങ്ങൾ ഇതുവരെ ഒരു ദിവസം പോലും രേഖപ്പെടുത്തിയിട്ടില്ല. മേയ് നാലിന് 174 പേർ മരിച്ചതാണ് ഇതുവരെ ഇന്ത്യയുടെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണസംഖ്യ.

കഴിഞ്ഞ നാലു ദിവസങ്ങളായി അയ്യായിരത്തിലധികം കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഒരു ദിവസം പോലും മരണ നിരക്ക് 150നു മുകളിൽ പോയിട്ടില്ല. ശരാശരി 109 മരണമാണ് മേയ് 10 മുതൽ 15 വരെ രേഖപ്പെടുത്തിയതെങ്കിൽ മേയ് 16 മുതൽ 21 വരെയുള്ള കണക്കുകളിൽ അത് 138 ആയി ഉയർന്നിട്ടുണ്ട്.

നിലവിൽ ഇന്ത്യയിൽ വൈറസ് വ്യാപനത്തിന്റെ സ്ഥിതി പരിശോധിക്കുമ്പോഴും ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനു ശേഷമുള്ള കണക്കായതിനാലും ഇത് കുറഞ്ഞ നിരക്കാണ്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേസുകളുടെ ശരാശരിയും മരണനിരക്കും മറ്റു രാജ്യങ്ങളും ഇന്ത്യയുമായി താരതമ്യം ചെയ്താൽ വ്യത്യാസം കൃത്യമായി അറിയാൻ സാധിക്കും. ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ അതിഭീകര സാഹചര്യമുണ്ടായത് മേയ് 16 മുതൽ 21 വരെയുള്ള സമയത്താണ്. ഈ കാലയളവിൽ ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും തമ്മിലുള്ള അനുപാതം 39.18 ആയിരുന്നു.

ഏപ്രിൽ ആറു മുതൽ 11 വരെയുള്ള തുടർച്ചയായ ദിവസങ്ങളിലാണ് യുഎസിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 30,000 ലധികം കേസുകളാണ് ഈ ദിവസങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്തത്. 2045 ആണ് ഈ സമയത്തെ ശരാശരി മരണനിരക്ക്. കോവിഡ് വ്യാപനത്തിന്റെ പാരമ്യഘട്ടത്തിൽ യുഎസിൽ കേസുകളുടെ എണ്ണവും മരണവും തമ്മലുള്ള അനുപാതം 16 ആയിരുന്നു. യുകെയിലും ഇറ്റലിയിലും ഇത് ഏകദേശം 6.29, 7.18 എന്നീ രീതിയിലും ആയിരുന്നു.

കോവിഡ്-19 മരണങ്ങൾ നിയന്ത്രിക്കുന്നതിനുള്ള മാതൃകയായി വാഴ്ത്തപ്പെട്ട ജർമനിക്കും ഇന്ത്യയ്ക്ക് സമാനമായ അനുപാതമാണ്(37.27). എന്നാൽ ജർമനിയുടെ കാര്യത്തിൽ കോവിഡ് വ്യാപനം കൂടുതലുള്ള സമയത്തല്ല മരണനിരക്ക് ഉയർന്നത് എന്നതാണ് വ്യത്യാസം. മാർച്ച് 14 മുതൽ ഏപ്രിൽ 4 വരെയുള്ള കാലത്താണ് ജർമനിയിൽ കൂടുതൽ കേസുകൾ‌ റിപ്പോർട്ട് ചെയ്തത്. എന്നാൽ മരണസംഖ്യയിൽ വർധനവ് രേഖപ്പെടുത്തിയതാകട്ടെ ഏപ്രിൽ 3 മുതൽ 18 വരെയുള്ള സമയത്തും. ഏറ്റവും മോശം ഘട്ടത്തി(മേയ് 7-12)ലാണ് റഷ്യയിൽ 115 മരണങ്ങൾ രേഖപ്പെടുത്തുന്നതിൽ അതിശയിക്കാനില്ല, കാരണം രാജ്യത്തുനിന്നുള്ള മരണങ്ങളെക്കുറിച്ച് ഗുരുതരമായ മറ്റു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

രോഗബാധിതരുടെ എണ്ണത്തിൽ വർധന ഉണ്ടാകുമ്പോഴും അവരുടെ ജിവൻ നഷ്ടപ്പെടാതിരിക്കാൻ ഇന്ത്യ ശ്രമിക്കുന്നു എന്നതാണ് തികച്ചും വിജയകരമായി ഘടകം. ഇതുവരെ 3720 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 70,000 വരെ കേസുകൾ റജിസ്റ്റർ ചെയ്ത 14 രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ മരണനിരക്ക് രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടേത് റഷ്യ, പെറു, തുർക്കി എന്നിവർക്കു ശേഷം നാലാം സ്ഥാനത്താണ്. എന്നാൽ മോസ്കോ, ഇസ്താംബുൾ എന്നിവിടങ്ങളിൽനിന്ന് ഔദ്യോഗികമല്ലാത്ത മരണസംഖ്യ കണക്കുകൾ പുറത്തുവരുന്നുണ്ട്. 6.44 ശതമാനമാണ് ബ്രസീലിന്റെ മരണനിരക്ക്. യുഎസ്(5.94%), സ്പെയിൻ (9.97%), ഇറ്റലി(14.24%), ഫ്രാൻസ്(15.52%) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ കോവിഡ് മരണനിരക്ക്.

ഇന്ത്യയിൽ കോവിഡ് ടെസ്റ്റുകളും മരണവും തമ്മിലുള്ള അനുപാതത്തിൽ റഷ്യയ്ക്കു തൊട്ടുപിന്നിലായ ഇന്ത്യയുടെ എണ്ണം 755 ആണ്. ബ്രസീലിൽ ഓരോ 37 ടെസ്റ്റിലും ഒരു മരണം റിപ്പോർട്ട് ചെയ്യുന്നു. ഫ്രാൻസ്–49, യുകെ–86, ഇറ്റലി–100, യുഎസ്എ–140, കാനഡ–224, ജർമനി–432 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ ചിത്രം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരണനിരക്ക് കുറയുന്നതിന് വിവിധ കാരണങ്ങളുണ്ട്. 

രാജ്യത്തിന്റെ ജനസംഖ്യയിൽ കൂടുതൽ യുവാക്കളാണെന്നുള്ളത് അനുകൂല ഘടകമാണ്.കോവിഡ് വ്യാപനം സ്ഥിരീകരിച്ചപ്പോൾ തന്നെ നടപ്പിലാക്കിയ ചിട്ടയായ ലോക്ഡൗണും അതിന്റെ വിവിധ ഘട്ടങ്ങളുമാണ് മരണനിരക്ക് കുറയ്ക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ക്ഷയരോഗത്തിനെതിരെ ഉപയോഗിക്കുന്ന ബിസിജി വാക്സിൻ, ചൂടുള്ള താപനില, വൈറസിന്റെ നേരിയ സ്ട്രെയിൻ തുടങ്ങിയവയെല്ലാം  അനുകൂല ഘടകങ്ങളാണ്.

English Summary: Behind the Numbers: India Has Managed to Contain Covid-19 Deaths Despite Surge in Cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA